ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ക്രിക്കറ്റില്‍ നേപ്പാളിനെ തോല്‍പിച്ച് ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ 23 റണ്‍സിനാണ് ഇന്ത്യ നേപ്പാളിനെ തകര്‍ത്തുവിട്ടത്. യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജെയ്‌സ്വാളിന്റെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ജെയ്‌സ്വാള്‍ പടുത്തുയര്‍ത്തിയത്.
23 പന്തില്‍ 25 റണ്‍സുമായി ഗെയ്ക്വാദ് പുറത്തായപ്പോഴും പിന്നാലെയെത്തിയ തിലക് വര്‍മയും (പത്ത് പന്തില്‍ രണ്ട്) ജിതേഷ് ശര്‍മയും (നാല് പന്തില്‍ അഞ്ച്) വളരെ പെട്ടെന്ന് തിരിച്ചുനടന്നെങ്കിലും ജെയ്‌സ്വാള്‍ അടി തുടര്‍ന്നു.
ഒടുവില്‍ ടീം സ്‌കോര്‍ 150ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ജെയ്‌സ്വാള്‍ പുറത്തായി. 49 പന്തില്‍ ഏഴ് സിക്‌സറും എട്ട് ബൗണ്ടറിയുമടക്കം 100 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 204.08 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജെയ്‌സ്വാള്‍ റണ്‍സ് നേടിയത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ മറികടന്നുകൊണ്ടാണ് ജെയ്‌സ്വാള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്ത്യക്കായി ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ താരം
(താരം – സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
യശസ്വി ജെയ്‌സ്വാള്‍ – 21 വയസും 279 ദിവസവും – നേപ്പാള്‍ – 2023
ശുഭ്മന്‍ ഗില്‍ – 23 വയസും 146 ദിവസവും – ന്യൂസിലാന്‍ഡ് – 2023
സുരേഷ് റെയ്‌ന – 23 വയസും 156 ദിവസവും – സൗത്ത് ആഫ്രിക്ക – 2010
ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. ജെയ്‌സ്വാളിന് പുറമെ റിങ്കു സിങ് (15 പന്തില്‍ 37), ശിവം ദുബെ (19 പന്തില്‍ 25) എന്നിവരും തകര്‍ത്തടിച്ചു.
2023 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ നേപ്പാളിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ദീപേന്ദ്ര സിങ് ഐറി, സുന്ദീപ് ജോറ, കുശാല്‍ ഭര്‍ട്ടല്‍, കുശാല്‍ മല്ല എന്നിവരുടെ ചെറുത്ത് നില്‍പും നേപ്പാളിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായിരുന്നില്ല.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 179 റണ്‍സ് എന്ന നിലയില്‍ നേപ്പാള്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്കായി രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി. സായ് കിഷോറാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Yashasvi Jaiswal becomes the youngest player to score a century for India in T20