മലയാളത്തില്‍ ഏറ്റവും പ്രസിദ്ധി നേടിയ സീരിയലാണ് ജ്വാലയായി. ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സീരിയല്‍ മമ്മൂട്ടിയായിരുന്നു നിര്‍മിച്ചത്. വയലാര്‍ മാധവന്‍ കുട്ടി സംവിധാനം ചെയ്ത സീരിയലില്‍ കെ.ബി. ഗണേഷ് കുമാര്‍, കൊല്ലം തുളസി, വിഷ്ണു പ്രകാശ്, യമുന റാണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായത്.
സീരിയലില്‍ യമുന റാണി അവതരിപ്പിച്ച ലിസി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് പുറത്ത് പോയപ്പോള്‍ കഥാപാത്രത്തോടുള്ള ദേഷ്യം കാരണം ആളുകള്‍ തന്നെ ആക്രമിക്കാന്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് യമുന റാണി. കഥാപാത്രമാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചപ്പോഴും എന്തിനാണ് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്നാണ് അവര്‍ ചോദിച്ചതെന്നും യമുന റാണി പറഞ്ഞു. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഭയങ്കര ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് ലിസി. ജനങ്ങളിലേക്ക് ഭയങ്കരമായി ഇടിച്ച് കേറിയ കഥാപാത്രമാണ്. ആ സമയത്ത് കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ പോയ സമയത്ത് കുറെ പെണ്ണുങ്ങള്‍ എന്നെ, ‘ലിസി’യെ അടിക്കാന്‍ വന്നു. അവര്‍ ലിസിയായാണ് എന്നെ കണ്ടത്.
അതിനിടക്ക് അച്ഛന്‍ ഇടപെട്ടു. അത് കഥാപാത്രമാണ് എന്റെ കൊച്ച് പാവമാണ് എന്ന് പറഞ്ഞ് അച്ഛന് അവരെ ബോധ്യപ്പെടുത്തേണ്ടി വന്നു. ആണെങ്കില്‍ കൂടിയും ഇങ്ങനൊക്കെ എന്തിനാണ് ചെയ്യുന്നതെന്നാണ് അവര്‍ ചോദിച്ചത്. അതില്‍ കുഞ്ഞ് ഇഴഞ്ഞ് വരുമ്പോള്‍ ഞാന്‍ കാല് കൊണ്ട് തട്ടുന്ന സീനുണ്ട്. അതൊക്കെ വന്നപ്പോള്‍ ആളുകള്‍ക്ക് ഭയങ്കര ദേഷ്യമായിരുന്നു.
അഭിനയമാണെന്ന് ആളുകളോട് പറയുമ്പോള്‍ ഇങ്ങനെയൊക്കെയുള്ള സീന്‍ അഭിനയിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്. അന്ന് അതിലൊരു സ്ത്രീ എന്നോട് മച്ചിയായി പോവുമെന്ന് പറഞ്ഞു. അന്ന് എനിക്ക് ആ വാക്കിന്റെ അര്‍ത്ഥം അറിയില്ല. അച്ഛനും അമ്മയും അങ്ങനെയൊന്നും പറയല്ലേ, അത് ജോലിയല്ലേ എന്നൊക്കെ പറഞ്ഞു. പിന്നീടാണ് എനിക്ക് അതിന്റെ അര്‍ത്ഥമൊക്കെ മനസിലായത്,’ യമുന റാണി പറഞ്ഞു.
Content Highlight: yamuna rani about jwalayayi seriel