രാത്രിയുമ്മക്കഥകള്‍-3; നെപ്ട്യൂണ്‍ മന്ദാരക്കണ്ണനും മഴവില്‍വള്ളി ട്രൗസറും
Yakshye Kathakal
രാത്രിയുമ്മക്കഥകള്‍-3; നെപ്ട്യൂണ്‍ മന്ദാരക്കണ്ണനും മഴവില്‍വള്ളി ട്രൗസറും
യക്ഷി
Friday, 23rd March 2018, 9:30 pm

കുഞ്ഞി കുടുക്കക്ക് അറിയോ നെപ്ട്യൂണ്‍ മന്ദാരക്കണ്ണനെ?,

ആകാശക്കുളത്തിന്റെ തെക്കേമൂലേലുള്ള ആ പേരമരം കണ്ടോ..അതില്‍ കേറി താഴേക്ക് ചാടി ഒറ്റക്കാലില്‍ മുങ്ങാംകുഴിയിട്ട് ഒരു രാത്രിദൂരം താഴോട്ടു പോവുമ്പോ വല്യേ ഒരു ഇടനാഴീലെത്ത്വേ..

അവിടെ നീലനിറത്തിലുള്ള ഒരു ഇടങ്ങഴി പാത്രംണ്ടേ.. അതില്‍  കേറിയിരുന്നു കണ്ണടച്ചാല്‍ നെപ്ട്യൂണ്‍ മന്ദാരക്കണ്ണന്റെ ചെവീക്കൂടെ നമ്മള്‍ പ്സ്സൂ.. ന്ന് പറഞ്ഞ് പുറത്തേക്ക് ചാടും. ന്നിട്ട് മന്ദാരക്കണ്ണന്റെ ഒറ്റ കടുക്കനില്‍ പിടിച്ച് തോളില്‍ക്ക് ചാടി, അവ്ട്ന്ന് കുപ്പായത്തിന്റെ കയ്യില്‍ തൂങ്ങി നിരങ്ങി ഇറങ്ങി, വിരല്‍ത്തുമ്പത്തെത്തി താഴേക്ക് എത്തി നോക്കുമ്പ കാണാം… ഇരുന്നൂറു നിറങ്ങളോണ്ട്ണ്ടാക്കിയ മന്ദാരകണ്ണന്റെ തട്ടുതട്ടുള്ള മഴവില്‍ വള്ളി ട്രൌസര്‍.

വിരല്‍തുമ്പത്തിന്നു കൈവിട്ടു ചാടിവള്ളി ട്രൗസറിന്റെ തട്ടുകളിലൂടെ പാഞ്ഞും ചാഞ്ഞും ചരിഞ്ഞും പോയിപ്പോയിപ്പോയിപ്പോയി താഴെ എത്തുമ്പോ വഴീലിരുന്നു സൂചീല്‍ തേന്‍നൂല്ക്കാപന്‍ നോക്കണ വയസ്സായ ചെരുപ്പുകുത്തി ചോദിക്കും,

“”മന്ദാരകണ്ണന്മഴവില്‍ ട്രൗസറുകിട്ടിയ കഥ അറിയോ?””

ന്നിട്ട് ഉത്തരത്തിനൊന്നും കാത്ത് നിക്കാതെ കഥ പറഞ്ഞു തുടങ്ങും.

പണ്ട് പണ്ട് പണ്ട്, ആകാശകുളത്തില് മാമ്പഴമീനോള് മുട്ടയിടാന്‍ വരണമാസത്തില്‍, ജൂപിറ്റര്‍ സുല്‍ത്താന്‍ കുഞ്ഞിനും വെളുവെളുത്ത പ്ലൂട്ടാമ്മക്കും നീല നീല നീല നിറത്തിലുള്ള ഒരു കുട്ടിണ്ടായി. നല്ല മഞ്ഞുതുള്ളിപോലെ സുന്ദരമായമുഖം. പക്ഷെ കണ്ണിന്റെ സ്ഥാനത്തിണ്ട് മന്ദാരപ്പൂമൊട്ട്.

