കെ.ജി.എഫ് എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം നേടിയെടുത്ത നടനാണ് യഷ്. അതുവരെ കന്നഡ ഇന്‍ഡസ്ട്രിയിലെ ടൈര്‍ 2 നടനായി ഒതുങ്ങിയിരുന്ന യഷിന്റെ തലവര മാറ്റിയ ചിത്രമായിരുന്നു കെ.ജി.എഫ്. ആദ്യഭാഗം തന്ന ഹൈപ്പിനോട് 100 ശതമാനം നീതി പുലര്‍ത്തിയ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്.
കെ.ജി.എഫിന് ശേഷം യഷ് ചെയ്യുന്ന പ്രൊജക്ട് സിനിമാലോകത്തെ ഒട്ടാകെ അമ്പരപ്പിച്ചിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കാണ് യഷിന്റെ പുതിയ ചിത്രം. ലയേഴ്‌സ് ഡൈസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഗീതു മോഹന്‍ദാസിനൊപ്പം ഇന്ത്യ കണ്ട ഏറ്റവും വലിയ മാസ് സിനിമയിലെ നായകന്‍ കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത പലര്‍ക്കും ആദ്യമൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
കെ.ജി.എഫ് പോലെ പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന മാസ് ആക്ഷന്‍ ചിത്രമാണ് ടോക്‌സിക്കെന്ന് ഫസ്റ്റ് ലുക്ക് സൂചന തന്നിരുന്നു. ഗീതു മോഹന്‍ദാസ് എന്ന സംവിധായികയെക്കുറിച്ച് സംസാരിക്കുകയാണ് യഷ്. ടോക്‌സിക് എന്ന സിനിമ കമ്മിറ്റ് ചെയ്തപ്പോള്‍ പലരും എന്നെ ഉപദേശിച്ചിരുന്നെന്നും എന്നാല്‍ താന്‍ പണ്ടേ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ആളാണെന്നും യഷ് പറഞ്ഞു.
തങ്ങളുടെ മുന്‍ ചിത്രങ്ങള്‍ വെച്ച് താരതമ്യം ചെയ്ത ചിലര്‍ ഈ പ്രൊജക്ട് വേണോ എന്ന് ചോദിക്കുമായിരുന്നെന്നും എന്നാല്‍ തങ്ങളുടെ ലോകം വേറെയാണെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നും യഷ് കൂട്ടിച്ചേര്‍ത്തു. മാസ് ഓഡിയന്‍സിന്റെ പള്‍സ് അറിയാവുന്ന ഫിലിംമേക്കറാണ് ഗീതുവെന്നും എല്ലാവരെയും അമ്പരപ്പിക്കുന്ന സിനിമ തന്നെയാണ് ഗീതു ചെയ്യുന്നതെന്നും യഷ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് യഷ് ഇക്കാര്യം പറഞ്ഞത്.
‘ടോക്‌സിക്കിന്റെ ഐഡിയ പറയാന്‍ ഗീതു എന്റെയടുത്ത് വന്നപ്പോള്‍ തന്നെ ഈ പ്രൊജക്ട് എനിക്ക് ഇഷ്ടപ്പെട്ടു. അത് പൂര്‍ത്തിയായി വന്നപ്പോള്‍ വേറൊരു ലോകം വരച്ചിട്ടതുപോലെ തോന്നി. ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോള്‍ പലരും എന്നെ ഉപദേശിച്ചിരുന്നു. പറയുന്നത് സ്വല്പം അഹങ്കാരമാണെങ്കിലും, പണ്ടേ ഞാന്‍ ആരുടെയും ഉപദേശം കേള്‍ക്കാറില്ല. എന്റെ മനസ് പറയുന്നത് മാത്രമേ കേള്‍ക്കാറുള്ളൂ.
ഞങ്ങള്‍ രണ്ട് പേരുടെയും മുന്‍ ചിത്രങ്ങള്‍ താരതമ്യം ചെയ്യുന്ന ചില ആളുകളുണ്ട്. അവരുടെ വിചാരം എന്റെയും ഗീതുവിന്റെയും ലോകവും ചിന്തയും വേറെയാണെന്നാണ്. പക്ഷേ അവര്‍ എന്നോട് കഥ പറയാന്‍ വന്നതുതൊട്ട് അങ്ങനെയൊരു ചിന്ത എനിക്ക് തോന്നിയിട്ടേയില്ല. മാസ് ഓഡിയന്‍സിന്റെ പള്‍സ് എന്താണെന്ന് ഗീതു മോഹന്‍ദാസിന് കൃത്യമായിട്ട് അറിയാം. അതിന് ചേരുന്ന തരത്തില്‍ വലിയ സ്‌കെയിലില്‍ ഒരു സിനിമ ചെയ്തുകൊണ്ടിരക്കുകയാണ് അവരിപ്പോള്‍. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും,’ യഷ് പറയുന്നു.
Content Highlight: Yash says that Toxic will be a mega mass film