[] ന്യൂദല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്തു. സുപ്രീംകോടതിയാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തിരിക്കുന്നത്.
2007ലാണ് ടാഡ കോടതി യാക്കൂബിന് വധശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് യാക്കൂബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. 10 ദിവസം മുമ്പാണ് ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയത്.
മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. 1994ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ച് യാക്കൂബ് മേമന്‍ അറസ്റ്റിലാകുകയായിരുന്നു. ടൈഗര്‍ മേമനും വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാള്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്നു.
രണ്ടിടങ്ങളിലായി മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിധി നടപ്പിലാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.