സുല്‍ത്താന്‍ കുഞ്ഞും  പ്ലൂട്ടാമയും വിചാരിച്ചു-രണ്ട് ദിവസം കഴിഞ്ഞാ ശരിയാവും.  രണ്ട് ദിവസം കഴിഞ്ഞപ്പോ വിചാരിച്ചു-ഒരാഴ്ച കഴിയുമ്പ വിരിയുവായിരിക്കും.  എവടെ!. അങ്ങനെ പോയിപ്പോയി ഒരുമാസം ആവാറായി. നെപ്ട്യൂണ്‍ ചെക്കന്‍ കണ്ണു തുറക്കുന്നേ ഇല്ല. മെല്ലെ മെല്ലെ അച്ഛനും അമ്മക്കും വല്ലാതെ പേടിയാവാന്‍ തുടങ്ങി. കാത്തിരുന്ന് കിട്ടിയ കുട്ട്യാണ്, അതിന്റെ കണ്ണു ശരിയാക്കാന്‍ എന്താപ്പോ  ചെയ്യാ. അവര്‍ നാടാകെ ചോദിച്ചു നടപ്പായി. പറഞ്ഞുകേട്ടതും വായിച്ചു പഠിച്ചതും വച്ച് അന്നാട്ടുകാര്‍ക്ക് അറിയാവുന്ന വേലയെല്ലാം ചെയ്തുനോക്കി.  ഒരു രക്ഷയുമില്ല.

രണ്ടുപേരും അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് നാട്ടിലേക്ക്  ഒരു പേരു കേട്ട ഉല്ക്കവൈദ്യന്‍ വരുന്നത്. മേലാകെചുക്കിചുളിഞ്ഞ്, ദേഹം മൊത്തം പൊടിയും പിടിച്ച് ഒരുമൂപ്പര്‍.

വൈദ്യന്‍, ജൂപിറ്റര്‍ സുല്‍ത്താന്‍ കുഞ്ഞിനോട്  പറഞ്ഞു.

“മൊട്ട് വിരിഞ്ഞാലേ കുട്ടിക്ക് കാഴ്ച ശക്തി കിട്ടൂ സുല്ത്താനേ”
പ്ലൂട്ടാമ കരഞ്ഞു കൊണ്ട് ചോദിച്ചു. “അതിനു ഞങ്ങള് എന്ത് ചെയ്യാനാ വൈദ്യരെ?”

വൈദ്യര്‍ ഇത്തിരി നേരം ഒന്ന് ആലോചിച്ചു.
“ഒരുമഴവില്‍ വള്ളി ട്രൌസര്‍ സംഘടിപ്പിക്കണം.  അത് ഇടുവിച്ച് ചെക്കനെ ആകാശകുളത്തിന്റെ മുറ്റത്ത് നിര്‍ത്തിയാ വെളിച്ചമടിച്ച് താഴേന്ന് മാമ്പഴ മീനോള് പൊന്തിവരും. വെളിച്ചം കണ്ടാല്‍ മീനോള് ചെകിള ഇളക്കി ശബ്ദമുണ്ടാക്കും. അങ്ങനെ വന്നാ ചെകിളേടെ അടീല്‍നിന്നും പഴുത്ത മാമ്പഴത്തിന്റെ മണം ചെന്ന് മന്ദാരമൊട്ടിന്റെ ഉള്ളിലേക്ക്‌കേറും. മെല്ലെ മെല്ലെ അത് വിരിഞ്ഞ് പൂവായിമാറും.”

“അതിനുമഴവില്‍ ട്രൌസറു വേണ്ടേ വൈദ്യരെ..”

“വേണം..”

“എവ്ട്ന്നാ അത് കിട്ടാ?”

“ഉം..

