മോട്ടോര്‍ സൈക്കിള്‍ നിര്‍മാണം നിര്‍ത്തിവെച്ച് ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ വിഭാഗത്തില്‍ സാന്നിധ്യമുറപ്പിക്കാനാണ് യമഹയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണിയില്‍ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.[]
യുവതികള്‍ക്ക് വേണ്ടിയുള്ള “റേയുടെ പിന്‍ഗാമിയായി അടുത്ത വര്‍ഷത്തോടെ യുവാക്കളെ ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്ടി, സ്‌റ്റൈലിഷ് യമഹ സ്‌കൂട്ടര്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
നിലവില്‍ ഇന്ത്യയില്‍ യമഹയുടെ സ്വാധീനം ഡീലക്‌സ്, പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണികളില്‍ ഒതുങ്ങുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ് “റേയുമായി യമഹ സ്‌കൂട്ടര്‍ വിപണിയില്‍ പ്രവേശിച്ചത്.
ഒക്‌ടോബര്‍ അവസാനം വരെ 16,000 “റേ വിറ്റഴിഞ്ഞത് യമഹയ്ക്ക് പ്രതീക്ഷ ഏറെ നല്‍കി. 2012 അവസാനിക്കുമ്പോള്‍ സ്‌കൂട്ടര്‍ വില്‍പ്പന 40,000 പിന്നിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
2015 ആകുമ്പോഴേക്ക് ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകള്‍ക്കുള്ള വിഹിതം ഇപ്പോഴത്തെ 20 ശതമാനത്തില്‍ നിന്ന് ഇരട്ടിയായി വളരുമെന്നാണ് കണക്കുകള്‍. ഇത് മുന്നില്‍ കണ്ടാണ് യമഹയുടെ ഇപ്പോഴത്തെ നീക്കം.
യമഹ അവതരിപ്പിക്കുന്ന പുതിയ ബൈക്ക് മിക്കവാറും എത്തുക 2015ലാവും. 40,000 മുതല്‍ 50,000 രൂപ വരെ വിലയുള്ള, 125 സി. സി എന്‍ജിന്‍ ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളാവും പുറത്തിറക്കുകയെന്നാണ് ഇന്ത്യ യമഹ മോട്ടോര്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഹിരുയോകി സുസുക്കി നല്‍കുന്ന സൂചന.
ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ചെന്നൈയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കാനുള്ള യമഹയുടെ നടപടികളും പുരോഗതിയിലാണ്. 1,500 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന നിര്‍മാണശാലയില്‍ 2014 ജനുവരിയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.