ഐ.പി.എല്ലിലെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരിലാക്കിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ ബാറ്ററായ യശസ്വി ജെയ്‌സ്വാള്‍ ചരിത്രപുസ്തകത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. വെറും 13 പന്തില്‍ നിന്നുമായിരുന്നു ജെയ്‌സ്വാള്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
14 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കെ.എല്‍. രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും പേരിലുള്ള ജോയിന്റ് റെക്കോഡ് തകര്‍ത്താണ് ജെയ്‌സ്വാള്‍ റെക്കോഡ് സ്വന്തമാക്കിയത്. ടി-20യിലെ ഏറ്റവും വേഗമേറിയ രണ്ടമത് അര്‍ധ സെഞ്ച്വറിയും ഇത് തന്നെയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ട് നടത്തിയാണ് താരം റെക്കോഡിലേക്കുള്ള ചുവടുവെപ്പ് നടത്തിയത്. 26 റണ്‍സായിരുന്നു താരം ആദ്യ ഓവറില്‍ നേടിയെടുത്തത്.
ആദ്യ ഓവര്‍ നിതീഷ് റാണ പന്തെറിയാനെത്തിയതുകണ്ടപ്പോഴുള്ള തന്റെ തോന്നലിനെ കുറിച്ച് പറയുകയാണ് ജെയ്‌സ്വാള്‍. പോസ്റ്റ് മാച്ച് പ്രെസെന്റേഷനിലാണ് ജെയ്‌സ്വാള്‍ ഇക്കാര്യം പറഞ്ഞത്.
‘എനിക്കൊരു അത്ഭുതവും തോന്നിയില്ല. ആദ്യ ഓവര്‍ ഏതെങ്കിലും സ്പിന്നറെ കൊണ്ട് ചെയ്യിക്കുമെന്നാണ് ഞാനും കരുതിയിരുന്നത്. നിതീഷ് ഭായ് പന്തെറിയാനെത്തിയത് കണ്ടപ്പോള്‍ മാക്‌സിമം റണ്‍സ് നേടാന്‍ മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. ആദ്യ പന്ത് അദ്ദേഹം എവിടെയെറിയും എന്ന് അറിയാത്തതുകൊണ്ട് ഞാന്‍ സ്വയം പിന്തുണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഫീല്‍ഡ് പ്ലേസ്‌മെന്റ് നോക്കി അദ്ദേഹം എവിടെയായിരിക്കും പന്തെറിയുക എന്ന് ഞാന്‍ കണക്കുകൂട്ടിയിരുന്നു. അത് കണക്കുകൂട്ടിയാണ് ഞാന്‍ എന്റെ ഷോട്ടുകള്‍ കളിച്ചത്,’ ജെയ്‌സ്വാള്‍ പറഞ്ഞു.
രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് റാണയുടെ ആദ്യ ഓവറില്‍ ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
നിതീഷ് റാണയെറിഞ്ഞ ആദ്യ പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പറന്നപ്പോള്‍ രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയാണ് അതിര്‍ത്തി കടന്നത്.
മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടിയ ജെയ്സ്വാള്‍ അഞ്ചാം പന്തില്‍ ഡബിളോടി സ്ട്രൈക്ക് നിലനിര്‍ത്തി. അവസാന പന്തില്‍ മറ്റൊരു ബൗണ്ടറിയും നേടിയാണ് ജെയ്സ്വാള്‍ നിതീഷിനെ കരയിച്ചത്.
മത്സരത്തില്‍ 47 പന്തില്‍ 98 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. സീസണില്‍ ഇതുവരെ 12 മത്സരത്തില്‍ നിന്നും 52.27 എന്ന ശരാശരിയില്‍ 575 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.
Content Highlight: Yashasvi Jaiswal about Nitish Rana’s first over