ഒപ്പീനിയന്‍; ഉത്തംസെന്‍ഗുപ്ത
മൊഴിമാറ്റം: ജീജ സഹദേവന്‍
കടപ്പാട്: ഔട്ട് ലുക്ക്
കവര്‍ ചിത്രം : സ്വാതി ജോര്‍ജ്
കുറ്റത്തിന് ശിക്ഷ നല്‍കുക എന്നുള്ളത് രാജ്യത്തിന്റെ ധര്‍മ്മമാണെന്ന സുപ്രീം കോടതി ജഡ്ജി അനില്‍ ദേവയുടെ വാക്കുകള്‍ കുറെ നാളത്തേക്ക് ചെവിയില്‍ മുഴങ്ങും. അതുപോലെ തന്നെയാണ് അറ്റോണി ജനറല്‍ മുകുള്‍ റോഹറ്റ്ഗിയുടെ വാക്കുകളും. “അനിവാര്യമായതിന് കാലതാമസം വരുത്തുകയാണ് താങ്കള്‍ ചെയ്യുന്നത്. ഈ മനുഷ്യന്‍ കഴുമരത്തിലേക്കാണ് പോകേണ്ടത്.” എന്നാണ് അദ്ദേഹം വ്യക്തമായി ജസ്റ്റിസ് കുര്യന്‍ ജോസഫിനോട് പറഞ്ഞിരുന്നത്.
1993 സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദ് ചെയ്യുണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ രണ്ടു പേരും എതിര്‍ത്തു. രാജ്യ ധര്‍മ്മം അനുസരിച്ച് മായ കോട്‌നാനിയെയും ബാബു ബജ്‌റങിയെയും കൊലമരത്തിലേക്ക് അയക്കുമോ?
താനൊരു ഏകാധിപതിയായിരുന്നെങ്കില്‍ എല്ലാവരെയും നിര്‍ബന്ധിപ്പിച്ച് ഭഗവത് ഗീത വായിപ്പിക്കുമായിരുന്നെന്ന് ജസ്റ്റീസ് ദേവ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീതി നടപ്പാക്കുന്നതും രാജ്യധര്‍മ്മമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒരാള്‍ കൃത്യമായി വായിക്കുകയാണെങ്കില്‍ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ അയാള്‍ നേരിടേണ്ടിവരും. ജഡ്ജിയോ അറ്റോണി ജനറലോ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതിരുന്ന ചോദ്യങ്ങളാവും അത്.
1992 ല്‍ അദ്ദേഹം മുംബൈയിലായിരുന്നപ്പോഴാണ് ബാബ്‌റിന്‍ മസ്ജിദ് തകര്‍ക്കപ്പെട്ടത്. നഗരത്തില്‍ 1992-93 ഡിസംബര്‍- ജനുവരിയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 900 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു, അതില്‍ ഭൂരിഭാഗം പേരും മുസ്‌ലീങ്ങള്‍ ആയിരുന്നു. 1993 ല്‍ 13 ബോംബ് സ്‌ഫോടനങ്ങളില്‍ 250 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം ദുബൈയിലായിരുന്നു.
യാക്കൂബ് മേമനായിരുന്നു സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. ഓപ്പറേഷന് രണ്ട് ദിവസത്തിന് മുമ്പ് അദ്ദേഹം ഇവിടുന്ന് പോവുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സ്‌ഫോടനം നടത്താന്‍ അവരുടെ ലെഫ്റ്റനെന്റ് നേരിട്ട് എത്തിയിരുന്നു. മേമന്‍ രാജ്യം വിട്ടുവെന്ന് ഉറപ്പായതിന് ശേഷമാണ് ആക്രമികള്‍ രാജ്യത്തെത്തിയതെന്നും അവര്‍ പറഞ്ഞിരുന്നു.
തങ്ങള്‍ ദുബൈ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും തങ്ങളുടെ കുടുംബത്തിലെ പകുതിപ്പേരും അവിടെയാണെന്നുമാണ് മേമന്റെ വാദം. മുംബൈയിലെ അവസ്ഥ മോശമായതോടെ യാക്കൂബിന് ഓഫീസില്‍ പോലും കൃത്യമായി പോകാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തന്റെ കുടുംബം ഇവിടുന്ന് പോകാന്‍ തീരുമാനിച്ചു.
മേമനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നവകാശപ്പെടുന്ന ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കോ, സി.ബി.ഐക്കോ, റോയ്‌ക്കോ സ്‌ഫോടനത്തിലെ മേമന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും പങ്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മേമന്‍ ഇന്ത്യയില്‍ നിന്ന് പോയതില്‍ പോലും സംശയകരമായ ഒന്നും കണ്ടെത്താന്‍ ഇവര്‍ സാധിച്ചിട്ടില്ല. മാത്രമല്ല, മേമന്‍ ഇങ്ങനെ ചെയ്യും എന്ന് തെളിയിക്കാന്‍ ആവശ്യമായ ഒരു തെളിവും അദ്ദേഹവുമായി ബന്ധട്ടെവരില്‍ നിന്നും ലഭിച്ചിട്ടില്ല.
സഹോദരങ്ങള്‍ നഗരത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും അവരാണ് ബോബ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ മേല്‍ ഗൂഢാലോചന കുറ്റം ചുമത്താന്‍ കഴിഞ്ഞു. ഈ സഹോദരങ്ങളില്‍ ടൈഗര്‍ മേമന് പങ്കുണ്ടെന്നുള്ളത് കുടുംബം സ്വയം അംഗീകരിച്ച കാര്യമാണ്. ബോംബ് കടത്തുന്നതില്‍ അയാള്‍ ഐ.എസ്.ഐയെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഗൂഢാലോചനയ്ക്കുള്ള ശിക്ഷ മരണമല്ല.
