സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിയില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള താരമാണ് യഷ്. ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച യഷ് 2008ല്‍ പുറത്തിറങ്ങിയ ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ആദ്യ ചിത്രത്തിലേയും യഷിന്റെ കഥാപാത്രത്തിന്റെ പേര് റോക്കി എന്നായിരുന്നു. ഇന്ന് കെ.ജി.എഫിലൂടെ വീണ്ടും റോക്കിയായി എത്തുമ്പോള്‍ സീരിയല്‍ കാലത്തെ തന്റെ അനുഭവങ്ങള്‍ പറയുകയാണ് യഷ്.
സീരിയലില്‍ അഭിനയിക്കുമ്പോള്‍ ദിവസവും 500 രൂപയായിരുന്നു തന്റെ പ്രതിഫലമെന്നും എല്ലാവരും കാറില്‍ വരുമ്പോള്‍ താന്‍ ബൈക്കിലായിരുന്നു എത്തിയതെന്നും യഷ് പറയുന്നു.
ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ആദ്യകാലത്തെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.
‘ടി.വി സീരിയലുകളാണ് എനിക്ക് ശക്തിയും പണവും തന്നത്. ദിവസവും 500 രൂപയായിരുന്നു എന്റെ പ്രതിഫലം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാല്‍ ഞാനത് നിരസിച്ചു. അവര്‍ എന്റെ പിന്നാലെ കൂടി. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു.
ആ സമയത്ത് ആര്‍ക്കും അത്രയും കാശ് കിട്ടുന്നില്ലായിരുന്നു. പിന്നെ എനിക്ക് നോ പറയാന്‍ പറ്റിയില്ല. പൈസയുടെ ആവശ്യവുമുണ്ടായിരുന്നു. കുടുംബത്തെ കൂടി നോക്കാമെന്ന് ഞാന്‍ വിചാരിച്ചു.
കിട്ടിയ പൈസയൊക്കെ ഡ്രസ് വാങ്ങാനാണ് ഞാന്‍ ഉപയോഗിച്ചത്. അന്നൊക്കെ സീരിയലിലെ ഡ്രസൊക്കെ നമ്മള്‍ തന്നെ വാങ്ങണമായിരുന്നു. അപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങാന്‍ എന്നെ പലരും ഉപദേശിച്ചു.
അപ്പോഴും ബൈക്കിലായിരുന്നു എന്റെ സഞ്ചാരം. എന്റെ ഡ്രസൊക്കെ ഉള്ള വലിയ ബാഗുമായിട്ടായിരുന്നു ഞാന്‍ സെറ്റില്‍ പോയിക്കൊണ്ടിരുന്നത്. മറ്റുള്ളവര്‍ക്കെല്ലാം കാറുണ്ടായിരുന്നു.
എന്റെ വിഷന്‍ സിനിമയിലെത്തുക എന്നതായിരുന്നു. ഞാന്‍ പിന്നീട് വലിയൊരു കാര്‍ വാങ്ങിക്കോള്ളാമെന്ന് അവര്‍ക്ക് മറുപടി നല്‍കി. ഇപ്പോള്‍ കുറച്ച് നല്ല ഡ്രസ് ഇട്ടോണ്ട് നടക്കട്ടെ. അങ്ങനെ ഒടുവില്‍ ആരോ എന്നെ ശ്രദ്ധിച്ചു. അങ്ങനെ ഞാന്‍ സിനിമയിലേക്കെത്തി,’ യഷ് പറഞ്ഞു.
ഏപ്രില്‍ 14നാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ റിലീസ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലനായി എത്തുന്നത്.
Content Highlight: Yash says he was on his bike when everyone came in the car