ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ യുവതാരം യശസ്വി ജെയ്‌സ്വാളിന് ശുഭ്മന്‍ ഗില്ലിനെ മറികടക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. 2023ല്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത്.
വെറും 15 റണ്‍സ് തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്താല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓപ്പണര്‍ക്ക് ഗില്ലിനെ മറികടക്കാന്‍ സാധിക്കും. ഈ വര്‍ഷം ഐ.പി.എല്ലിലും ഇന്ത്യന്‍ ടീമിനും വേണ്ടി തിളങ്ങിയാണ് ജെയ്‌സ്വാള്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത്.
1194 റണ്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗില്ലിന്റെ പേരിലുള്ളത്. 1179 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.
എന്നാല്‍ ഗില്ലിനെ മറികടന്നാലും ജെയ്‌സ്വാളിന് എത്ര സമയം ഒന്നാം സ്ഥാനത്ത് തുടരാന്‍ സാധിക്കുമെന്നത് സംശയമാണ്. പട്ടികയില്‍ തൊട്ടുപിന്നിലായി നായകന്‍ സൂര്യകുമാര്‍ യാദവും ഋതുരാജ് ഗെയ്ക്വാദും സ്ഥാനം പിടിച്ചിട്ടുണ്ട്. ഓസീസിനെതിരായ പരമ്പരയിലെ സ്‌ക്വാഡിലുള്ള ഇരുവര്‍ക്കും ഗില്ലിനെ മറികടക്കാനും ഒന്നാം സ്ഥാനത്തേക്ക് കയറാനും സാധിക്കും.
2023ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
1,194 – ശുഭ്മന്‍ ഗില്‍
1,179 – യശസ്വി ജെയ്‌സ്വാള്‍
1,176 – സൂര്യകുമാര്‍ യാദവ്
1,157 – ഋതുരാജ് ഗെയ്ക്വാദ്
അതേസമയം, മൂന്നാം മത്സരത്തിലേറ്റ പരാജയം മറികടക്കാനാണ് ഇന്ത്യ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് റായ്പൂരില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.