തെന്നിന്ത്യയാകെ ഫാന്‍ ബേസുള്ള താരമാണ് ഇന്ന് യഷ്. അദ്ദേഹത്തിന്റെ കെ.ജി.എപ് ചാപ്റ്റര്‍ ടുവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീരിയല്‍ നടനില്‍ നിന്നുമാണ് യഷ് ഇന്ന് കന്നഡ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ബസ് ഡ്രൈവറായിരുന്ന യഷിന്റെ അച്ഛന്‍ അരുണ്‍ കുമാര്‍ മകന്‍ സിനിമ നടനായിട്ടും തന്റെ ജോലി നിര്‍ത്താന്‍ തയാറായിരുന്നില്ല. അച്ഛന്‍ ആ ജോലി ഇഷ്ടപ്പെട്ടിരുന്നു എന്നും അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും യഷ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് യഷ് അച്ഛനെ പറ്റി പറഞ്ഞത്.
‘ബസ് ഡ്രൈവറായുള്ള ജോലി നിര്‍ത്താനായി ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടില്ല. ഒരു മകനെന്ന നിലയില്‍ അച്ഛന്‍ വിശ്രമിക്കണമെന്നും റിലാക്‌സ് ചെയ്തിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം എനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
പിന്നെ എനിക്ക് മനസിലായി ആ ജോലി അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ടെന്ന്. ഞാനെന്റെ ജോലി ചെയ്യട്ടെ നീ നിന്റേത് ചെയ്യൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് ബോറടിക്കും. നമ്മള്‍ ഇഷ്ടപ്പെടുന്നത് ചെയ്യുമ്പോഴാണ് അത് ആസ്വദിക്കാനാവുന്നത്.
പിന്നെ എന്റെ സഹോദരിക്ക് കുഞ്ഞ് ഉണ്ടായപ്പോള്‍ അവനൊപ്പം സമയം ചെലവഴിക്കാന്‍ അച്ഛന് താല്‍പര്യമായിരുന്നു. അങ്ങനെയാണ് ആ ജോലി നിര്‍ത്തിയത്,’ യഷ് പറഞ്ഞു.
‘ഇഷ്ടപ്പെടുന്ന ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും ആവണമെന്നില്ല. ജീവിക്കാനായി കിട്ടിയ ജോലി ചെയ്യുന്നതാണ്. ഒരു ലോറി ഡ്രൈവറില്‍ നിന്നും തുടങ്ങി സര്‍ക്കാര്‍ ജോലിയില്‍ കയറിയതും ബി.എം.റ്റി.സി ഡ്രൈവറായതും അച്ഛനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. അത് എളുപ്പമല്ല. എല്ലാവരേയും കൊണ്ട് സാധിക്കില്ല. അവധിയുള്ളപ്പോള്‍ ഞാന്‍ അച്ഛനൊപ്പം ബസില്‍ പോയിട്ടുണ്ട്.
ആ മേഖലയില്‍ നിന്നും അച്ഛന് അവാര്‍ഡുകളും മെഡലുകളും ലഭിച്ചിട്ടുണ്ട്. അച്ഛന്റെ കഠിനാധ്വാനവും ബസ് ഡ്രൈവര്‍ പണി കൊണ്ടുമാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്തിയത്.’ യഷ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Yash says his father loved the bus driver job and did not force him to quit