| Thursday, 6th July 2023, 6:11 pm

കെ.ജി.എഫ് ഒക്കെ ചെറുത്, പ്രശാന്തിന്റെ മനസിലെന്താണെന്ന് എനിക്കറിയാം, അത് വേറെ ലെവലാണ്: യഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂണ്‍ ആറ് പുലര്‍ച്ചെ 5.12 മുതല്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത് പ്രശാന്ത് നീല്‍ ചിത്രം സലാറിന്റെ ടീസറാണ്. ഡാര്‍ക്ക് ടോണിലൊരുക്കിയിരിക്കുന്ന ചിത്രം കെ.ജി.എഫുമായാണ് പലരും താരതമ്യം ചെയ്തത്. ചിത്രത്തിന് കെ.ജി.എഫിനോട് ബന്ധമുണ്ടെന്നും പ്രശാന്ത് നീല്‍ പുതിയ യൂണിവേഴ്‌സിന് തുടക്കം കുറിക്കുകയാണെന്നും ടീസര്‍ ഡീകോഡിങ്ങിലൂടെ പലരും പറഞ്ഞു.

ഈ വാദത്തിന് ബലം നല്‍കുന്ന യഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെ.ജി.എഫ് പ്രശാന്തിന്റെ മനസിലുള്ള കഥയുടെ ചെറിയ ഭാഗമാണെന്നും അദ്ദേഹത്തിന്റെ മനസിലുള്ളത് വേറെ ലെവലാണെന്നുമാണ് യഷ് പറഞ്ഞത്. എക്‌സല്‍ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘പ്രശാന്ത് എന്നോട് പറഞ്ഞ കഥയിലെ കെ.ജി.എഫ് ഒരു ചെറിയ ഭാഗം മാത്രമാണ്. അത് വളരെ വലുതാണ്. ഞാന്‍ പറയുന്നത് വിശ്വസിക്കൂ. കെ.ജി.എഫ്. കണ്ടിട്ട് ആളുകള്‍ പറയുന്നത് ഇത് വലുതാണ്, മാക്‌സിമമാണ് എന്നാണ്. ഇല്ലീഗല്‍ മൈനിങ് സാധ്യതയുള്ള പോയിന്റാണ്. എന്തിനാണ് ഇത്ര വലിയ ലോകത്തെ ഒന്നില്‍ മാത്രമൊതുക്കി കാണുന്നത്. ഇത് തന്നെ വലിയൊരു ലോകമാക്കി മാറ്റാനാവും. ഒരുപാട് സാധ്യതകളുണ്ടാവും.

പ്രശാന്തിന്റെ മനസിലുള്ളതെന്താണെന്ന് എനിക്കറിയാം. അതിനെ പറ്റി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് വേറെ ലെവലാണ്. ഇന്ത്യ ആഘോഷിച്ച കെ.ജി.എഫ് സിനിമ പ്രശാന്ത് പറഞ്ഞ കഥയിലെ ചെറിയ ഭാഗമാണ്,’ യഷ് പറഞ്ഞു.

കെ.ജി.എഫിലുള്ള അതേ കണ്ടെയ്നറുകള്‍ നമ്പര്‍ സഹിതം സലാര്‍ ടീസറില്‍ കണ്ടെത്തിയതാണ് പുതിയ നിഗമനങ്ങളിലേക്ക് സോഷ്യല്‍ മീഡിയയെ നയിച്ചിരുന്നത്.

തന്നെയുമല്ല ചിത്രത്തിന്റെ ടീസര്‍ 5.12 ന് പുറത്തിറങ്ങിയതിനേയും കെ.ജി.എഫുമായി പ്രേക്ഷകര്‍ ബന്ധിപ്പിച്ചിരുന്നു. കെ.ജി.എഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണെന്നും കപ്പല്‍ തകരുന്നത് 5.12നാണെന്നുമാണ് ആരാധകര്‍ കണ്ടെത്തിയത്. ഈ ടൈമിങ് തമ്മില്‍ ബന്ധമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ട്രെയ്‌ലര്‍ പുറത്തുവരുമ്പോള്‍ കുറച്ചുകൂടി വ്യക്തത കിട്ടുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ സെപ്റ്റംബര്‍ 28ന് ചിത്രം റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കണം.

സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ് കാന്താര ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്‌സ്‌ക്യൂറ എന്റര്‍ടെന്‍യ്‌മെന്റ് പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: yash about prashanth neel’s movie concept

We use cookies to give you the best possible experience. Learn more