| Saturday, 1st September 2012, 11:38 pm

ആ ആദിവാസി ജനതയെ കൂട്ടക്കുരുതി നടത്തിയത് എന്തിനായിരുന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വര്‍ണ ഖനികളന്വേഷിക്കുന്ന നിയമവിരുദ്ധ ഗരിംപീറകള്‍ (garimpeiros) മുതല്‍ സര്‍ക്കാര്‍ പിന്തുണയുള്ള കോര്‍പ്പറേറ്റുകള്‍ വരെ എല്ലായിടത്തും ചെയ്യുന്നത് ഒന്നു തന്നെ. മനുഷ്യ-മനുഷ്യേതര സമുദായങ്ങളെ വിഭവങ്ങള്‍ക്കായി നശിപ്പിക്കുകയോ കുടിയൊഴിപ്പിക്കുകയോ ചെയ്യുക.


എസ്സേയ്‌സ്‌/സുഭാങ്കര്‍ ബാനര്‍ജി

മൊഴിമാറ്റം/ഷഫീക്ക് എച്ച്.

ഇന്ന് എനിക്ക് അങ്ങേയറ്റം വേദനാജനകമായൊരു ദിവസമായിരുന്നു. ഇന്ന് രാവിലെ രണ്ട് വാര്‍ത്തകളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ആമസോണ്‍ വനത്തില്‍ ജീവിക്കുന്ന 80 യനോമാമി ആദിവാസികളെ കൂട്ടകൊല നടത്തിയ വാര്‍ത്തയാണ് ഒന്നെങ്കില്‍ മറ്റൊന്ന് ആര്‍ട്ടിക് സമുദ്രത്തില്‍ എണ്ണ ഖനനം ചെയ്യാന്‍ ഷെല്ലിന് (Shell) ഒബാമ പച്ചക്കൊടി വീശിയതാണ്. രണ്ടും വിഭവങ്ങള്‍ക്കായി നടക്കുന്ന യുദ്ധമാണ്. ഒന്ന് സ്വര്‍ണം കുഴിച്ചെടുക്കാനായിട്ടുള്ളതാണെങ്കില്‍ മറ്റൊന്ന് എണ്ണ കുഴിച്ചെടുക്കാനായിട്ടുള്ളതും. []

ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി, “ആമസോണ്‍ എന്ന വെനിസ്വേലന്‍ പ്രദേശത്ത് എണ്‍പതോളം യനോമാമി ജനങ്ങളെ കൂട്ടക്കുരുതി ചെയ്തിരിക്കുന്നു.    പ്രദേശനിവാസികള്‍ പറയുന്നത്, സായുധധാരികളായ ഒരുകൂട്ടമാള്‍ക്കാര്‍ (നിയമവിരുദ്ധ സ്വര്‍ണ്ണ ഖനി അന്വേഷകര്‍) ഒരു ഹെലിക്കോപ്റ്ററില്‍ എത്തി ഹൈ ഒക്കാമ പ്രദേശത്തെ ഇറോടാത്തെറി നിവാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പം സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിക്കുകയും ചെയ്തു.”

ലോകത്തെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന തദ്ദേശ നിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ (ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് ഇത്. ഒരു വര്‍ഷത്തോളമായി അവരുടെ കാമ്പയിനുകള്‍ക്ക് ഞാന്‍ ഫോട്ടോഗ്രാഫുകള്‍ നല്‍കാറുണ്ട്.) ഒരു പത്രപ്രസ്താവനയില്‍ പറയുന്നു, “സംഭവശേഷം ബ്രസീലിന് തൊട്ടടുത്തായുള്ള വെനിസ്വേലന്‍ പ്രദേശമായ മൊമോയിയില്‍ കത്തിക്കരിഞ്ഞ മനുഷ്യരുടെ ശരീരങ്ങളും അസ്ഥികളും കണ്ടിട്ടുള്ളതായി ദൃക്‌സാക്ഷികള്‍ വിവരിക്കുന്നുണ്ട്. ഇതിനെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്തുവരുന്നതെങ്കിലും സംഭവം ജൂലൈയിലാണ് നടന്നത്.”

