|

ഒരു വെടിക്ക് രണ്ട് പക്ഷി; ഗില്ലും ജെയ്‌സ്വാളും കത്തിക്കേറിയത് ഇരട്ട റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ജെയ്‌സ്വാള്‍ 53 പന്തില്‍ 93 റണ്‍സാണ് നേടിയത്. 13 ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. ഗില്‍ 39 പന്തില്‍ 58 റണ്‍സും നേടി. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പുറകെ രണ്ട് മിന്നും നേട്ടങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. ടി-20 ഇന്റര്‍നാഷനില്‍ ചെയ്‌സിങ്ങില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും നേടിയത്. ഈ ലിസ്റ്റില്‍ ഒന്നാമതും ഗില്ലിന്റെയും ജെയ്‌സ്വാളിന്റെയും കൂട്ട്‌കെട്ട് തന്നെയാണ്.

ടി-20 ഇന്റര്‍നാഷനില്‍ ചെയ്‌സിങ്ങില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യയക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്, റണ്‍സ്, എതിരാളി, വര്‍ഷം

യശസ്വി ജെയ്‌സ്വാള്‍ & ശുഭ്മന്‍ ഗില്‍ – 165* – വെസ്റ്റ് ഇന്‍ഡീസ് – 2023

യശസ്വി ജെയ്‌സ്വാള്‍ & ശുഭ്മന്‍ ഗില്‍ – 156* – സിംബാബ്‌വേ – 2024*

ശിഖര്‍ ധവാന്‍ & റിഷബ് പന്ത് – 130* – വെസ്റ്റ് ഇന്‍ഡീസ് – 2018

രോഹിത് ശര്‍മ & കെ.എല്‍. രാഹുല്‍ – 123* – ഇംഗ്ലണ്ട് – 2018

മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് നേടുന്ന അഞ്ചാമത്ത ജോഡിയാവാനും ഗില്ലിനും ജെയ്‌സ്വാളിനും സാധിച്ചു. ഈ ലിസ്റ്റില്‍ രോഹിത് ശര്‍മയും കെ.എല്‍. രാഹുല്‍ നേടിയ 165 റണ്‍സിന്റെ സ്‌കോറാണ് മുന്നില്‍.

അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെ, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

28 പന്തില്‍ 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സുകളും സിക്സുകളും രണ്ട് ഫോറുകളുമാണ് റാസ നേടിയത്. റാസക്കു പുറമേ താഡിവാ നശേ മരുമാണി 31 പന്തില്‍ 32 റണ്‍സും വെസ്ലി മധേവേരെ 24 പന്തില്‍ 25 റണ്‍സും നേടി നിര്‍ണായകമായി.

നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍  3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ജൂലൈ 14ന് ഹരാരെയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Content Highlight: Yashasvi Jaiswal And Shubhman Gill In Record Achievement