ഇന്ത്യയില്‍ യമഹ ഉല്‍പ്പാദിപ്പിച്ച സ്‌കൂട്ടറുകളുടെ എണ്ണം 10 ലക്ഷം തികഞ്ഞു. ഫാസിനോയാണ് ഈ നേട്ടം കുറിച്ച് ഉത്തര്‍ പ്രദേശിലെ സുരജ്പൂര്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയത്.
2012 സെപ്റ്റംബറിലാണ് ഇന്ത്യ യമഹ മോട്ടോര്‍ സ്‌കൂട്ടര്‍ നിര്‍മ്മാണം ആരംഭിച്ചത്. റേ ആയിരുന്നു ആദ്യ മോഡല്‍. 2016 ജൂണ്‍ അവസാനം വരെയുളള കണക്കെടുത്താല്‍ മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 94 ശതമാനം വില്‍പ്പന വളര്‍ച്ച യമഹ നേടിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 4.60 ലക്ഷം വില്‍പ്പനയുമായി സ്‌കൂട്ടര്‍ വിപണിയില്‍ 10 ശതമാനം ഓഹരി നേടാനാണ് യമഹയുടെ നീക്കം.
പത്ത് ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചതില്‍ 80,000 എണ്ണം വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്തു. നേപ്പാള്‍, ശ്രീലങ്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കമ്പനി സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രധാനമായും സിഗ്‌നസ് റേ സി മോഡലാണ് വിദേശത്തേയ്ക്ക് അയയ്ക്കുന്നത്.
ചെന്നൈ, ഫരീദാബാദ് എന്നിവിടങ്ങളിലും നിര്‍മ്മാണശാലയുള്ള യമഹ നിലവില്‍ സിഗ്‌നസ് റേ സി, സിഗ്‌നസ് ആല്‍ഫ, സിഗ്‌നസ് റേ സി ആര്‍, ഫാസിനോ എന്നീ ഗീയര്‍ലെസ് സ്‌കൂട്ടറുകള്‍ വിപണിയിലിറക്കുന്നുണ്ട്.
ഇന്ത്യന്‍ കമ്പനി എസ്‌കോര്‍ട്ടുമായി ചേര്‍ന്ന് 1985 ലാണ് യമഹ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിയില്‍ സാന്നിധ്യമറിയിച്ചത്. 2001 ഓഗസ്റ്റില്‍ യമഹ സ്വതന്ത്രമായി ഇരുചക്ര വാഹന നിര്‍മ്മാണവും വിപണനവും ആരംഭിച്ചു.