വെനിസ്വേലയ്ക്കും ബ്രസീലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന  ആമസോണില്‍ ഏകദേശം 20,000 യനോമാമി ജനങ്ങളാണ് ഉള്ളത്. ഇവരെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത് പ്രശസ്ത ഫോട്ടോജേണലിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ക്ലൗഡിയ ആന്‍ഡുജാറിന്റെ വിഖ്യാത ഫോട്ടോഗ്രാഫുകളില്‍ നിന്നാണ്.  1970കളോടെ ആന്‍ഡുജാര്‍ ഫോട്ടോജേണലിസം ഉപേക്ഷിക്കുകയും യനോമാമി ജനതയെ പറ്റിയുള്ള ആഴമേറിയ പഠനങ്ങളിലേയ്ക്ക് തിരിയുകയും ചെയ്തു.

വെനിസ്വേലയ്ക്കും ബ്രസീലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന  ആമസോണില്‍ ഏകദേശം 20,000 യനോമാമി ജനങ്ങളാണ് ഉള്ളത്.

ഇക്കാലത്ത് ആന്‍ഡുജാര്‍ ഒരുകാര്യം ശ്രദ്ധിച്ചു. “വടക്കന്‍ ബ്രസീലില്‍ സര്‍ക്കാര്‍ ദേശാന്തരഹൈവേ നിര്‍മിച്ചതിന്റെ ഭാഗമായി യനോമാമി ജനതയുടെ ചരിത്രത്തിലെതന്നെ വലിയൊരു സാംസ്‌കാരിക കുടിയൊഴിക്കല്‍ നടന്നിരുന്നു. റോഡുകള്‍ പണിയാനായി ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ നാശം വിതച്ചുകൊണ്ട് ഈ പാവം ജനതയ്ക്കിടയില്‍ അഞ്ചാംപനി പടര്‍ന്നുപിടിച്ചു.”

എണ്‍പതുകളില്‍ മറ്റൊരു വിനാശം ഇവരെ പിടികൂടി. വന്‍ നേട്ടങ്ങളെ കണ്ണുവെച്ചുകൊണ്ട് ആയിരക്കണക്കിന് ചെറുകിട നിയമവിരുദ്ധ സ്വര്‍ണ ഖനി അന്വേഷകര്‍ ഇവിടേയ്‌ക്കെത്തി. ഇതിന്റെ ഫലമായി 20 ശതമാനത്തോളം യനോമാമി ജനങ്ങള്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ നരവംശശാസ്ത്രജ്ഞരുടെയും സര്‍വൈവല്‍ ഇന്റര്‍നാഷണലിന്റെയും സഹായ സഹകരണത്തോടെയുള്ള 15 വര്‍ഷത്തെ കാമ്പെയിന്‍ നടത്തി. ഇതില്‍ ആന്‍ഡുജാറിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. ഇതിന്റെ ഫലമായി 1992ല്‍ യനോമാമി ജനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിയന്‍ സര്‍ക്കാര്‍ അവിടെ യനോമാമി പാര്‍ക്ക് സ്ഥാപിക്കുകയുണ്ടായി.

യനോമാമി ആദിവാസികള്‍

ജൂലൈയില്‍ നടന്ന കൂട്ടക്കുരുതിയില്‍ തദ്ദേശീയ ജനവാസം മൊത്തത്തില്‍ തുടച്ചുമാറ്റപ്പെട്ടു. ഇത് ആദ്യമായല്ല. “ഇന്‍ഡ്യന്‍ കൂട്ടക്കുരുതി” എന്നറിയപ്പെടുന്ന ക്യാമ്പ് ഗ്രാന്റ് കൂട്ടക്കൊല നടന്നത് 1871 ഏപ്രില്‍ 30നാണ്. കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമടക്കം അന്ന് നൂറ്റമ്പതോളം അപ്പാചിവിഭാഗത്തില്‍പ്പെട്ടവരാണ് അതിനിഷ്ഠൂരമായി കൊല്ലചെയ്തത്. അതും ആരിസോണയിലെ ആരവൈപ പ്രദേശത്തെ ഒരു അധിവാസ പ്രദേശത്തു നിന്നു മാത്രമായി.

ഈ സംഭവങ്ങളെ പറ്റി പ്രശസ്ത ചരിത്രകാരന്‍ കാള്‍ ജാക്കോബി “Shadows at Dawn: A Borderlands Massacre and the Violence of History” എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.

