വെറും മൂന്ന് സിനിമകള്‍ കൊണ്ട് തമിഴിലെ മുന്‍ നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. തെന്നിന്ത്യ ലോകേഷ് യൂണിവേഴ്‌സാണെങ്കില്‍ അങ്ങ് ബോളിവുഡില്‍ മറ്റൊരു യൂണിവേഴ്സുണ്ട്, യഷ് രാജ് സ്പൈ യൂണിവേഴ്സ്. കഴിഞ്ഞ പത്ത് വര്‍ഷം ഇറങ്ങിയ സിനിമകള്‍ ഇതിന്റെ ഭാഗമാക്കി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
1970ല്‍ ചലച്ചിത്ര നിര്‍മ്മാതാവ് യാഷ് ചോപ്ര സ്ഥാപിച്ച ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ – വിതരണ കമ്പനിയാണ് യാഷ് രാജ് ഫിലിംസ് (ഥഞഎ ). പ്രധാനമായും ഹിന്ദി, പഞ്ചാബി ചിത്രങ്ങളായിരുന്നു ഇവര്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിലൊന്നായി പിന്നീട് കമ്പനി വളര്‍ന്നു. റിയല്‍ ലൈഫില്‍ നിന്നും ഇന്‍സ്പയേഡ് ആയതും ഫിക്ഷണല്‍ സ്‌റ്റോറികളുമാണ് ഈ യൂണിവേഴ്‌സിന്റെ സിനിമകള്‍ ഒരുങ്ങുന്നത്.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന പത്താനാണ് യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രം. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി വലിയ പ്രഖ്യാപനവുമായിട്ടായിരുന്നു നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് എത്തിയത്. ഏറെക്കാലം അഭ്യൂഹമായി നിലനിന്ന ‘സ്‌പൈ യൂണിവേഴ്‌സ്’ ഫ്രാഞ്ചൈസിയുടെ ലോഗോയാണ് യാഷ് രാജ് ഫിലിംസ് പുറത്തുവിട്ടത്.
ഇതോടെ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ടൈഗര്‍ സീരീസ്, ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ ഒന്നിച്ച് എത്തിയ വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ വൈ.ആര്‍.എഫ് ‘സ്‌പൈ യൂണിവേഴ്‌സിന്റെ’ ഭാഗമാണ് എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ഇതോടെ ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വികും ഒന്നിക്കുന്ന വലിയ പദ്ധതികള്‍ക്കാണ് അരങ്ങ് ഒരുങ്ങുന്നത്.
2010ലാണ് ആദിത്യ ചോപ്ര വൈ.ആര്‍.എഫിന്റെ വൈസ് ചെയര്‍മാനായിട്ട് ചുമതല ഏറ്റത്. ആദിത്യചോപ്ര ഏറെക്കാലമായി പരിശ്രമിക്കുന്ന ഒരു പദ്ധതിയാണ് വൈ.ആര്‍.എഫ് ‘സ്‌പൈ യൂണിവേഴ്‌സ്’. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാക്കാന്‍ ആദിത്യ ചോപ്ര വര്‍ഷങ്ങളുടെ തയ്യാറെടുപ്പിലായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ടൈഗര്‍ ഷ്‌റോഫ്, വാണി കപൂര്‍ തുടങ്ങിയവരാണ് ഇതുവരെ സ്‌പൈ യൂണിവേഴ്‌സല്‍ ചിത്രങ്ങളില്‍ ഉള്ളത്.
‘യഷ്രാജ് സ്പൈ യൂണിവേഴ്സി’ന്റെ ലോഗോ പത്താന്റെ ട്രെയ്ലറിനൊപ്പമാണ് യഷ് രാജ് ഫിലിംസ് ലോഞ്ച് ചെയ്തത്. രണ്ട് സിനിമകളാണ് സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍’ സീരിസില്‍ ഇതുവരെ എത്തിയിട്ടുള്ളത്. 2012ല്‍ ‘ഏക് ദ ടൈഗര്‍’, 2017ല്‍ ‘ടൈഗര്‍ സിന്ദാ ഹെ’. റോ ഏജന്റ് ടൈഗര്‍ ആയാണ് സിനിമകളില്‍ സല്‍മാന്‍ വേഷമിട്ടത്. കത്രീന സല്‍മാനൊപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥ ആയാണ് എത്തുന്നത്. ഏക് ദ ടൈഗറിലൂടെയാണ് സ്‌പൈ യൂണിവേഴ്‌സിന്റെ തുടക്കം. യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തായിരുന്നു ചിത്രം ഒരുക്കിയത്.
‘ടൈഗര്‍ 3’ ആണ് ഇനി വരാനിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ ഷാരൂഖ് ഖാന്‍ കാമിയോ റോളിലെത്തുമെന്നും റോ ഏജന്റ് ആയ പത്താന്‍ എന്ന കഥാപാത്രമായി തന്നെയാണ് ഷാരൂഖ് ടൈഗറില്‍ വേഷമിടുകയെന്നും വാര്‍ത്തകളുണ്ട്. അതുപോലെ പത്താനില്‍ ടൈഗര്‍ എന്ന റോ ഏജന്റ് ആയി സല്‍മാനും കാമിയോ റോളില്‍ എത്തുമെന്നും ഇതില്‍ പറയുന്നുണ്ട്.
2019ല്‍ സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണ് വാര്‍. 2019ലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രം കൂടിയായിരുന്നു ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷ്രോഫും വേഷമിട്ട വാര്‍. മേജര്‍ കബിര്‍ എന്ന റോ ഏജന്റ് ആയാണ് സിനിമയില്‍ ഹൃത്വിക് റോഷന്‍ വേഷമിട്ടത്. സിനിമയുടെ സീക്വലിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ഇപ്പോള്‍. ഈ വര്‍ഷം ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
content highlight: yash raj films