ഐ.പി.എല്ലിന്റെ 13ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ടൈറ്റന്‍സ് കളത്തിലിറങ്ങിയത്. ഹര്‍ദിക്കിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടൈറ്റന്‍സിനെ നയിക്കുന്നത്.
ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്. വെടിക്കെട്ട് പ്രകടനം നടത്തിയ വിജയ് ശങ്കറിന്റെയും അര്‍ധ സെഞ്ച്വറി തികച്ച സായ് സുദര്‍ശന്റെയും ഇന്നിങ്‌സാണ് ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്.
വിജയ് ശങ്കര്‍ 24 പന്തില്‍ നിന്നും പുറത്താകാതെ 63 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ നിന്നും 53 റണ്‍സായിരുന്നു സുദര്‍ശന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡ്‌ഴ്‌സിന് ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നു. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ മുഹമ്മദ് ഷമിയുടെ പന്തില്‍ യാഷ് ദയാലിന് ക്യാച്ച് നല്‍കിയായിരുന്നു ഗുര്‍ബാസ് മടങ്ങിയത്.
മുഹമ്മദ് ഷമിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഗുര്‍ബാസിന് പിഴക്കുകയായിരുന്നു. ക്യാച്ചെടുക്കാനായി വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരതും യാഷ് ദയാലും ഓടിയടുത്തിരുന്നു. പന്തിനെ മാത്രം നോക്കി ഓടിയതുകൊണ്ടും കോള്‍ ചെയ്യാത്തതുകൊണ്ടും ഇരുവരും തമ്മില്‍ കൂട്ടിയിടിച്ച് വീണിരുന്നു.
വെടിക്കെട്ട് വീരനായ ഗുര്‍ബാസിന്റെ ക്യാച്ച് കൈവിട്ടുപോയോ എന്ന് ആശങ്കപ്പെട്ട സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ദയാല്‍ പന്ത് ഉയര്‍ത്തിക്കാണിച്ചു. ക്യാച്ച് കൃത്യമായി ത്‌നനെയാണോ കംപ്ലീറ്റ് ചെയ്തത് എന്ന കാര്യത്തില്‍ സംശയം തോന്നിയ അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയറിന് വിടുകയായിരുന്നു.
എന്നാല്‍ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിന് മുമ്പ് ഗുര്‍ബാസ് കളംവിട്ട് മടങ്ങി. തേര്‍ഡ് അമ്പയറിന്റെ നോട്ടത്തില്‍ ക്യാച്ച് ഫെയര്‍ ആണെന്ന് മനസിലാവുകയും ഔട്ട് വിളിക്കുകയുമായിരുന്നു.
( വീഡിയോ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
പുറത്താകുമ്പോള്‍ 12 പന്തില്‍ നിന്നും ഒരു ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 15 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം.
205 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നൈറ്റ് റൈഡഴ്‌സ് 17 ഓവര്‍ പിന്നിടുമ്പോള്‍ 157 റണ്‍സിന് ഏഴ് എന്ന നിലയിലാണ്. റിങ്കു സിങ്ങും ഉമേഷ് യാദവുമാണ് ടീമിനായി ക്രീസില്‍. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി 40 പന്തില്‍ നിന്നും 83 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തക്കായി തിളങ്ങിയത്.
Content Highlight: Yash Dayal’s brilliant catch to dismiss Rahmanullah Gurbaz