കെ.ജി.എഫ് ചാപ്റ്റര്‍ ടു എന്ന എപിക് ഹിറ്റിന് ശേഷം ഒരു വര്‍ഷമായിട്ടും മറ്റ് ചിത്രങ്ങളൊന്നും തെന്നിന്ത്യന്‍ താരം യഷ് പ്രഖ്യാപിച്ചിരുന്നില്ല. പല ഇന്‍ഡസ്ട്രികളില്‍ നിന്നുമായി നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന മികച്ചൊരു സിനിമക്കായാണ് അദ്ദേഹം കാത്തിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
നേരത്തെ അയാന്‍ മുഖര്‍ജിയുടെ ബ്രഹ്‌മാസ്ത്ര പാര്‍ട്ട് ടുവിലെ കേന്ദ്രകഥാപാത്രമായ ദേവിനെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് ഓഫര്‍ വന്നിരുന്നുവെങ്കിലും നിരസിച്ചു എന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പിന്നീട് ചിത്രത്തിലേക്ക് രണ്‍വീര്‍ സിങ്ങെത്തും എന്നും സൂചനകളുണ്ടായിരുന്നു. യഷിന് വീണ്ടും ബോളിവുഡില്‍ നിന്നും ഒരു വമ്പന്‍ ഓഫര്‍ എത്തി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ രാവണനായി അഭിനയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചുവെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, സുശാന്ത് സിങ് നായകനായ ചിച്ചേരേ മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിതേഷ് തിവാരി. നിര്‍മാതാവ് മധു മണ്ടേനയും നിതേഷ് തിവാരിയും യഷുമായി ചര്‍ച്ച നടത്തിയെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
‘വ്യത്യസ്തമായ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് യഷ് കാത്തിരിക്കുന്നത്. പല ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള കഥകള്‍ യഷ് കേള്‍ക്കുന്നുണ്ട്. അതില്‍ നിന്നും നാലോ അഞ്ചോ സ്‌ക്രിപ്റ്റ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്ടാവാന്‍ സാധ്യതയുണ്ട്. ഈ ലിസ്റ്റിലൊന്ന് നിതേഷ് തിവാരിയുടെ രാമായണമാണ്.
സിനിമയുടെ പ്രീ വിഷ്വലൈസേഷന്‍ കണ്ട് യഷിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. രാമായണ ടീമിനൊപ്പം അദ്ദേഹം മീറ്റിങ്ങുകള്‍ നടത്തുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ അദ്ദേഹം അടുത്ത ചിത്രത്തെ പറ്റി സംസാരിക്കും,’ ചിത്രത്തോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. രാമായണത്തിന് പുറമേ മറ്റൊരു സയന്‍സ് ഫിക്ഷന്‍ ചിത്രവും ഗ്യാങ്‌സറ്റര്‍ ചിത്രവും യഷിന്റെ ചര്‍ച്ചയിലുണ്ട്.
2019ലാണ് ഇന്ത്യന്‍ ഇതിഹാസ സാഹിത്യ സൃഷ്ടിയായ രാമായണം സിനിമയാക്കുമെന്ന് മധു മണ്ടേനയും നിതേഷ് തിവാരിയും പ്രഖ്യാപിച്ചത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ രാമനായി പരിഗണിക്കുന്നത് രണ്‍ബീര്‍ കപൂറിനെയാണ്. ഈ വേഷത്തോട് രണ്‍ബീറും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നായികയായി സായ് പല്ലവി, ദീപിക പദുക്കോണ്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ടെന്ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: yash was approached to play Ravana in Ramayanam directed by Nitesh Tiwari