മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് പ്രണബ് മുഖര്‍ജി മേമന്റെ വധശിക്ഷ നല്‍കിയിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രതി രണ്ട് തവണ ദയാഹര്‍ജി സമര്‍പ്പിക്കുന്നത്.
വധശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കാനിരിക്കെയാണ് മേമന്‍ രാഷ്ട്രപതിക്കും ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദീപക് മിശ്ര, പ്രഫുല്ല. സി. പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് മേമന്റെ ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം മേമന്റെ ഹര്ജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, കുര്യന്‍ ജോസഫ് എന്നിവര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നത്. ജസ്റ്റീസ് അനില്‍ ആര്‍ ദവെ മേമന്റെ ഹര്‍ജി തള്ളിയപ്പോള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.
ജൂലൈ 30നാണ് മേമന് വധശിക്ഷ നല്‍കാന്‍ കോടതി നേരത്തെ വിധിച്ചിരുന്നത്. അതേ സമയം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മേമന്റെ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.