യനോമാമി കൂട്ടക്കൊലയെകുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ വരാന്‍ ഇനിയും വൈകും. പക്ഷേ ഒരു കാര്യം വ്യക്തമാണ്, ഇത് വിഭവത്തിനായുള്ള ഒരു യുദ്ധമാണ്. സ്വര്‍ണത്തിനുവേണ്ടിയുള്ള യുദ്ധമാണ് ഈ പ്രദേശത്ത് നടന്നത്. വരും ദശകങ്ങളിലും ഇത് വര്‍ദ്ധിക്കുമെന്നതാണ് നിര്‍ഭാഗ്യകരം. കാരണം പ്രകൃതി വിഭവങ്ങളില്‍ ഭൂരിഭാഗവും തദ്ദേശീയരായ ഈ ജനത ജീവിക്കുന്ന മണ്ണിനടിയിലോ ഇവര്‍ അതിജീവനം നടത്തുന്ന സമുദ്രാന്തര്‍ ഭാഗത്തോ ആണല്ലോ. ആമസോണ്‍, ആര്‍ട്ടിക്, ഇന്ത്യന്‍ വനങ്ങള്‍,  ഒക്കെ ഇതിനുദാഹരണങ്ങളാണ്. സ്വര്‍ണ ഖനികളന്വേഷിക്കുന്ന നിയമവിരുദ്ധ ഗരിംപീറകള്‍ (garimpeiros) മുതല്‍ സര്‍ക്കാര്‍ പിന്തുണയുള്ള കോര്‍പ്പറേറ്റുകള്‍ വരെ എല്ലായിടത്തും ചെയ്യുന്നത് ഒന്നു തന്നെ. മനുഷ്യ-മനുഷ്യേതര സമുദായങ്ങളെ വിഭവങ്ങള്‍ക്കായി നശിപ്പിക്കുകയോ കുടിയൊഴിപ്പിക്കുകയോ ചെയ്യുക.

ആമസോണിലെ യനോമാമി ജനതയുമായി ബന്ധപ്പെട്ട വിഭവ യുദ്ധം ആര്‍ട്ടിക്കിലെ  ഇന്യൂപിയാറ്റ് ജനവിഭാഗങ്ങളുമായി കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്. ആര്‍ട്ടിക് സമുദ്രത്തില്‍ എണ്ണ ഖനനത്തിനായി ഷെല്‍ എന്ന കോര്‍പ്പറേറ്റിന് ഒബാമ ഭരണകൂടം അനുമതിനല്‍കുകയുണ്ടായി. അലാസ്‌കയിലെ ബ്യൂഫോര്‍ട്ട്, ചുക്ചി കടലുകളിലാണ് ഈ അനുമതി പ്രാവര്‍ത്തികമാവുന്നത്. ഈ അംഗീകാരത്തെ ലളിതവല്‍ക്കരിച്ച് ഭരണകൂടം ഇതിനെ വിശേഷിപ്പിക്കുന്നത് “പ്രിപ്പറേറ്ററി വര്‍ക്ക്” എന്നാണ്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പോലും ഇനിയും ലഭിക്കാനിരിക്കുന്നതെയുള്ളു. എന്നിട്ടും ഷെല്‍ ഇവിടെ ഖനനം തുടങ്ങിക്കഴിഞ്ഞു എന്നതാണ് വസ്തുത.
അടുത്തപേജില്‍ തുടരുന്നു

വാസ്തവത്തില്‍ ആര്‍ട്ടിക്ക് ഖനനത്തിന്റെ ഫലമായി 10000ത്തില്‍ പരം ബോഹെഡ് തിമിംഗലങ്ങളും 60000ത്തില്‍ പരം ബെലൂഗ തിമിംഗലങ്ങളും 4000ത്തില്‍ പരം ധ്രുവ കരടികളും മറ്റ് അപൂര്‍വ ഇനം പക്ഷി മൃഗാദികളും അപകടത്തിലാവും.


