കന്നഡ ഇന്‍ഡസ്ട്രിയുടെ തലവര മാറ്റിയ സിനിമയായിരുന്നു 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റര്‍ 1. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യഷ് ആയിരുന്നു നായകനായെത്തിയത്. അതുവരെ കണ്ട് ശീലിച്ച മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു കെ.ജി.എഫ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ ആദ്യഭാഗം വന്‍ വിജയമായി മാറിയിരുന്നു. മാസ് സീനുകളില്‍ ഇമോഷന്‍ വര്‍ക്ക് ഔട്ട് ചെയ്യിച്ച പ്രശാന്ത് നീലിനെ പലരും പ്രശംസിച്ചിരുന്നു.
ചിത്രത്തില്‍ ഏറ്റവുമധികം കൈയടി ലഭിച്ച സീനുകളിലൊന്നായിരുന്നു നായകന്‍ ഒരു സ്ത്രീക്ക് ബണ്‍ കൊടുക്കുന്ന രംഗം. ഒരേസമയം മാസ്സും അതിനോടൊപ്പം ക്ലാസും ചേര്‍ന്ന രംഗം ഇന്നും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ ഭരിക്കുന്നവയാണ്. എന്നാല്‍ ആ സീന്‍ ആദ്യം പ്ലാന്‍ ചെയ്തതും ഷൂട്ട് ചെയ്തതും മറ്റൊരു രീതിയിലായിരുന്നെന്ന് പറയുകയാണ് യഷ്.
വയസ്സായ ഒരു സ്ത്രീയെ സഹായിക്കാന്‍ വേണ്ടി തോക്ക് കാണിച്ച് റോഡ് ബ്ലോക്ക് ചെയ്യുന്ന സീനായിട്ടാണ് ആദ്യം ഷൂട്ട് ചെയ്തതെന്ന് യഷ് പറഞ്ഞു. എന്നാല്‍ എഡിറ്റിങ് ടേബിളില്‍ താനും പ്രശാന്ത് നീലും ആ സീനില്‍ ഉദ്ദേശിച്ച ഇംപാക്ട് കിട്ടിയില്ലെന്ന് മനസിലാക്കിയെന്നും അത് ഒഴിവാക്കാമെന്ന് തീരുമാനിച്ചെന്നും യഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ സഹായിയായിട്ടുള്ള രാമ റാവു അത് കണ്ടിട്ട് അവിടെ ഒരു അമ്മയെ സഹായിക്കുന്നത് പോലെയാക്കിയാല്‍ വര്‍ക്കാകുമെന്ന് നിര്‍ദേശിച്ചെന്നും യഷ് പറഞ്ഞു.
അത് ഒരു നല്ല ഐഡിയയായി തനിക്കും പ്രശാന്തിനും തോന്നിയെന്നും പിന്നീട് അത് റീഷൂട്ട് ചെയ്തുവെന്നും യഷ് കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷമാണ് ഒരു ആര്ട്ടിസ്റ്റിനെ കണ്ടുപിടിച്ച് ആ അമ്മയുടെ റോളിലേക്ക് കൊണ്ടുവന്നതെന്നും യഷ് പറഞ്ഞു. ആ സീന്‍ തിയേറ്ററില്‍ വര്‍ക്കായത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും യഷ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു യഷ്.
‘കെ.ജി.എഫില്‍ ഏറ്റവുമധികം കൈയടി കിട്ടിയ സീനുകളിലൊന്നാണ് ട്രാഫിക് ബ്ലോക്കിനിടയില്‍ ഒരു സ്ത്രീയെ സഹായിക്കുന്ന സീന്‍. സത്യത്തില്‍ ആ സീന്‍ ആദ്യ പ്ലാന്‍ ചെയ്തതും ഷൂട്ട് ചെയ്തതും മറ്റൊരു രീതിയിലായിരുന്നു. വയസ്സായ ഒരു സ്ത്രീ റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടിട്ട് ഞാന്‍ എന്റെ തോക്കെടുത്ത് റോഡ് ബ്ലോക്ക് ചെയ്യുന്നു എന്ന രീതിക്കാണ് ഷൂട്ട് ചെയ്തത്.
പക്ഷേ എഡിറ്റിങ് ടേബിളില്‍ ഞാനും പ്രശാന്തും ആ സീന്‍ ഇരുന്ന് കണ്ടപ്പോള്‍ പ്രതീക്ഷിച്ച ഇംപാക്ട് കിട്ടിയില്ല. ആ സീന്‍ മൊത്തത്തില്‍ കളയാം എന്ന് തീരുമാനിച്ചപ്പോള്‍ എന്റെ അസിസ്റ്റന്റായ ഈശ്വര്‍ റാവുവാണ് ആ സീനില്‍ ഒരു അമ്മാ സെന്റിമെന്റ്‌സ് ചേര്‍ത്താല്‍ നന്നാകുമെന്ന് പറഞ്ഞത്. പ്രശാന്തിനും എനിക്കും അത് ഓക്കെയായി. പിന്നീട് പ്രശാന്ത് പ്രൊഡ്യൂസറുമായി സംസാരിച്ചിട്ടാണ് ആ സീന്‍ റീഷൂട്ട് ചെയ്തത്. തിയേറ്ററില്‍ അതിന് ഗംഭീരപ്രതികരണമായിരുന്നു,’ യഷ് പറഞ്ഞു.
Content Highlight: Yash says about the Bun scene in KGF Chapter 1