41ാം വയസില്‍ ആന്‍ഡേഴ്‌സനെ അടിച്ച് റെക്കോഡിട്ടത് 22കാരന്‍; ഇംഗ്ലണ്ടിനെ ബാസ്‌ബോള്‍ പഠിപ്പിച്ചവനേയും തകര്‍ത്തു
Sports News
41ാം വയസില്‍ ആന്‍ഡേഴ്‌സനെ അടിച്ച് റെക്കോഡിട്ടത് 22കാരന്‍; ഇംഗ്ലണ്ടിനെ ബാസ്‌ബോള്‍ പഠിപ്പിച്ചവനേയും തകര്‍ത്തു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 2:49 pm

ഇംഗ്ലണ്ടിനെതിരെ രാജ്ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ വിജയത്തിന് പിന്നിലെ മറ്റൊരു നിര്‍ണായകഘടകം ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനമാണ്.

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയിലാണ് ടീം പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 236 പന്തില്‍ നിന്ന് 214 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 12 സിക്സറുകളും 14 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മൂന്നാം ടെസ്റ്റിലെ നാലാം ദിനം കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ പന്തെറിയാനെത്തിയ ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസര്‍ ജെയിംസ് ആന്റേഴ്സനെതിരെയും മിന്നും റെക്കോഡാണ് ജെയ്‌സ്വാള്‍ നേടിയത്. നാല് സിക്സറുകള്‍ പറത്തിയാണ് ജയ്സ്വാള്‍ മറ്റൊരു നിര്‍ണായക നേട്ടം കൂടെ സ്വന്തമാക്കിയത്. ആന്റേഴ്സനെതിരെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരം എന്ന ബഹുമതിയാണ് 22കാരന്‍ ജെയ്‌സ്വാളിനെ തേടി എത്തിയത്.

ആന്റേഴ്സനെതിരെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരം, ടീം, സിക്‌സര്‍ എന്ന ക്രമത്തില്‍

യശസ്വി ജയ്സ്വാള്‍ – ഇന്ത്യ – 4*

ബ്രണ്ടന്‍ മക്കല്ലം – ന്യൂസിലാന്‍ഡ് – 3

ജോര്‍ജ്ജ് ബെയ്ലി – ഓസ്‌ട്രേലിയ – 3

ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ജയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു. സിംബാബ്വെയ്‌ക്കെതിരെ 12 സിക്സറുകള്‍ അടിച്ചുകൂട്ടിയ പാകിസ്ഥാന്‍ താരം വസീം അക്രത്തിന്റെ കൂടെയാണ് താരം ഈ നേട്ടം പങ്കിടുന്നത്.

 

Content Highlight: Yashasvi Jaiswal Achieve Another Record