നിറങ്ങളുണ്ടാവണ നാട്ടില്‍ ഇടയ്ക്ക് ഒരു നാടോടി സംഘം വന്നു പോവാറിണ്ട്. അവര്‌ടെ എടേല്‍ ശനിയാത്താന്‍ എന്നൊരു ചീട്ടുകളിക്കാരന്‍ണ്ട്. അയാള്‍ടെ മടീല് ഞാന് കണ്ടിണ്ട് ഒരിക്കെ, മഴവില്‍ ചീട്ടുകൊണ്ട് ഉണ്ടാക്കിയ തട്ടുതട്ടുള്ള പാവാട ഉടുത്തൊരു കുട്ടിയെ. നമ്മക്ക് വേണ്ടിയും ഒന്ന് ഉണ്ടാക്കി തരാമോ എന്ന്‌ചോദിച്ചുനോക്ക്..”ഉല്ക്ക വൈദ്യര്‍പറഞ്ഞു.

പ്ലൂട്ടാമയും സുല്‍ത്താന്‍ കുഞ്ഞും  സംശയിച്ചാണെങ്കിലും ഉടനെത്തന്നെ നിറങ്ങളുണ്ടാവണ നാട്ടിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു.
നെപ്ട്യൂണ്‍ കുട്ടനെ മുത്തശ്ശിടെ അടുത്താക്കി, പറക്കണ പരല്‍ മീനിന്റെ  പുറത്ത് ഒരു മാസത്തേക്കുള്ള ഭക്ഷണോം വെള്ളോം ഒക്കെയായി രണ്ടുപേരും അങ്ങനെ പോവാണ്. കുറേപ്പോയിപ്പോയി, മലയും മേടും താണ്ടി അവരൊരു പായല്‍ക്കാട്ടിലെത്തി. കൊടുംകാട്, വഴിയറിയാന്‍  ഒരുവഴിയുമില്ല.

കാട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കണ്ണുകാണാതെ പറന്ന് പറന്ന് പരല്‍മീനും ക്ഷീണിച്ചു. അങ്ങനെ മീനിനെ ഒരുകുഞ്ഞ്യേ ഓളത്തില് കെട്ടിയിട്ട് പ്ലൂട്ടാമ്മയും ഭര്‍ത്താവും വിശ്രമിക്കാന്‍ ഇരുന്നു. ഇരിക്കുമ്പോ അതാദൂരെ നിന്ന് ഒരു പാട്ട്  കേക്കുന്നു.  ഏതോ അറിയാത്ത ഭാഷയിലാണ്. പാട്ട് അടുത്തടുത്ത് വരാണ്. പെട്ടെന്ന് ഒന്ന് കണ്ണടച്ചു തുറന്നതും ഒരുവല്യേ കൂട്ടം കാട് ചവിട്ടി മെതിച്ചു കൊണ്ടുവരുന്നു.

“”ജില്‍ഗുരഗുര..ഗില്‍ഗുരഗുര..””
“”ഗില്‍ഗുരഗുര..ജില്‍ഗുരഗുര..””

എല്ലാവരും കൈകള്‍ മുകളിലേക്കാക്കി കാലുകള്‍ ഒരു പ്രത്യേക താളത്തില്‍ ചവിട്ടിക്കൊണ്ട് കാറ്റ് പോലെ അങ്ങട്ട് വരാ.  രണ്ട് കൈയ്യില്‍ നിന്നും തീ പുറത്തേക്ക് ഒഴുകാണ്.  കൈ തന്നയാണ് അവര്‌ടെ പന്തം. സുല്‍ത്താന്‍ കുഞ്ഞിനും പ്ലൂട്ടാമ്മക്കും മനസിലായി, ഇത് തന്നെയാണ വൈദ്യര്‍ പറഞ്ഞ ആ നാടോടിസംഘം, അവര്‍ നിറങ്ങള്‍ടെ നാട്ടിലേക്കുള്ള യാത്രയിലാണ്. രണ്ടാളും കൂടി പെട്ടെന്ന് പരല്‍ മീനിന്റെ കെട്ടഴിച്ചു, മീനാകെ പേടിച്ചുനില്‍ക്കാണ്.  അവര് അതിന്റെ ചുമലിലൊന്നു തലോടികൊടുത്തു. പിന്നെ നാടോടികള്‍ക്ക് പിന്നാലെ വേഗത്തില്‍ അതിനെ ഓടിച്ചുകൊണ്ട് പോയി.