മാധ്യമങ്ങള്‍ ജനശ്രദ്ധ തിരിച്ചുവിടാനായി ലളിതവിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആര്‍ട്ടിക് സമുദ്ര ഖനനവുമായി ബന്ധപ്പെട്ട് ഒരു എണ്‍വിയോണ്‍മെന്റെല്‍ ഇമ്പാക്ട് സ്റ്റേറ്റ്‌മെന്റ് ഇതുവരെയും ഭരണകൂടം തയ്യാറാക്കിയിട്ടില്ല. ഹിമത്തിനടിയില്‍ നിന്ന് പുറത്തുവരുന്ന സ്രവങ്ങളെ എങ്ങനെയാണ് സംസ്‌ക്കരിക്കേണ്ടതെന്ന് ആര്‍ക്കും അറിയില്ല. []

വാസ്തവത്തില്‍ ആര്‍ട്ടിക്ക് ഖനനത്തിന്റെ ഫലമായി 10000ത്തില്‍ പരം ബോഹെഡ് തിമിംഗലങ്ങളും 60000ത്തില്‍ പരം ബെലൂഗ തിമിംഗലങ്ങളും 4000ത്തില്‍ പരം ധ്രുവ കരടികളും മറ്റ് അപൂര്‍വ ഇനം പക്ഷി മൃഗാദികളും അപകടത്തിലാവും. കൂടാതെ ഇവിടങ്ങളിലെ തദ്ദേശീയരായ ഇന്യൂപിയാറ്റ് ജനവിഭാഗങ്ങളുടെ ജീവിതവും. ഇവര്‍ ഈ സമുദ്ര ഭാഗങ്ങളെയാണ് തങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക ആത്മീയ നിലനില്‍പ്പിനായി ആശ്രയിക്കുന്നത്.

ഇനി ഇതിനെപ്പറ്റി എന്തെങ്കിലും പഠന റിപ്പോര്‍ട്ട് ഉണ്ടോ എന്ന് ഒബാമയോട് ചോദിച്ചു നോക്കൂ. ഇല്ല എന്നായിരിക്കും അദ്ദേഹത്തിന്റെ ഉത്തരം. 2010 സെപ്റ്റംബര്‍ 13ന് സെത്ത് ബൊറെന്‍സ്റ്റീന്‍ എഴുതിയ ഒരു അസ്സോസിയേറ്റഡ് പ്രസ് സ്റ്റോറിയില്‍ പറയുന്നത് പതിനായിരക്കണക്കിന് കടല്‍ക്കുതിരകള്‍ അലാസ്‌കയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്തേരക്കടുക്കുന്നു എന്നാണ്. കാരണം കടല്‍ ഹിമം ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇത് കടല്‍ക്കുതിരകളെ വംശ നാശഭീഷണിയിലേയ്ക്ക് തള്ളിവിടും.

അതിനുശേഷം നമ്മള്‍ നൂറുകണക്കിനു തവണ ഷെല്ലിന്റെ ആര്‍ട്ടിക് ദൗത്യത്തെപ്പ്റ്റി കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു തവണയെങ്കിലും ആ കടല്‍ക്കുതിരകള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് കേട്ടിട്ടുണ്ടോ?

കഴിഞ്ഞ പത്ത് വര്‍ഷക്കാലം കൊണ്ട് ആര്‍ട്ടിക് ഉഷ്ണാവസ്ഥയ്ക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നു. ഇത് ഉത്തരമേഖയിലെ പാരിസ്ഥിതിക സാംസ്‌കാരിക ഘടകങ്ങളില്‍ ധ്രുത ഗതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് ഈ മാറ്റങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ല. എന്നാല്‍ ഷെല്‍ അവിടെ ഖനനവുമായി മുന്നോട്ട് പോകുന്നുണ്ട്. ഒബാമ ഭരണകൂടത്തിന് നന്ദി.

ആര്‍ട്ടിക് സമുദ്രത്തിലും സമീപ പ്രദേശങ്ങളിലും നൈജെര്‍ ഡെല്‍റ്റയിലും തദ്ദേശീയരായ ഒഗോണി ജനതയ്ക്കുമൊക്കെ വളരെയധികം അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കമ്പനിക്ക് യാതൊരു പഠനവുമില്ലാതെ ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒബാമ അനുമതി നല്‍കിയതെന്തിനാണ്? ഇത്തരത്തില്‍ ഷെല്ലിന് അനുമതി നല്‍കുന്നതിലൂടെ പരിസ്ഥിതി സംഘടനകളുടെയും നമ്മുടെയും മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയാണ് ഒബാമ ചെയ്തിരിക്കുന്നത്. ഒബാമ പാരിസ്ഥിതിക സമൂഹങ്ങളെ കളിയാക്കുകയാണ് ഇവിടെ ചെയ്യുന്നത്. കാരണം അവര്‍ ഒരിക്കലും ഒബാമയെ വെല്ലുവിളിച്ചിട്ടില്ല. വളരെ താഴ്മയോടെ അദ്ദേഹത്തോട് വീണ്ടും വീണ്ടും കെഞ്ചുക മാത്രമേ ചെയ്യുന്നുള്ളു.

