| Wednesday, 26th May 2021, 9:39 pm

യാസ് ചുഴലിക്കാറ്റില്‍ വലഞ്ഞ് പശ്ചിമബംഗാളും ഒഡീഷയും; ഒരു കോടിയിലേറെ ആളുകളെ ബാധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ബംഗാളില്‍ മൂന്നുപേര്‍ മരിച്ചതായിയി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ ഒരു കോടിയിലേറെ ആളുകളെ ചഴലിക്കാറ്റ് ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ലക്ഷം വീടുകള്‍ ചഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്.

ഒഡീഷയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി. ഒഡീഷയിലെ ദുര്‍ഗാപൂര്‍, റൂര്‍ക്കേല എന്നീ
വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പൂര്‍ണമായി കരയിലെത്തിയ യാസ് ശക്തികുറഞ്ഞു ചുഴലിക്കാറ്റായി മാറി ജാര്‍ഖണ്ഡിലേക്കു കടന്നിരിക്കുകയാണിപ്പോള്‍.

ഒഡീഷയിലെ തീരദേശ ജില്ലകളിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ആള്‍നാശമുണ്ടായിട്ടില്ല. ബലാസോര്‍, ബദ്രക്, ജഗത് സിങ് പൂര്‍ തുടങ്ങിയ ജില്ലകളെയാണ് യാസ് പിടിച്ചുകുലുക്കിയത്.

കൊല്‍ക്കത്തയുടെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ദിഗ, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, നന്ദിഗ്രാം എന്നീ ജില്ലകളില്‍ വന്‍ നാശമുണ്ടായതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

നേരത്തെ യാസ് ചുഴലിക്കാറ്റിന്റെ അപകട സാധ്യത മുന്നില്‍ കണ്ട് ലക്ഷകണക്കിന് പേരെ ഒഡീഷയില്‍ മാറ്റിപാര്‍പ്പിച്ചിരുന്നു. രണ്ട് ലക്ഷത്തിലേറെ പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നത്.

രാവിലെ ഒന്‍പതു മണിയോടെ സൂപ്പർ സൈക്ലോണായി യാസ് ഒഡീഷയിലെ ദംറ തുറമുഖത്തിനു സമീപത്തുകൂടി കരയില്‍ കയറുകയായിരുന്നു. നാലിക്കൂറ് സമയമെടുത്തു പൂര്‍ണായി കരതൊടാന്‍. തുടക്കത്തില്‍ മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗയയില്‍ ആഞ്ഞുവീശിയ യാസ് നിലവില്‍ ശക്തിയും വേഗതയും കുറഞ്ഞ് റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. എല്ലാ വര്‍ഷവും സംസ്ഥാനത്ത് ചെറുതും വലുതുമായ ചുഴലിക്കാറ്റ് ദുരന്തങ്ങളുണ്ടാവാറുണ്ട്. 1999ല്‍ 9885 പേര്‍ക്കായിരുന്നു ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായത്.

2013ല്‍ ഫൈലിനും 2018ല്‍ തിത്ലിയും ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശി. മരണസംഖ്യ കുറവായിരുന്നെങ്കില്‍ ആയിര കണക്കിന് പേര്‍ക്ക് വീടും കൃഷിസ്ഥലങ്ങളും നഷ്ടമായി.

2019ല്‍ ഫാനി എന്ന അതിതീവ്ര ചുഴലിക്കാറ്റ് വീശിയെങ്കിലും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതുകൊണ്ടു തന്നെ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. 64 പേരായിരുന്നു ഫാനിയില്‍ കൊല്ലപ്പെട്ടത്. 2020ല്‍ തന്നെ ഉംപുനും വന്നെങ്കിലും പശ്ചിമ ബംഗാളിലായിരുന്നു കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Yas hurricane causes heavy damage in West Bengal and Odisha

We use cookies to give you the best possible experience. Learn more