അങ്ങനെ രാവിലെ ആയപ്പോഴേക്കും സുല്‍ത്താന്‍ കുഞ്ഞും പ്ലൂട്ടാമ്മയും സംഘത്തോടൊപ്പം നിറങ്ങള്‍ടെ നാട്ടിലെത്തി. അവരൊന്നു ചുറ്റും നോക്കി. നിറങ്ങളുടെ ഒരുലോകം. പച്ച, ചുവപ്പ്, പിന്നെ ഇതുവരെ കാണാത്ത, പേരറിയാത്ത നിറങ്ങള്‍. നീല കണ്ടപ്പോ നെപ്ട്യൂണ്‍ കുട്ടന്റെ ഓര്‍മ വന്ന് പ്ലൂട്ടാമ്മ ഒന്ന് തേങ്ങി.

അവരാകെ ക്ഷീണിച്ച് പോയിരുന്നു. നാടോടി സംഘത്തിനു പക്ഷെ യാതൊരുക്ഷീണവും ഇല്ല. അവര്‍ ഒരു വയലറ്റ് തണല്‍ നോക്കി മെല്ലെ ഒന്ന് മയങ്ങാന്‍ കിടന്നു.

എണീറ്റ് നോക്കിയപ്പോ ഉണ്ടെടാ ഒരു പടുകൂറ്റന്‍ കൂടാരം മുമ്പില്‍. നാടോടികള്‍ എല്ലാം കൂടെ കെട്ടി ഉണ്ടാക്കിയതാ.

എത്ര നേരായി ഉറങ്ങാന്‍ തുടങ്ങിയിട്ട് എന്ന് ജൂപിറ്ററിനും പ്ലൂട്ടാമ്മക്കും ഒരെത്തും പിടിയും കിട്ടിയില്ല.  അവര്‍ ചാടി എഴുന്നേറ്റ് മെല്ലെ കൂടാരത്തിനുള്ളിലേക്ക് വെച്ചു പിടിച്ചു. ശനിയാത്താനെ കണ്ടുപിടിക്കണ്ടേ..

ഉള്ളിലേക്ക് കയറിയതും അവര്‍ അത്ഭുതം കൊണ്ട് കണ്ണു തള്ളി നിന്നു പോയി. എന്തൊക്ക്യാ അതിന്റെ ഉള്ളില്‍ ?.

ഒരു മൂപ്പന്‍ പൂത്തിരീന്ന് നക്ഷത്രങ്ങളെ വേര്‍തിരിച്ച് സ്വപ്നങ്ങള്‍ കിളിര്‍ക്കാനുള്ള മരുന്നുണ്ടാക്കുന്നു. വേറൊരാള് പാമ്പിന്റെ നോട്ടം വടിച്ചെടുത്ത് ചതച്ച് കണ്മഷിയുണ്ടാക്കി വില്‍ക്കുന്നു. പക്ഷെ അവര്‍ക്ക് വേണ്ടത് അതൊന്നുമായിരുന്നില്ല. ശനിയാത്താനെ കാണണം. ആ  വലിയ കൂടാരത്തിനുള്ളില്‍ അവര്‍  തലങ്ങും വിലങ്ങും നടന്നു. ആരോടെങ്കിലും ചോദിക്കാന്‍ ആണെങ്കില്‍ ഭാഷ അറിയണ്ടേ?

