|

ഒറ്റ പന്തിൽ 12 റൺസ്! ടി-20 ചരിത്രത്തിലെ ആദ്യ താരമായി ജെയ്‌സ്വാൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വേയെ 42 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിം ബാബ് വേ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേ 18.3 ഓവറില്‍ 125 റണ്‍സിന് പുറത്താവുകയായിരുന്നു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് സിക്സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ശിവം ദുബെ 12 പന്തില്‍ 26 റണ്‍സും റിയാന്‍ പരാഗ് 24 പന്തില്‍ 22 റണ്‍സും നേടി നിര്‍ണായകമായി.

മത്സരത്തില്‍ യുവതാരം യശസ്വി ജെയ്സ്വാള്‍ അഞ്ച് പന്തില്‍ 12 റണ്‍സ് നേടിയാണ് പുറത്തായത്. സിക്കന്ദര്‍ റാസയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. എന്നാല്‍ ജെയ്‌സ്വാള്‍ നേടിയ 12 റണ്‍സിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്.

റാസ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോള്‍ ആയിരുന്നു. ഈ പന്തില്‍ സിക്‌സര്‍ നേടി കൊണ്ടാണ് ജെയ്സ്വാള്‍ ഇന്നിങ്‌സ് തുടങ്ങിയത്. ഫ്രീഹിറ്റ് ആയ രണ്ടാം പന്തും സിക്‌സ് നേടുകയായിരുന്നു ജെയ്‌സ്വാള്‍. ഇതോടെ ടി-20യില്‍ നേരിടുന്ന ആദ്യത്തെ ലീഗല്‍ ബോളില്‍ 12 റണ്‍സ് നേടുന്ന ആദ്യ താരമായി മാറാനാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ക്ക് സാധിച്ചത്.

അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ മുകേഷ് കുമാര്‍ നാല് വിക്കറ്റും ദുബെ രണ്ട് വിക്കറ്റും അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ സിംബാബ്‌വേ തകര്‍ന്നടിയുകയായിരുന്നു.

Content Highlight: Yashashvi Jaiswal Create a new Record