“ഈ കേസിലെ വധശിക്ഷയില്‍ എങ്ങനെയാണ് യാക്കൂബ് മേമന്റെ പേര് ആദ്യം പരാമര്‍ശിക്കപ്പെടുന്നത്. ഇത് മുമ്പ് കണ്ടിട്ടില്ലാത്ത് വളരെ അസാധാരണമായ കാര്യമാണ്” എന്ന് കുര്യന്‍ ജോസഫ് ചോദിച്ചത് വളരെ ശരിയാണ്.
നിയമപരമായ എല്ലാ നടപടികളും അവസാനിച്ചിട്ടും സുപ്രീം കോടതി ഈ ചോദ്യം ഉന്നയിച്ചിട്ടില്ലെന്ന വാദമാണ് അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി ഉയര്‍ത്തുന്നത്. ജസ്റ്റിസ് അനില്‍ ദേവയും അറ്റോണി ജനറലിനെ പിന്തുണയ്ക്കുന്നുണ്ട്. പരാതിയില്‍ ഒരു കാര്യവുമില്ലെന്നാണ് അദ്ദേഹവും പറയുന്നത്.
താന്‍ വലിയ ദുഖത്തിലാണെന്ന് യാക്കൂബ് മേമന്‍ പറഞ്ഞപ്പോള്‍ ആ ദുഖം അവസാനിപ്പിക്കാമെന്ന് ദേവ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ സുപ്രീം കോടതിയും ആ തെറ്റിലൂടെ പോകണമെന്ന് എ.ജി വാദിക്കുന്നത് സാധാരണക്കാര്‍ക്ക് വിചിത്രമായ കാര്യമാണ്.
തെറ്റുപറ്റി എന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടതല്ലേ ? ഇതാണോ നീതി നടപ്പാക്കുന്നുണ്ടെന്ന് നമ്മള്‍ സങ്കല്‍പ്പിക്കുന്ന വ്യവസ്ഥ ?
വിപരീത വിധി അസ്വസ്ഥമാണ്, നൂറില്‍ അധികം പേരെയാണ് മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിച്ചിരിക്കുന്നത്, (ലഹയുമായി ബന്ധപ്പെട്ട് ആരും ഇല്ല). യാക്കൂബ് മേമന് മാത്രമാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ രാജ്യത്ത് ഇല്ലാതിരുന്ന ഒരാള്‍ക്ക് വധശിക്ഷ നല്‍കുമ്പോള്‍ സ്‌ഫോടനത്തിന് യഥാര്‍ത്ഥത്തില്‍ പദ്ധതി തയ്യാറാക്കിയവര്‍ രക്ഷപ്പെടുകയല്ലേ. ?
ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങള്‍
ഹരജി സുപ്രീം കോടതി പരഗണിക്കുന്നതിന് മുമ്പ് എങ്ങനെയാണ് വിചാരണ കോടതി അദ്ദേഹത്തിനെതിരെ ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ചത്.? എന്തായിരുന്നു ഇക്കാര്യത്തില്‍ കോടതിക്ക് ഇത്ര ധൃതി ? സുപ്രീം കോടതിയിലെ ഹരജിയെക്കുറിച്ച് വിചാരണ കോടതിക്ക് അറിവില്ലായിരുന്നോ ?
യാക്കൂബ് മേമന് വധശിക്ഷ നടപ്പാക്കാനാവശ്യമായ ആരോഗ്യമുണ്ടെന്ന് ആരാണ് സാക്ഷ്യപ്പെടുത്തിയത്. സര്‍ക്കാര്‍ നിയമിച്ച ഡോക്ടര്‍മാര്‍ തന്നെ യാക്കൂബിന് മാനസിക രോഗമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിയമമനുസരിച്ച് ഭിന്ന ശേഷിയുള്ളവരെയും മാനസികരോഗമുള്ളവരെയും വധശിക്ഷയ്ക്ക് വിധിക്കാന്‍ പാടില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്തുകൊണ്ടാണ് വിചാരണ കോടതിയും സുപ്രീം കോടതിയും ഇത് ശ്രദ്ധിക്കാതിരുന്നത്.?
പ്രതിയുടെ സാന്നിധ്യമില്ലാതെ എങ്ങനെയാണ് ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ചത്. പ്രതിയുടെ സാന്നിധ്യത്തില്‍ വധശിക്ഷാ വിധി വായിക്കണമെന്നാണ് നിയമം. ആ സമയത്ത് പ്രതിക്ക് അഭിഭാഷക സഹായം ലഭിക്കണമെന്നും നിയമമുണ്ട്. എന്നാല്‍ യാക്കൂബിന്റെ കേസില്‍ എന്തുകൊണ്ട് വിചാരണ കോടതി ഈ നിയമങ്ങള്‍ വായിച്ചില്ല.? കോടതിക്ക് ഈ നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നോ?
ശിക്ഷാ കാലയളവില്‍ പ്രതികളില്‍ ഗുണകരമായ മാറ്റമുണ്ടാക്കുന്നതിനാണ് ലോകമെമ്പാടും ജയിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. തടവു സമയത്ത് നല്ല പെരുമാറ്റം ഉണ്ടാകുന്നത് ശിക്ഷയുടെ കാലാവധി കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. 20 വര്‍ഷക്കാലമാണ് യാക്കൂബ് ജയിലില്‍ കഴിഞ്ഞത്. രണ്ട് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു, എന്നാല്‍ ഇതൊന്നും പരിഗണക്കാന്‍ കോടതികളോ മറ്റ് അധികൃതരോ തയ്യാറായില്ല, ഇതാണോ കോടതിയുടെ നല്ല പെരുമാറ്റം ?