കെ.ജി.എഫ് എന്ന ഒറ്റ സിനിമയോടെ തെന്നിന്ത്യയാകെ വലിയ ഫാന്‍ബേസുണ്ടാക്കിയ നടനാണ് യഷ്. കെ.ജി.എഫ് പുറത്തിറങ്ങിയതോടെ തെന്നിന്ത്യയില്‍ വളരെ ചെറിയ ഇന്‍ഡസ്ട്രിയായിരുന്ന സാന്‍ഡല്‍വുഡ് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ കെ.ജി.എഫിന്റെ രണ്ടാം ഭാഗം പുറത്ത് വരുമ്പോള്‍ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കെ.ജി.എഫ് തന്റെ സിനിമാ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു എന്ന് പറയുകയാണ് യഷ്. ഇപ്പോഴുള്ള തന്റെ നില വര്‍ഷങ്ങള്‍ക്ക് മുമ്പേ ആഗ്രഹിച്ചതാണെന്നും ഭാവിയെ പറ്റിയാണ് ഇപ്പോള്‍ താന്‍ ചിന്തിക്കുന്നതെന്നും യഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ പ്രമോഷനോടനുബന്ധിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യഷ്.
‘കെ.ജി.എഫ് വന്നതോടെ കരിയര്‍ മാറി. പക്ഷേ എന്റെ കാഴ്ചപ്പാട് പഴയത് തന്നെയാണ്. ഞാനെപ്പോഴും ഭാവിയെ പറ്റിയാണ് ചിന്തിക്കുന്നത്. ഇപ്പോള്‍ സംഭവിക്കുന്നതിലല്ല എന്റെ ശ്രദ്ധ.
കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ ആഗ്രഹിച്ചതാണ് ഇപ്പോള്‍ ലഭിക്കുന്നത്, അല്ലെങ്കില്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പേ ഇതിന് വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങിയതാണ്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനെ പറ്റിയാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. മാറ്റം അനിവാര്യമാണ്. ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം എന്നെ അറിയാം. നിങ്ങളെല്ലാവരും എന്നെ സ്‌നേഹിക്കുന്നു. അത് തന്നെയാണ് വലിയ മാറ്റം.
കേരളത്തിലെത്തുമ്പോള്‍ എനിക്ക് വലിയ സ്‌നേഹവും പിന്തുണയും ലഭിക്കുന്നു. എനിക്ക് മലയാളികളായ ഒരുപാട് സുഹൃത്തുക്കളുണ്ട്. മലയാളികള്‍ക്ക് വളരെ വലിയ ഹൃദയമുണ്ട്,’ യഷ് പറഞ്ഞു.
കെ.ജി.എഫിനൊപ്പെ റിലീസ് ചെയ്യുന്ന വിജയ് ചിത്രം ബീസ്റ്റിനെ പറ്റിയും യഷ് പറഞ്ഞു.
‘ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്സും പ്രിഫറന്‍സുമുണ്ട്. എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളേയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.
ക്ലാഷ് റിലീസ് എന്നത് ആരുടെയും നിയന്ത്രണത്തിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല.
എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്. എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എന്റെ സിനിമ കാണണം നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം,’ യഷ് കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 14 നാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ റിലീസ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlight: Yash talks about how KGF changed his film career