മുംബൈ: പ്രണയസിനിമകളുടെ കുലപതിയും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ യാഷ് ചോപ്ര അന്തരിച്ചു. ഡങ്കിപ്പനിയെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ശനിയാഴ്ചയാണ് ഡെങ്കിപ്പനി ബാധിച്ച അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹിന്ദി സിനിമാലോകത്തെ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായ യാഷ് ചോപ്ര നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്. പാക്കിസ്താനിലെ ലാഹോറില്‍ 1932 സെപ്റ്റംബര്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. []
ബോളിവുഡില്‍ പുതിയ പരീക്ഷണങ്ങളുമായാണ് യാഷ് ചോപ്ര തുടക്കം കുറിക്കുന്നത്. സഹസംവിധായകനായി തുടങ്ങിയ യാഷ് ചോപ്ര സ്വന്തമായി സംവിധാനരംഗത്തേക്ക് കടന്നതിന് ശേഷം ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. ജ്യേഷ്ഠന്‍ ബി.ആര്‍ ചോപ്രയുടെയും ഐ.എസ് ജോഹറിന്റെയും കൂടെ സഹസംവിധായകനായിട്ടായിരുന്നു യാഷ് ചോപ്രയുടെ തുടക്കം.
ധൂല്‍ കാ ഫൂല്‍ എന്ന സിനിമ സ്വന്തമായി സംവിധാനം ചെയ്തതോടെ യാഷ് ചോപ്ര ബോളിവുഡിലെ പ്രധാന സംവിധായകനായി മാറുകയായിരുന്നു. 1959 ല്‍ ധൂല്‍ കാ ഫൂലിന്റെ വിജയത്തിന് ശേഷം നടത്തിയ പരീക്ഷണക്ഷങ്ങളെല്ലാം ഹിന്ധി സിനിമാലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു. അറുപതുകളില്‍ സഹോദരന്‍ ബി.ആര്‍ ചോപ്രയുമായി ചേര്‍ന്ന് ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഒരേ സിനിമയില്‍ പല താരങ്ങളെ അണിനിരത്തുകയെന്ന പുതിയ രീതി ബോളിവുഡിന് പരിചയപ്പെടുത്തുന്നത് യാഷ് ചോപ്രയാണ്. സംവിധാനരംഗത്ത് വിജയിച്ചതോടെ നിര്‍മ്മാണരംഗത്തേക്ക് കടന്ന അദ്ദേഹം യാഷ് ചോപ്ര ഫിലിംസ് എന്ന കമ്പനി യാഥാര്‍ത്ഥ്യമാക്കി. 1973 ലാണ് അദ്ദേഹം നിര്‍മ്മാണ കമ്പനി ആരംഭിച്ചത്.
ജബ് തക് ഹേ ജാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കുന്നതിനിടെയാണ് അദ്ദേഹം അസുഖബാധിതനായത്. ഷാരൂഖ് ഖാനും കത്രീന കെയ്ഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് രോഗം പിടിപെട്ടത്.
ഇത് താന്‍ അവസാനം സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നും ശേഷം സ്വകാര്യ ജീവിതത്തിലും യാഷ് ചോപ്ര ഫിലിംസിലും ശ്രദ്ധിക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ പറഞ്ഞിരുന്നു.
പുരസ്‌കാരങ്ങള്‍:
1998 ലും 2005 ലും നിര്‍മാതാവെന്ന നിലയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം.
2001 ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം
2005 ല്‍ രാജ്യം പത്മഭൂഷണ്‍
പമേലയാണ് ഭാര്യ. ആദിത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവരാണ് മക്കള്‍.