| Monday, 27th November 2023, 8:40 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാടിനെയും തകര്‍ത്ത് കുതിപ്പ് തുടരുന്നു; ഇവനാണ് ഇന്ത്യയുടെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് 191 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.

ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജെയ്‌സ്വാള്‍ 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 32 പന്തില്‍ 52 റണ്‍സാണ് കിഷന്‍ നേടിയത്.

അവസാന ഓവറിലെ രണ്ടാം പന്തില്‍ നഥാന്‍ എല്ലിസിന് ക്യാച്ച് നല്‍കി പുറത്താകും മുമ്പ് തന്റെ പേരില്‍ 58 റണ്‍സ് എഴുതിച്ചേര്‍ത്താണ് ഗെയ്ക്വാദ് തിരിച്ചുനടന്നത്. 43 പന്തില്‍ നിന്നുമാണ് താരം 58 റണ്‍സ് നേടിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ പല റെക്കോഡുകളും ജെയ്‌സ്വാളിനെയും ടോപ് ഓര്‍ഡറിനെയും തേടിയെത്തിയിരുന്നു. പവര്‍പ്ലേ അവസാനിക്കും മുമ്പ് ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയപ്പോള്‍, ഫുള്‍ മെമ്പേഴ്‌സിനിടയില്‍ ഒരു അന്താരാഷ്ട്ര ടി-20യില്‍ ആദ്യ മൂന്ന് താരങ്ങളും അര്‍ധ സെഞ്ച്വറി നേടിയ രണ്ടാമത് ടീം എന്ന നേട്ടത്തിലേക്ക് ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്വാദിനുമൊപ്പം ജെയ്‌സ്വാളും ഇന്ത്യയെ കൈപിടിച്ചുനടത്തി.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ആദ്യ ഒമ്പത് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ജെയ്‌സ്വാള്‍ തരംഗമായത്.

ഇതിന് പുറമെ ആദ്യ ഒമ്പത് മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച റണ്‍ റേറ്റിന്റെ റെക്കോഡും ഈ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുടെ പേരിലാണ്.

ആദ്യ ഒമ്പത് അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്നും ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

കെ.എല്‍. രാഹുല്‍ – 365 – 144.84

ഗൗതം ഗംഭീര്‍ – 312 – 130.54

യശസ്വി ജെയ്‌സ്വാള്‍ – 306 – 172.88

ദീപക് ഹൂഡ – 293 – 155.85

വിരാട് കോഹ്‌ലി – 278 – 134.30

അതേസമയം, പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ തിരക്കിലാണ് ജെയ്‌സ്വാള്‍. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ നവംബര്‍ 28ന് നടക്കുന്ന മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. അസമിലെ ബര്‍സാപര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഓസീസീന് മറ്റൊരു തോല്‍വി താങ്ങാവുന്നതിലും അപ്പുറമായിരിക്കും. സീരീസ് സജീവമായി നിലനിര്‍ത്താനും പരമ്പര നഷ്ടപ്പെടുത്താതിരിക്കാനുമാകും ഓസീസ് ബര്‍സാപരയിലേക്കിറങ്ങുന്നത്.

Content highlight: Yashasvi Jaiswal becomes third highest run getter after 9 T20I innings

We use cookies to give you the best possible experience. Learn more