അദ്ദേഹം എപ്പോഴും യുവതാരങ്ങളെ പിന്തുണക്കും: പ്രസ്താവനയുമായി യാഷ് ദയാൽ
Cricket
അദ്ദേഹം എപ്പോഴും യുവതാരങ്ങളെ പിന്തുണക്കും: പ്രസ്താവനയുമായി യാഷ് ദയാൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2024, 1:02 pm

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ യാഷ് ദയാല്‍. വിരാട് എല്ലായിപ്പോഴും യുവാക്കളെ പിന്തുണയ്ക്കുന്നുവെന്നാണ് യാഷ് പറഞ്ഞത്. സ്‌പോര്‍ട്‌സ് ടോക്കിലൂടെ സംസാരിക്കുകയായിരുന്നു യാഷ്.

‘വിരാട് കോഹ്‌ലി യുവതാരങ്ങളെ എല്ലായപ്പോഴും പിന്തുണച്ചിരുന്നു. അദ്ദേഹം യുവതാരങ്ങളും ആയി എപ്പോഴും സംസാരിക്കുകയും അവരെ സഹായിക്കാനും തയ്യാറാണ്. ടി.വിയില്‍ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. സഹ താരങ്ങളോടും യുവതാരങ്ങളോടും അദ്ദേഹം വളരെ സൗഹൃദപരമായിട്ടാണ് സംസാരിക്കുക. എനിക്ക് അദ്ദേഹത്തോടൊപ്പം കളിക്കുമ്പോള്‍ ഒരിക്കലും ഒരു അപരിചിതനായിട്ട് തോന്നിയിട്ടില്ല,’ യാഷ് ദയാല്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കോഹ്‌ലിക്കൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയാണ് യാഷ് കളിക്കുന്നത്. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 14 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ്‌ താരം നേടിയത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ എലിമിനേറ്റര്‍ വരെ മുന്നേറാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിരുന്നു.

ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് മത്സരവും പരാജയപ്പെട്ട ആര്‍.സി.ബി പിന്നീട് നടന്ന ആറു മത്സരങ്ങളും വിജയിച്ചുകൊണ്ട് അത്ഭുതകരമായാണ് അടുത്ത റൗണ്ടിലേക്ക് മാറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാനോട് പരാജയപ്പെട്ട് ബെംഗളൂരു തങ്ങളുടെ കിരീട പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ വിരാട് 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Yash Dayal Talks About Virat Kohli