അവസാനം കൂടാരത്തിന്റെ ഒരു മൂലയില് ആരും ശ്രദ്ധിക്കാതെ ഒരുപാട് ഒരുപാട് ചീട്ടുപെട്ടികളുമായി ഇരിക്കണ ശനിയാത്താനെ അവര്‍ കണ്ടുപിടിച്ചു. വൈദ്യര്‍ പറഞ്ഞതു പോലെ അങ്ങേരൊരു പെണ്‍ക്കുട്ടിയും  മടിയില്‍ ഇരിക്കുന്നുണ്ട്. അവരൊന്നു സൂക്ഷിച്ചുനോക്കി. അവള്‍ടെ അരയിലതാ തട്ടുതട്ടുള്ള ഒരുമഴവില്‍ പാവാട.  പ്ലൂട്ടാമ്മയും സുല്‍ത്താന്‍ കുഞ്ഞും  ഓടിച്ചെന്ന് ശനിയാത്താന്റെ മുന്നില്‍ മുട്ടുക്കുത്തിയിരുന്നു.  ശനിയാത്താന്‍ ഒന്ന് മുഖമുയര്‍ത്തി നോക്കി. പ്ലൂട്ടാമ്മ എങ്ങിനെയാണ് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക എന്നറിയാതെ കുഴങ്ങി.

സുല്‍ത്താന്‍ കുഞ്ഞ് എന്തൊക്കെയോ  പറയാന്‍ ശ്രമിച്ച് വയ്യാതെയായി മുഖം പൊത്തി കരയാന്‍ തുടങ്ങി.  സുല്‍ത്താന്‍ കുഞ്ഞിന്റെ വിരലിലൂടെ ഒരു കണ്ണു നീര്‍ത്തുള്ളി താഴേക്ക് ഉരുണ്ടുവീണു. അത് താഴെ തൊടും മുമ്പേ ശനിയാത്താന്റെ കിടാവ് കൈനീട്ടി പിടിച്ചു. അവള്‍ അതിനെ കൈയ്യിട്ട് ഒന്ന് ഉരുട്ടി.നോക്കുമ്പോ അതില്‍ മെല്ലേ നെപ്ട്യൂണ്‍ കുട്ടന്റെ  രൂപം തെളിഞ്ഞു വരുന്നു. പാവം ഒന്നും അറിയാതെ തൊട്ടിലില്‍ കിടന്ന് പൊട്ടിച്ചിരിക്ക്യാണ്. പക്ഷെ കണ്ണിന്റെ സ്ഥാനത്ത് വിരിയാത്ത രണ്ട് മന്ദാര മൊട്ടുകള്‍.

ശനിയാത്താന് കാര്യം മനസിലായി.

മൂപ്പര്‍ കൈനീട്ടി കുറെ നിറമുള്ള ചീട്ടുപെട്ടികള്‍ എടുത്ത് കശക്കി മേലേക്കെറിഞ്ഞു. താഴെ വീഴുന്ന മുറക്ക് അവ മടക്കിയും ഒതുക്കിയും ഒരുക്കിയെടുത്തു. അങ്ങനെ നീണ്ട നേരത്തെ അധ്വാനത്തിന് ശേഷം ശനിയാത്താന്‍ ഇരുന്നൂറു നിറങ്ങളുള്ള, മേലാകെ തട്ടുതട്ടുള്ള ഒരുമഴവില്‍ ട്രൗസര്‍ ഉണ്ടാക്കിയെടുത്ത് പ്ലൂട്ടാമ്മയുടെ കൈയ്യില്‍വച്ചു കൊടുത്തു. പ്ലൂട്ടാമ്മ സന്തോഷം  കൊണ്ട് മതിമറന്നു. സുല്‍ത്താന്‍ കുഞ്ഞ് സന്തോഷം കൊണ്ട് കൈയ്യിലുള്ളതെല്ലാം ശനിയാത്താന്റെ മുന്നില്‍ നിക്ഷേപിച്ചു.

ശനിയാത്താന്‍ അതില്‍ നിന്ന്  തൊട്ടാവാടി മുള്ളിന്റെ ചീര്‍പ്പെടുത്ത് കഷണ്ടി തലയൊന്നു ചീന്താന്‍ നോക്കി ബാക്കിയെല്ലാം തിരിച്ചു കൊടുത്തു. മടിയിലിരുന്ന കിടാവ്‌പൊട്ടിച്ചിരിച്ചു.

