| Thursday, 27th April 2023, 10:01 pm

ആര് പന്തെറിയുന്നു എന്നൊന്നും നോക്കാറില്ല, ഒരു മയവും ഇല്ലാതെ അടിക്കുക മാത്രമാണ് ചെയ്യുക 🏏🔥: ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 37ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. രാജസ്ഥാന്റെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

രാജസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മത്സരത്തിലെ ആദ്യ രണ്ട് പന്തിലും ആകാശ് സിങ്ങിനെ ബൗണ്ടറിയടിച്ചുകൊണ്ടാണ് ജെയ്‌സ്വാള്‍ തുടങ്ങിയത്.

ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നപ്പോള്‍ രണ്ടാം ഓവറില്‍ പത്ത് റണ്‍സും പിറന്നു. മൂന്നാം ഓവര്‍ അവസാനിച്ചപ്പോഴേക്കും ടീം സ്‌കോര്‍ 42ലെത്തിയപ്പോള്‍ പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.

യുവതാരം യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന്‍ റോയല്‍സ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 43 പന്തില്‍ നിന്നും 77 റണ്‍സാണ് താരം നേടിയത്. 179.07 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ജെയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ പടുകൂറ്റന്‍ സ്‌കോറിലേക്കെത്തിയിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

ഇതിനിടെ രാജസ്ഥാന്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോ തരംഗമാവുകയാണ്. തന്റെ ബാറ്റിങ് ശൈലിയെ കുറിച്ച് ജെയ്‌സ്വാള്‍ പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്.

‘ഞാന്‍ പന്തിനെ മാത്രമേ നോക്കാറുള്ളൂ. ആരാണ് പന്തെറിയുന്നതെന്നും ഞാന്‍ നോക്കാറില്ല. ഞാന്‍ പന്തിനെ കൃത്യമായി നോക്കുക മാത്രമാണ് വേണ്ടത്. അവര്‍ പന്തെറിയുമ്പോള്‍ ഞാനത് കളിക്കുക മാത്രമാണ് ചെയ്യേണ്ടത്,’ വീഡിയോയില്‍ ജെയ്‌സ്വാള്‍ പറഞ്ഞു.

ജെയ്‌സ്വാളിന് പുറമെ യുവതാരം ധ്രുവ് ജുറെലും ചെന്നൈ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചിരുന്നു. 15 പന്തില്‍ നിന്നും 34 റണ്‍സടിച്ചാണ് താരം രാജസ്ഥാന്‍ നിരയില്‍ നിര്‍ണായകമായത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് ജുറെലിന്റെ വെടിക്കെട്ടിലുണ്ടായിരുന്നത്. 226.69 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഇവര്‍ക്ക് പുറമെ ദേവ്ദത്ത് പടിക്കലും ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയിരുന്നു. 13 പന്തില്‍ നിന്നും 27 റണ്‍സാണ് താരം നേടിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പന്തെറിഞ്ഞവരില്‍ പലരും കാര്യമായി റണ്‍സ് വഴങ്ങിയിരുന്നു. സി.എസ്.കെ നിരയില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മഹീഷ് തീക്ഷണയുമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

Content Highlight: Yashasvi Jaiswal about his batting

We use cookies to give you the best possible experience. Learn more