| Sunday, 26th July 2015, 7:14 pm

യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരുടെ ദയാഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമുഖര്‍ ഒപ്പിട്ട ദയാഹര്‍ജി രാഷ്ട്രപതിക്ക്. മുതിര്‍ന്ന അഭിഭാഷകനായ രാം ജെത്മലാനി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ഡി.രാജ, മണിശങ്കര്‍ അയ്യര്‍, പ്രശാന്ത് ഭൂഷണ്‍, എന്‍. റാം, ആനന്ദ് പട്‌വര്‍ദ്ധന്‍, മഹേഷ് ഭട്ട്, നസറുദ്ദീന്‍ ഷാ എന്നിങ്ങനെ നാല്‍പതോളം പേരാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയും ദയാഹര്‍ജിയില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

വധശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മേമനെ പിന്തുണച്ച് കൊണ്ട് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ദയാഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്.

ഇടത് നേതാക്കളായ സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ തന്നെ മേമനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. സ്‌കിസോഫ്രീനിയ എന്ന ഗുരുതര മാനസിക രോഗത്തിന് അടിമയായ മേമനെ വധശിക്ഷക്ക് വിധേയനാക്കരുതെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധിയുണ്ടെന്നും സി.പി.ഐ.എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ദയാഹര്‍ജിയില്‍ ഒപ്പിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more