കോടികള്‍ പ്രതിഫലം ലഭിച്ചേക്കാവുന്ന പാന്‍ മസാല പരസ്യം വേണ്ടെന്ന് വെച്ച് യഷ്. യഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇക്കാര്യം പുറത്ത് വിട്ടത്.
‘യഷ് ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. യഷ് വളരെ സൂക്ഷമതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കൂ. യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല.’ അതുകൊണ്ടാണ് പാന്‍ മസാലയുടെ പരസ്യത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് എക്സീഡ് എന്റര്‍ടൈന്‍മെന്റ്സ് വ്യക്തമാക്കുന്നു.
അടുത്തിടെ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ മാപ്പുമായി ഹിന്ദി നടന്‍ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താരത്തിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പരസ്യവുമായുള്ള കരാര്‍ പിന്‍വലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചെന്നും പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് യഷ് നായകനായി കെ.ജി.എഫ്.
ആര്‍.ആര്‍.ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെ.ജി.എഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ ആണ് കെ.ജി.എഫ് 2ന് മുന്‍പ് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1115 കോടിയാണ് ഇതുവരെ ആര്‍.ആര്‍.ആര്‍ നേടിയത്.
Content Highlight: Yash rejects pan masala advertisement which could fetch crores of rupees