ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് യുവതാരം യശസ്വി ജെയ്‌സ്വാള്‍ ആരാധകരുടെ പ്രശംസയൊന്നാകെ ഏറ്റവുവാങ്ങിയത്. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും രണ്ട് ഇരട്ട സെഞ്ച്വറിയടക്കം 712 റണ്‍സാണ് താരം നേടിയത്. ഇതിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും എണ്ണിയൊലൊടുങ്ങാത്ത റെക്കോഡ് നേട്ടങ്ങളും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു.
എതിരാളികളും ക്രിക്കറ്റ് അനലിസ്റ്റുകളും യശസ്വി ജെയ്‌സ്വാളിന്റെ നേട്ടങ്ങളെ വാഴ്ത്തുമ്പോള്‍ ഓപ്പണിങ് പാര്‍ട്ണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ താരത്തെ കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.
ഇപ്പോള്‍ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ജെയ്‌സ്വാള്‍. രോഹിത് ശര്‍മക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ജെയ്‌സ്വാള്‍ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജെയ്‌സ്വാള്‍ ഇക്കാര്യം പറഞ്ഞത്.
‘അദ്ദേഹം ഡ്രസ്സിങ് റൂമില്‍ ഉണ്ട് എന്നതുതന്നെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തിന് കീഴില്‍ കളിക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഈ നിമിഷം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങളും നിമിഷങ്ങളുമുണ്ട്. അത് എന്റെയുള്ളില്‍ തന്നെ നില്‍ക്കട്ടെ.
ഈ യാത്രയിലുടനീളം അദ്ദേഹം താരങ്ങളെ പിന്തുണച്ച രീതി, അദ്ദേഹം സംസാരിക്കുന്നത്, അദ്ദേഹത്തിന്റെ ബാറ്റിങ് രീതികള്‍ എല്ലാം എനിക്കിഷ്ടമാണ്. എന്ത് തന്നെ സംഭവിച്ചാലും അദ്ദേഹം നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇത്തരത്തില്‍ ഒരു ഗുണം നിങ്ങളുടെ ലീഡറില്‍ ഉണ്ടായിരിക്കുക എന്നത് തന്നെ വളരെ വലിയ കാര്യമാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കുന്നത് തുടരും,’ ജെയ്‌സ്വാള്‍ പറഞ്ഞു.
ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള രോഹിത് ശര്‍മയുടെ ഉപദേശത്തെ കുറിച്ചും ജെയ്‌സ്വാള്‍ പറഞ്ഞു.
‘മത്സരത്തിന്റെ ഒരു വേളയില്‍ അദ്ദേഹം എന്റെയടുത്ത് വന്ന് ആ ഷോട്ട് നേരെ കളിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ നേരെയടിക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചയില്‍ പെടാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടി വരും.
അദ്ദേഹത്തിന് എല്ലാം അറിയാം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി. എന്ത് സംഭവിക്കുന്നു എന്നതിനെ പറ്റി അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. മറ്റൊരു ലെവലാണ്. അദ്ദേഹത്തിനൊപ്പം ചെലവഴിക്കാന്‍ തന്നെ രസമാണ്,’ ജെയ്‌സ്വാള്‍ പറഞ്ഞു.
എന്നാല്‍ ഇനിയുള്ള കുറച്ചു നാളുകളില്‍ ജെയ്‌സ്വാളിന്റെ എതിര്‍ ചേരിയിലായിരിക്കും രോഹിത് ശര്‍മ. ഐ.പി.എല്ലില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെയും ജെയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ഓപ്പണിങ് ബാറ്റര്‍മാരാണ്. ഒപ്പമുണ്ടായിരുന്നവര്‍ നേര്‍ക്കുനേര്‍ വരുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.
Content highlight: Yashasvi Jaiswal about Rohit Sharma