ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് സ്റ്റാര്‍ പേസര്‍ യാഷ് ദയാലിന് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള വിളിയെത്തിയിരിക്കുകയാണ്.
മകന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നതിനെ കുറിച്ചും അവന്‍ കടന്നുപോയ മോശം അവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് യാഷ് ദയാലിന്റെ പിതാവായ ചന്ദര്‍പാല്‍ ദയാല്‍. ഐ.പി.എല്‍ 2023ല്‍ റിങ്കു സിങ് തുടര്‍ച്ചയായി അഞ്ച് സിക്‌സര്‍ നേടിയത് യാഷിനെ മാനസികമായി തളര്‍ത്തിയിരുന്നെന്നും റിങ്കുവിന്റെ പേര് പറഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ പോലും യാഷിനെ കളിയാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു അപകടം പോലെയായിരുന്നു ഞങ്ങള്‍ക്കത്. സ്‌കൂള്‍ ബസ് ഇതിലൂടെ കടന്നുപോകുമ്പോഴെല്ലാം കുട്ടികള്‍ റിങ്കു സിങ്, റിങ്കു സിങ്, അഞ്ച് സിക്‌സര്‍ എന്നിങ്ങനെ വിളിച്ചുകൂവിക്കൊണ്ടിരുന്നു. ഏറെ സങ്കടകരമായിരുന്നു അത്. എന്തുകൊണ്ടാണ് എന്റെ മകന് ഇത് സംഭവിച്ചത്?
അവന്‍ ആരോടും സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യാതെ ഒതുങ്ങിക്കൂടിയപ്പോള്‍ അവന്റെ അമ്മ രാധ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ കുഴഞ്ഞുവീണു. ടൈറ്റന്‍സും അവനെ റിലീസ് ചെയ്തു,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ തങ്ങള്‍ യാഷിന് വേണ്ട പിന്തുണ നല്‍കിയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
‘നീ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് വരെ ഞങ്ങള്‍ ഒന്നും അവസാനിപ്പിക്കാന്‍ ഒരുക്കമല്ല, നീ ഇന്ത്യക്ക് വേണ്ടി കളിക്കും എന്ന് ഞങ്ങളവനോട് പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ ഇതാദ്യമായല്ല ഇങ്ങനെയൊന്ന് നടക്കുന്നന്നതെന്നും ഇത് ഒരിക്കലും അവസാനത്തേതല്ല എന്നും ആ സംഭവത്തിന്റെ അന്ന് രാത്രി തന്നെ ഞങ്ങള്‍ അവനോട് പറഞ്ഞു. യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരു ഓവറില്‍ ആറ് സിക്‌സറിന് പറത്തിയിരുന്നു, ഭാവിയില്‍ ബ്രോഡ് എക്കാലത്തെയും മികച്ച താരമായി മാറി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാഷ് ദയാല്‍ ഇന്ത്യക്കായി കളിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
‘അച്ഛനെന്ന നിലയില്‍ ഇതിനേക്കാള്‍ മികച്ച ഒരു ദിവസം എനിക്കുണ്ടാകില്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഓരോ ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നം. ഞങ്ങള്‍ കുടുംബത്തെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇതിന്റെ എല്ലാ ക്രെഡിറ്റും അവന് മാത്രമുള്ളതാണ്. ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും അവന്റെ പരിശ്രമമാണ് അവനെ ഇവിടെയെത്തിച്ചത്,’ അദ്ദേഹം പറഞ്ഞു.
(2023ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക)
അതേസമയം, സെപ്റ്റംബര്‍ 19നാണ് ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരം. ചെപ്പോക്കാണ് വേദി.
ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.
Content Highlight: Yash Dayal’s father recalls Rinku Singh’s 5 sixes incident