Sports News
ചരിത്രം കുറിച്ച് ജെയ്‌സ്വാള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നാലാമന്‍
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-2ന് ഒപ്പമെത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട് 2-0ന് പിന്നില്‍ നിന്നതിന് ശേഷമാണ് ഇന്ത്യയുടെ അത്യുഗ്രന്‍ തിരിച്ചുവരവ്.
കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒമ്പത് വിക്കറ്റും 18 പന്തും കയ്യിലിരിക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും ഷായ് ഹോപ്പിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലാണ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ഹെറ്റി അര്‍ധ സെഞ്ച്വറി തികച്ച മത്സരത്തില്‍ ഹോപ് അര്‍ധ സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ കാലിടറി വീണു.
39 പന്തില്‍ നിന്നും 61 റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്തായപ്പോള്‍ 29 പന്തില്‍ നിന്നും 45 റണ്‍സായിരുന്നു ഹോപ്പിന്റെ സമ്പാദ്യം. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന മികച്ച ടോട്ടലുമായി ആതിഥേയര്‍ തിളങ്ങി.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകളും പിഴുതെറിഞ്ഞു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതലേ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ശുഭ്മന്‍ ഗില്ലിനൊപ്പം യശസ്വി ജെയ്‌സ്വാളും ക്രീസിലെത്തിയതോടെ കളി ഇന്ത്യയുടെ കൈകളിലായി. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഒരു നിമിഷം പോലും ആ ഡൊമിനേഷന്‍ കൈവിടാതെ സൂക്ഷിച്ച ഗില്ലും ജെയ്‌സ്വാളും അര്‍ധ സെഞ്ച്വറി തികച്ചു.
11 ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 51 പന്തില്‍ ജെയ്‌സ്വാള്‍ പുറത്താകാതെ 81 റണ്‍സടിച്ചപ്പോള്‍ 47 പന്തില്‍ 77 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 16ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്‍ പുറത്താകുമ്പോള്‍ 14 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. തിലക് വര്‍മയെ കൂട്ടുപിടിച്ച് (അഞ്ച് പന്തില്‍ ഏഴ്) ജെയ്‌സ്വാള്‍ അതും അടിച്ചെടുത്തു.
ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന പ്രായം കുറഞ്ഞ നാലാമത് താരം എന്ന റെക്കോഡാണ് ജെയ്‌സ്വാള്‍ നേടിയത്. രോഹിത് ശര്‍മ, തിലക് വര്‍മ, റിഷബ് പന്ത് എന്നിവര്‍ക്കൊപ്പമാണ് ജെയ്‌സ്വാള്‍ പട്ടികയില്‍ ഇടം നേടിയത്.
അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങള്‍
രോഹിത് ശര്‍മ – 20 വയസും 143 ദിവസവും.
തിലക് വര്‍മ – 20 വയസും 217 ദിവസവും.
റിഷബ് പന്ത് – 21 വയസും 38 ദിവസവും.
യശസ്വി ജെയ്‌സ്വാള്‍ – 21 വയസും 227 ദിവസവും.
അതേസമയം, ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുടീമും 2-2ന് സമനില പാലിക്കുന്നതിനാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ ഞായറാഴ്ചയാണ് സീരീസ് ഡിസൈഡര്‍ മത്സരം.
Content highlight: Yashasvi Jaiswal becomes the fourth youngest Indian batter to score half centaury in T20Is