ന്യൂദല്‍ഹി: ഗിയര്‍രഹിത സ്‌കൂട്ടറായ സൈനസ് റേ സീ ആറിന്റെ പുതിയ വകഭേദം ജാപ്പനീസ് നിര്‍മാതാക്കളായ യമഹ പുറത്തിറക്കി. സ്ട്രീറ്റ് റാലി എന്നു പേരിട്ട പതിപ്പിന് 57,898 രൂപയാണു ദല്‍ഹി ഷോറൂമിലെ വില.
റേ സീ ആറിന്റെ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് രണ്ടായിരത്തോളം രൂപ അധികമാണിത്. അതുകൊണ്ടുതന്നെ യമഹയുടെ ഇന്ത്യന്‍ ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുമാണ് സ്ട്രീറ്റ് റാലി.
ഈ മാസം അവസാനത്തോടെ വാഹനം വില്‍പ്പനക്കെത്തും. പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സഹിതം യമഹ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന ആദ്യ മോഡലാണിത്.
Read: ഇസ്‌ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം
പരിഷ്‌കരിച്ച മുന്‍ ഫെയറിങ്ങും റിയര്‍ വ്യൂ മിററുകളുമാണു “സ്ട്രീറ്റ് റാലി”യുടെ സവിശേഷത. കാറ്റില്‍ നിന്നു സംരക്ഷണം നല്‍കുന്നതിനൊപ്പം ചെളി തെറിക്കുന്നതു തടയാനും ലക്ഷ്യമിട്ടാണ് മുന്‍ ഫെയറിങ്ങിന്റെ രൂപകല്‍പ്പന പരിഷ്‌കരിച്ചതെന്നാണു യമഹയുടെ വിശദീകരണം.
റാലി റെഡ്, റേസിങ് ബ്ലൂ നിറങ്ങളിലാണ് സ്‌കൂട്ടര്‍ ലഭിക്കുക. ബ്ലൂ കോര്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 113 സി.സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് സ്ട്രീറ്റ് വാലിക്ക് കരുത്തേകുക.
എന്‍ജിന്റെ പ്രകടനത്തെപ്പറ്റി യമഹ വ്യക്തമായ സൂചന നല്‍കിയിട്ടില്ല. പത്ത് ഇഞ്ച് അലോയ് വീലോടെ എത്തുന്ന ബൈക്കില്‍ ട്യൂബ് രഹിത ടയറുകളാണു യമഹ ഘടിപ്പിക്കുക.
കൂടാതെ മുന്നില്‍ ഡിസ്‌ക് ബ്രേക്കും ഉണ്ടാകും. ഈ വില നിലവാരത്തില്‍ 125 സി.സി സ്‌കൂട്ടറുകളായ ടി.വി.എസ്.എന്‍ ടോര്‍ക്, ഹോണ്ട ഗ്രാസ്, സുസുക്കി അക്‌സസ് തുടങ്ങിയവയാണ് പ്രധാന എതിരാളികള്‍.