ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് തുടര്‍ച്ചയായ മൂന്നാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് റണ്‍സിനാണ് രാഹുലും കൂട്ടരും പരാജയപ്പെടുത്തിയത്.
ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഫോംടീം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 18.5 ഓവറില്‍ 130 പുറത്താവുകയായിരുന്നു.
ലഖ്‌നൗ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച യാഷ് താക്കൂര്‍ ആണ് ഗുജറാത്ത് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 3.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 32 റൺസ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്.
7.83 എക്കണോമിയില്‍ പന്തറിഞ്ഞ യാഷ് ഗുജറാത്ത് താരങ്ങളായ ശുഭ്മന്‍ ഗില്‍, വിജയ് ശങ്കര്‍, ദര്‍ശന്‍ നാല്‍ക്കണ്ടേ, രാഹുല്‍ തിവാട്ടിയ, റാഷിദ് ഖാന്‍ എന്നിവരെ പുറത്താക്കി കൊണ്ടാണ് കരുത്ത് കാട്ടിയത്. ഇതോടെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാനും യാഷ് താക്കൂറിന് സാധിച്ചു.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് യാഷ് സ്വന്തമാക്കിയത്. ഐ.പി. എല്ലില്‍ ലഖ്‌നൗവിന് ആദ്യമായി ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് യാഷ് സ്വന്തമാക്കിയത്.
യാഷിന് പുറമേ കൃണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റും രവി ബിഷ്‌നോയ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ലഖ്‌നൗ ബാറ്റിങ്ങില്‍ മാര്‍ക്കസ് സ്റ്റോണിസ് 43 പന്തില്‍ 58 റണ്‍സ് നേടി നിര്‍ണായകമായി. നാല് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നായകന്‍ കെ.എല്‍ രാഹുല്‍ 33 പന്തില്‍ 31 റണ്‍സും നിക്കോളാസ് പൂരന്‍ 22 പന്തില്‍ പുറത്താവാതെ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
അതേസമയം ഗുജറാത്ത് ബാറ്റിങ്ങില്‍ 23 പന്തില്‍ 31 റണ്‍സ് നേടി സായ് സുദര്‍ശനും 25 പന്തില്‍ 30 റണ്‍സ് നേടി രാഹുല്‍ തിവാട്ടിയയും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് രാഹുലും സംഘവും. ഏപ്രില്‍ 12ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ലഖ്നൗവിന്റെ അടുത്ത മത്സരം. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.
Content Highlight: Yash Takur take five wickets against Gujarat titans