ക്രിക്കറ്റ് ലോകത്ത് വീശിയടിച്ചത് ഇന്ത്യയുടെ ഇരട്ടക്കൊടുങ്കാറ്റ്; വീണ്ടും റെക്കോഡ് പരമ്പര!
Sports News
ക്രിക്കറ്റ് ലോകത്ത് വീശിയടിച്ചത് ഇന്ത്യയുടെ ഇരട്ടക്കൊടുങ്കാറ്റ്; വീണ്ടും റെക്കോഡ് പരമ്പര!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th July 2024, 6:22 pm

2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇന്ത്യയുടെ യുവ നിരയാണ് സിംബാബ്‌വെയുമായിട്ടുള്ള പരമ്പരയ്ക്ക് ഇറങ്ങിയത്. യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പവും വൈസ് ക്യാപ്റ്റന്‍ സംഞ്ജു സാംസണിനൊപ്പവും ഇന്ത്യ മിന്നും പ്രകടനം കാഴ്ചവെച്ച് 4-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. 2024 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വര്‍ഷം തന്നെയാണ്.

ഇതോടെ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും 2024 ടി-20 ലോകകപ്പ് ഹീറോ ജസ്പ്രീത് ബുംറയും ഒരു തകര്‍പ്പന്‍ നേട്ടമാണ് റാഞ്ചിയെടുത്തത്. 2024ല്‍ ഇതുവരെ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. അതേസമയം ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ബുംറയ്ക്കും സാധിച്ചു.

2024ല്‍ 953 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. ഇതില്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ നിന്ന് 712 റണ്‍സാണ് താരം സ്വന്തമാക്കിയത്. സിംബാബ്‌വെയ്‌ക്കെതിരെ 141 റണ്‍സും താരം നേടിയിരുന്നു. ബുംറ 2024ല്‍ 42 വിക്കറ്റുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

 

Content highlight: Yashasvi Jaiswal And Jasprit Bumrah In Record Achievement