ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹയുടെ ഡിസ്‌ക് ബ്രേക്കുള്ള ഗിയര്‍ലെസ് സ്‌കൂട്ടര്‍ സിഗ്നസ് ആല്‍ഫ വിപണിയിലെത്തി. ഉടന്‍ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ സ്‌കൂട്ടറിന് ദല്‍ഹി ഷോറൂമില്‍ 52,556 രൂപയാണു വില. റേഡിയന്റ് സയാന്‍, മാര്‍വല്‍ ബ്ലാക്ക് എന്നീ പുതിയ രണ്ടു നിറങ്ങളില്‍ സിഗ്നസ് ആല്‍ഫ ലഭ്യമാകും. ഡ്രം ബ്രേക്കുള്ള സിഗ്നസ് ആല്‍ഫയാണു നിലവില്‍ വിപണിയിലുള്ളത്.
യമഹയുടെ സ്വന്തം ആവിഷ്‌കാരമായ ബ്ലൂ കോര്‍ ടെക്‌നോളജിയുടെ പിന്‍ബലമുള്ള എന്‍ജിനാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. സ്‌കൂട്ടറിലെ 113 സി.സി, എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 66 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
സീറ്റിനടിയില്‍ 22 ലീറ്ററാണു സംഭരണ ശേഷി.കഴിഞ്ഞ ഏതാനും വര്‍ഷമായി മികച്ച വളര്‍ച്ചയാണു സ്‌കൂട്ടര്‍ വിപണി കൈവരിക്കുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തില്‍ സ്ഥിരമായ നേട്ടം കൈവരിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് സ്‌കൂട്ടര്‍ വിപണിയില്‍ 10% വിഹിതമാണു യമഹ ലക്ഷ്യമിടുന്നത്.
ഈ ദിശയിലുള്ള നീക്കമാണ് ഡിസ്‌ക് ബ്രേക്കുള്ള സിഗ്നസ് ആല്‍ഫ അവതരണമെന്നും കുര്യന്‍ വിശദീകരിച്ചു. കൂടുതല്‍ സുരക്ഷ ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണു ഡിസ്‌ക് ബ്രേക്കുള്ള സിഗ്നസ് ആല്‍ഫയിലൂടെ കമ്പനി നോട്ടമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.