ബംഗ്ലാദേശിനെതിരെയുള്ള പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന പമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 16 പേരടങ്ങുന്ന സ്‌ക്വാഡാണ് ബ.സി.സി.ഐ പുറത്ത് വിട്ടത്. ടീമില്‍ പേസര്‍ യാഷ് ദയാല്‍ ഇടം നേടിയിരുന്നു. ദയാല്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്.
ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയതിന്റെ സന്തോഷം യാഷ് പങ്കുവെച്ചിരുന്നു. ഇന്ത്യയ്ക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് യാഷ് പറഞ്ഞത്. ന്യൂസ് 24ലൂടെ സംസാരിക്കുകയായിരുന്നു യാഷ്.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയാണ് യാഷ് കളിക്കുന്നത്. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 14 മത്സരങ്ങളില്‍ നിന്നും15 വിക്കറ്റുകളാണ് താരം നേടിയത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ എലിമിനേറ്റര്‍ വരെ മുന്നേറാന്‍ റോയല്‍ ചലഞ്ചേഴ്സിന് സാധിച്ചിരുന്നു.
ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് മത്സരവും പരാജയപ്പെട്ട ആര്‍.സി.ബി പിന്നീട് നടന്ന ആറു മത്സരങ്ങളും വിജയിച്ചുകൊണ്ട് അത്ഭുതകരമായാണ് അടുത്ത റൗണ്ടിലേക്ക് മാറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാനോട് പരാജയപ്പെട്ട് ബെംഗളൂരു തങ്ങളുടെ കിരീട പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.