national news
ദല്‍ഹിയിലെ ആം ആദ്മിയുടെ തോല്‍വിക്ക് കാരണം യമുനയുടെ ശാപം; അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 02:38 pm
Monday, 10th February 2025, 8:08 pm

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം യമുന നദിയുടെ ശാപമാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. രാജിക്കത്ത് കൈമാറാന്‍ രാജ്ഭവനിലെത്തിയ മുന്‍ മുഖ്യമന്ത്രി അതിഷി മാര്‍ലേനയോടാണ് സക്സേന ഇക്കാര്യം പറഞ്ഞത്.

യമുന നദിയിലെ മലിനീകരണം, ശുചീകരണം സംബന്ധിച്ച വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് എ.എ.പി സര്‍ക്കാരിന് പലതവണ നിര്‍ദേശം നല്‍കിയിരുന്നതായും സക്സേന പറഞ്ഞു. എന്നാല്‍ ഈ വിഷയങ്ങളില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ആം ആദ്മി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സക്സേന പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സക്‌സേനയുടെ പരാമര്‍ശത്തോട് അതിഷി പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015ല്‍ അധികാരത്തിലേറിയ കെജ്‌രിവാള്‍ അഞ്ച് വര്‍ഷം കൊണ്ട് യമുനയെ ശുദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് നിറവേറ്റുന്നതില്‍ കെജ്‌രിവാള്‍ പരാജയപ്പെടുകയിരുന്നു.

2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഹരിയാന സര്‍ക്കാര്‍ യമുന നദിയില്‍ വിഷം കലര്‍ത്തുന്നുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനെ ലക്ഷ്യമിട്ടായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.

അതിഷിയും എ.എ.പിയും സമാനമായ ആരോപണം പ്രചരണങ്ങളിലുടനീളം ഉയര്‍ത്തിയിരുന്നു. പിന്നാലെ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ ഹരിയാന കോടതി കെജ്‌രിവാളിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഇതിനിടെ യമുന നദിയിലെ വെള്ളം കുടിച്ച് കാണിക്കാന്‍ കഴിയുമോയെന്ന് കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തു. കെജ്‌രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി യമുനയിലെ വെള്ളം കുടിച്ച് കാണിക്കുകയും ചെയ്തിരുന്നു.

ഒരേ മുന്നണിയിലെയിരിക്കെ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും യമുന വിഷയത്തില്‍ കെജ്‌രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. യമുന നദി മാലിന്യമുക്തമാക്കുമെന്ന വാഗ്ദാനം കെജ്‌രിവാള്‍ നടപ്പിലാക്കിയില്ല എന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം.

കെജ്‌രിവാളിനോട് തന്നെ യമുനയിലെ വെള്ളം കുടിക്കാന്‍ രാഹുല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാണാന്‍ താന്‍ ആശുപത്രിയില്‍ പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം കെജ്‌രിവാളിന്റെ യമുന പ്രസ്താവന ഉള്‍പ്പെടെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് തിരിച്ചടിയാകുകയായിരുന്നു.

Content Highlight: Yamuna’s Curse Caused Aam Aadmi’s Defeat in Delhi; Lt. Governor to Atishi