കന്നഡ ഇന്‍ഡസ്ട്രിക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു കെ.ജി.എഫ്. സ്വന്തം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി ലോകം കീഴടക്കാന്‍ ഇറങ്ങി പുറപ്പെട്ട റോക്കി എന്ന ഡോണിന്റെ കഥ പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായി മാറി. 1000 കോടിയാണ് കെ.ജി.എഫ് 2 ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. യഷ് എന്ന നടന്റെ ഉദയം കൂടിയായിരുന്നു കെ.ജി.എഫ്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കാണ് യഷിന്റെ ഏറ്റവും പുതിയ ചിത്രം. രാമയണ്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.
കെ.ജി.എഫ് 3 എന്തായാലും ഉണ്ടാകുമെന്നും എന്നാല്‍ ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നത് താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന രണ്ട് ചിത്രങ്ങളായിരിക്കുമെന്ന് യഷ് പറയുന്നു. കെ.ജി.എഫ് 3 ആയി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കറക്ട് ആയിട്ടുള്ള സമയമാകുമ്പോള്‍ ചിത്രം പ്രക്ഷകരിലേക്കെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ കെ.ജി.എഫ് 3 എപ്പോള്‍ വരുമെന്ന അവതാരികയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുകയാണ് യഷ്.
‘കെ.ജി.എഫ് 3 എന്തായാലും ഉണ്ടാകും. പക്ഷെ അതിന് മുമ്പ് എനിക്ക് മറ്റ് രണ്ട് സിനിമകള്‍ ചെയ്യാനുണ്ട്. ആ ചിത്രങ്ങളാണ് ഞാന്‍ ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ കെ.ജി.എഫിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താറുണ്ട്. ആ സിനിമക്ക് വേണ്ട ഐഡിയ കിട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌കഷനുകള്‍ നടക്കുന്നുണ്ട്.
വലിയൊരു സിനിമയായിട്ടായിരിക്കും കെ.ജി.എഫ് എത്തുക. അതുകൊണ്ടു തന്നെ കറക്ട് ആയിട്ടുള്ള സമയം എത്തുമ്പോള്‍ ആ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. തിരക്ക് പിടിച്ച് അത് ചെയ്ത് നശിപ്പിക്കാന്‍ താത്പര്യമില്ല. കാരണം ആ ചിത്രം ആളുകളുടെ ഇടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതാണ്.
കെ.ജി.എഫ് ഒരു കള്‍ട്ട് ചിത്രമാണ് അതുകൊണ്ടുതന്നെ ആളുകള്‍ക്ക് അഭിമാനിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കും ഇനി ചെയ്യുക. മറ്റുള്ള അഭിനേതാക്കള്‍ വരെ റോക്കി ഭായ് എപ്പോള്‍ വരുമെന്ന് ചോദിക്കാറുണ്ട്. പ്രശാന്തും ഞാനും എല്ലാം നന്നായി ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ കെ.ജി.എഫ് 3 എന്തായാലും വരും,’ യഷ് പറയുന്നു.