| Thursday, 30th July 2015, 5:24 pm

മേമന്‍ വിഷയത്തില്‍ എടുത്ത നിലപാട് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഒറ്റപ്പെടുത്തി: കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് എതിരായി നിലപാടെടുത്തതിലൂടെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന് മുമ്പില്‍ താന്‍ ഒറ്റപ്പെട്ടു പോയെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

മേമന് എതിരെയുണ്ടായിരുന്ന തെളിവുകളെല്ലാം ദുര്‍ബലമായിരുന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന് വധശിക്ഷ നല്‍കിയത് തെറ്റാണെന്നാണ് താന്‍ അഭിപ്രായപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും നമ്മുടെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍ക്കിടയില്‍ ഞാന്‍ അപ്രിയനായിത്തീര്‍ന്നിട്ടുണ്ട്.

എന്നുവെച്ചാല്‍ 80 ശതമാനത്തോളം വരുന്ന എന്റെ രാജ്യത്തുള്ളവര്‍ക്കിടയില്‍ ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ജനപ്രീതി ആഗ്രഹിക്കാത്തതിനാല്‍ അത് കാര്യമാക്കുന്നില്ല. ചിലപ്പോഴൊക്കെ ഞാന്‍ എടുക്കുന്നതുപോലുള്ള ജനപ്രിയമല്ലാത്ത ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ ഒരാള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടേക്കാം. എന്നാല്‍ സുപ്രധാന കാര്യമെന്ന് പറയുന്നത് എടുക്കുന്ന നിലപാട് ശരിയായിരിക്കണം എന്നതാണ്.

ഗ്രാമീണ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വര്‍ഗീയ വൈറസുകള്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. യാക്കൂബ് മേമന്റെ വിഷയത്തില്‍ ഹിന്ദുക്കളായിട്ടുള്ളവര്‍ കൂടുതലും മേമന് വധശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുമ്പോള്‍ മുസ്‌ലീങ്ങളായിട്ടുള്ളവരില്‍ ഭൂരിഭാഗവും മേമന് വധ ശിക്ഷ നല്‍കരുതെന്നാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യന്‍ സമൂഹം കൂടുതലും വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.  എന്റെ ഊഹം ശരിയാണെങ്കില്‍ 80-90 ശതമാനം ഹിന്ദുക്കളും വര്‍ഗീയവാദികളാണ് (അതായത് മുസ്ലീം വിരുദ്ധരാണ്). അതുപോലെ 80-90 ശതമാനം മുസ്‌ലിംങ്ങളുംങ്ങളും വര്‍ഗീയവാദികളാണ്.

We use cookies to give you the best possible experience. Learn more