| Friday, 8th April 2022, 1:33 pm

കെ.ജി.എഫ് 2 വില്‍ ഡയലോഗുകള്‍ക്ക് അത്ര പ്രാധാന്യം കൊടുത്തിട്ടില്ല; 15 മിനുട്ട് കൊണ്ടാണ് പല ഡയലോഗുകളും ഉണ്ടായത്: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2. കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയത് മുതല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

സിനിമയുടെ ഒന്നാം ഭാഗത്തിന്റെ വിജയത്തില്‍, അതിലെ ഡയലോഗുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. രണ്ടാം ഭാഗത്തിലെയും ഡയലോഗുകള്‍ക്ക് വേണ്ടി പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കെ.ജി.എഫ്. ചാപ്റ്റര്‍ 2ലെ ഡയലോഗുകളില്‍ ഉള്‍പ്പടെ നല്ല പ്രതീക്ഷയുണ്ടെന്ന് നായകന്‍ യഷ് പറഞ്ഞപ്പോള്‍, ഈ സിനിമയില്‍ ഡയലോഗുകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടില്ലെന്നായിരുന്നു സംവിധായകന്‍ പ്രശാന്ത് നീലിന്റെ പ്രതികരണം. ഫിലിം കമ്പാനിയനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

”നായകന്മാരുടെ പഞ്ച് ഡയലോഗുകളുള്ള സിനിമകള്‍ ഞാന്‍ എപ്പോഴും ആസ്വദിക്കാറുണ്ട്. എന്നാല്‍ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ഡയലോഗുകള്‍ വേണമെന്ന് തോന്നുന്നില്ല. ഡയലോഗുകള്‍ ആവശ്യമില്ലാത്ത രീതിയില്‍ വിഷ്വല്‍സിലൂടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിയും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ വിസിലടിക്കണമെന്നും, കൈകൊട്ടി ചാടണമെന്നും, അതിനെ എപ്പോഴും ഓര്‍ക്കണമെന്നും ആഗ്രഹിക്കാറുണ്ട്. ആ ഡയലോഗുകള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനും, അത് ജീവിതത്തില്‍ പ്രയോഗിക്കാനും കഴിയണം.

സിനിമയിലെ കഥാപാത്രങ്ങളുടെ വികാരങ്ങള്‍ ശക്തമാണ്. അവിടെ ഒരു എന്റര്‍ടൈന്‍മെന്റ് ട്രാക്കോ കോമഡി ട്രാക്കോ സ്ഥാപിക്കാന്‍ കഴിയില്ല. അതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ഡാര്‍ക്ക് ഹ്യൂമറാണ്. ഈ സിനിമയില്‍ നല്ല ഡയലോഗുകള്‍ കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ പ്രശാന്തിനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. കാരണം എനിക്ക് മാസ്സ് ഡയലോഗുകള്‍ ഉണ്ടായിരിക്കണമെന്ന് തോന്നി. അങ്ങനെ ഞാന്‍ ചില വിചിത്രമായ ഡയലോഗുകളുമായി വരും. പ്രശാന്ത് അതിനെ മികച്ചതാക്കും,’ യഷ് പറഞ്ഞു.

‘ഈ സിനിമ ചെയ്യുമ്പോള്‍ ഡയലോഗുകള്‍ എഴുതുന്ന കാര്യമാണ് ഞങ്ങള്‍ ശ്രദ്ധിക്കാതിരുന്നത്. ഡയലോഗുകള്‍ക്കുള്ള ഒരു സ്്ക്രിപ്റ്റ് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ഡയലോഗുകള്‍ അവസാന സീനുകള്‍ വരെ എഴുതണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, കാരണം, അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും ഒരു ഐഡിയ മനസ്സിലേക്ക് വരുമെന്ന് ഞങ്ങള്‍ക്കറിയം. അത് കൊണ്ട് ഞങ്ങള്‍ അതിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടില്ല. ശരിയായ ഡയലോഗുകളില്ലെന്ന് പറഞ്ഞ് പാഴാക്കിയ ഒരു മിനിറ്റ് പോലും ഷൂട്ടിംഗ് സമയത്തുണ്ടായിരുന്നില്ല. ഡയലോഗുകള്‍ സ്വയം പ്രത്യക്ഷപ്പെടണം. അതുതന്നെയാണ് ഈ കഥാപാത്രത്തിന്റെ ഭംഗിയും. യഷ് ഷൂട്ടിന് വേണ്ടി റെഡിയാവുമ്പോള്‍ ഞങ്ങള്‍ ഡയലോഗുകള്‍ ചര്‍ച്ച ചെയ്യും. യഷ് അവിടെ വന്ന് ചില ആശയങ്ങള്‍ നിര്‍ദ്ദേശിക്കും. അടുത്ത 15 മിനിറ്റില്‍ ആ ആശയം ഒരു ഡയലോഗുകളായി അവന്‍ മാറ്റും,’ പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.

ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ. രവി ബസ്രൂര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തിലുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. പ്രകാശ് രാജ്, രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ എത്തുന്നത്. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Yash and Prashant Neel About KGF2

We use cookies to give you the best possible experience. Learn more