ആര്‍ട്ടിക് സമുദ്രത്തിലും സമീപ പ്രദേശങ്ങളിലും നൈജെര്‍ ഡെല്‍റ്റയിലും തദ്ദേശീയരായ ഒഗോണി ജനതയ്ക്കുമൊക്കെ വളരെയധികം അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കമ്പനിക്ക് യാതൊരു പഠനവുമില്ലാതെ ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒബാമ അനുമതി നല്‍കിയതെന്തിനാണ്?

ഇന്യൂപിയാറ്റ് വേട്ടക്കാരന്‍

മുതിര്‍ന്ന ഇന്യൂപിയാറ്റ് പൗരയും സമുദായ നേതാവുമായ കരോളിന്‍  കാനന്‍  “Arctic Voices: Resistance at the Tipping Point” എന്ന തന്റെ ഗ്രന്ഥത്തിലെഴുതി, “സര്‍ക്കാരും കമ്പനിയും ഞങ്ങളാരെന്നും ഞങ്ങളുടെ അവകാശങ്ങളെന്തെന്നും ഞങ്ങള്‍ക്ക് എന്തെല്ലാമാണ് ലഭ്യമാകുന്നതെന്നും മറക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെമേല്‍ അവര്‍ വിവരങ്ങളും അഭ്യര്‍ത്ഥനകളും അന്തിമ ശാസനകളും കൊണ്ട് ചൊരിയുകയാണ്. ഒന്നുകില്‍ ഞങ്ങള്‍ ഒഴിവാകും അല്ലെങ്കില്‍ പൊരുതി മരിക്കും എന്നാണവര്‍ കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ ഒഴിയുകയില്ല. പോരാട്ടം മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും. “

വിനാശകരമായ വിഭവയുദ്ധത്തില്‍ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകത്തെങ്ങുമുള്ള തദ്ദേശിയരായ ജനവിഭാഗങ്ങള്‍.  നീണ്ടൊരു കാലത്തോളം  ആദിവാസി വിഭാഗങ്ങള്‍ “കിരാതര്‍” എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. യനോമാമി വിഭാഗക്കാരാണോ കിരാതര്‍? ഈ ഇന്യൂപിയാറ്റ് വിഭാഗക്കാരാണോ കിരാതര്‍? ബഹുത്വാധിഷ്ടിതമായ ഒരു ജനതയാണോ കിരാതര്‍? കിരാതം എന്ന വാക്ക് അതിന്റെ തന്നെ തലയില്‍ വെയ്‌ക്കേണ്ട കാലം എത്തിയിരിക്കുന്നു. തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് പോരാടുകയും പ്രതിരോധിക്കുകയുമല്ലാതെ മറ്റുമാര്‍ഗങ്ങളില്ല.


സുഭാങ്കര്‍ ബാനര്‍ജി: എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, സാമൂഹ്യപ്രവര്‍ത്തകന്‍. തദ്ദേശീയരുടെ അവകാശങ്ങളെ പറ്റിയും പ്രകൃതിമാറ്റങ്ങളെ പറ്റിയുമുള്ള അവബോധമുണര്‍ത്താനായി ആര്‍ട്ടിക് മേഖലയിലെ പ്രകൃതി-സംസ്‌കാര ദുര്‍ബല പ്രദേശങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു.  Arctic Voices: Resistance at the Tipping Point എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയാണ് സുഭാങ്കര്‍ ബാനര്‍ജി. 2012ല്‍ ലനാന്‍ ഫൗണ്ടേഷന്‍ കല്‍ചറല്‍ ഫ്രീഡം അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.


കടപ്പാട്:climatestorytellers.org

We use cookies to give you the best possible experience. Learn more