| Wednesday, 8th January 2025, 4:25 pm

'സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി?' ഗീതു മോഹന്‍ദാസിനെതിരെ കസബ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്ക് എന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. യഷിനെ നായകനാക്കി വരാനിരിക്കുന്ന ഗീതുവിന്റെ പുതിയ ചിത്രമാണ് ടോക്‌സിക്ക്.

സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നടി പാര്‍വതി തിരുവോത്ത് 2016ല്‍ മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ രംഗത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അന്ന് അത് വലിയ വിവാദവുമായിരുന്നു. ആ സമയത്ത് വേദിയില്‍ വെച്ച് സിനിമയുടെ പേര് പറയണമെന്ന് പാര്‍വതിയോട് ആവശ്യപ്പെട്ടത് ഗീതു മോഹന്‍ദാസായിരുന്നു.

എന്നാല്‍ നടന്‍ യഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയ ‘ബര്‍ത്ത്‌ഡേ പീക്ക്’ വീഡിയോയില്‍ യഷ് സ്ത്രീയുടെ മേല്‍ മദ്യം ഒഴിക്കുന്നതടക്കമുള്ള രംഗകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിന്‍ രണ്‍ജി പണിക്കരിന്റെ പ്രതികരണം.

നിതിന്‍ രണ്‍ജി പണിക്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്‌ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ‘SAY IT SAY IT !!’ എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി…???

Content Highlight: Yash’s Toxic Movie Special Video, Kasaba Director Nithin Renji Panicker Against Geethu Mohandas

We use cookies to give you the best possible experience. Learn more