പ്ലൂട്ടാമയും ജൂപിറ്റര്‍ സുല്‍ത്താന്‍ക്കുഞ്ഞും  വേഗത്തില്‍ കൂടാരത്തിന് പുറത്തെത്തി പരല്‍മീനിന്റെ പുറകില് കയറി പറന്നു തുടങ്ങി.  ഇരുട്ടാവുന്നതിനു  മുമ്പ് അവര്‍ പായല്‍ക്കാടും കടന്ന് വീട്ടില്‍ തിരിച്ചെത്തി. പ്ലൂട്ടാമ്മ വേഗം ഉള്ളിലേക്ക് ഓടിച്ചെന്ന് നെപ്ട്യൂണ്‍ കുഞ്ഞുമായി പുറത്തെത്തി. മെല്ലെ ആകാശ കുളത്തിന്റെ മേലേക്ക്‌നീന്തി പൊങ്ങി വന്ന് ശനിയാത്താന്‍ തന്ന മഴവില്ല്  ട്രൗസര്‍ കുഞ്ഞിനെ ഉടുപ്പിച്ചു. മഴവില്‍ ട്രൗസര്‍ അണിഞ്ഞതും നെപ്ട്യൂണ്‍ കുഞ്ഞ്  ഇരുന്നൂറു നിറങ്ങളില്‍ അങ്ങനെ തിളങ്ങാന്‍ തുടങ്ങി.

വെളിച്ചം കണ്ടതും മാമ്പഴ മീനുകള് മേലേക്ക് വരാന്‍ തുടങ്ങി. ഒന്നേ..രണ്ടേ..പത്തേ.. നിമിഷ നേരം കൊണ്ട് ആകാശക്കുളം മൊത്തം മാമ്പഴ മീനുകളെക്കൊണ്ട് നിറഞ്ഞു. എല്ലാരും സന്തോഷം കൊണ്ട് ചെകിളയിളക്കാന്‍ തുടങ്ങി. ചെകിളയില്‍ നിന്നും പഴുത്ത മൂവാണ്ടന്‍ മാങ്ങേടെ മണം പൊങ്ങിവന്ന് അന്തരീക്ഷമാകെ നിറയാന്‍ തുടങ്ങി. മെല്ലെ മെല്ലെ അത് നെപ്ട്യൂണ്‍ കുഞ്ഞിന്റെ  മുഖത്തെ മന്ദാരമൊട്ടിന്റെ ഉള്ളിലേക്കും കടന്നു. അതാ  മന്ദാര മൊട്ട് ഓരോ ഇതളായി വിടരാന്‍ തുടങ്ങാണ്.

മെല്ലെ മെല്ലെ മെല്ലേ മെല്ലെ രണ്ട്‌ മൊട്ടുകളും വലിയ രണ്ട് മന്ദാര പൂവുകളായി വിരിഞ്ഞു.

നെപ്ട്യൂണ്‍കുഞ്ഞ് അമ്മയെയും അച്ഛനെയും നോക്കി രണ്ട് നീല പല്ലുകള്‍ കാട്ടി കുലുങ്ങി കുലുങ്ങി ചിരിച്ചു. മഴവില് ട്രൌസറിന്റെ വെളിച്ചം കുറഞ്ഞു തുടങ്ങി.  മാമ്പഴ മീനുകള്‍ തിരിച്ചുപോയി.

പ്ലൂട്ടാമ്മയും ജൂപിറ്റര്‍ സുല്‍ത്താന്‍ കുഞ്ഞും  നെപ്റ്റ്യൂണ്‍ മന്ദാരക്കണ്ണനെ എടുത്ത് മെല്ലെ വീട്ടിലേക്ക് തിരികെപ്പോയി. വീട്ടിലെത്തി കുഞ്ഞിനൊരു കണ്ണുമ്മ കൊടുത്ത്‌ തൊട്ടിലാട്ടി ഉറക്കിക്കൊണ്ട് അവര്‍ പറഞ്ഞു.

“ഉറങ്ങിക്കോടാ നെപ്ട്യൂണ്‍  മന്ദാരകണ്ണാ..

ജില്‍ഗുരഗുര..ഗില്‍ഗുരഗുര..
ഗില്‍ഗുരഗുര..ജില്‍ഗുരഗുര..””