രാത്രിയുമ്മക്കഥകള്‍-2 അടുക്കള പാത്രങ്ങള്‍ ഉണ്ടാക്കിയ പിറന്നാള്‍ സദ്യ
Yakshye Kathakal
രാത്രിയുമ്മക്കഥകള്‍-2 അടുക്കള പാത്രങ്ങള്‍ ഉണ്ടാക്കിയ പിറന്നാള്‍ സദ്യ
യക്ഷി
Friday, 16th March 2018, 8:38 pm

 

കുഞ്ഞുക്കുടുക്കക്ക് അടുക്കള പാത്രങ്ങള്‍ ഉണ്ടാക്കിയ പിറന്നാള്‍ സദ്യയെ കുറിച്ചറിയോ ?

പണ്ടൊരുസം ഒരു വീട്ടിലെ അച്ഛനും അമ്മയും കുട്ടികളുമൊക്കെ ദൂരെയൊരു അമ്മായിടെ വീട്ടിലേക്ക് വിരുന്നു പോയേ. ആ വീട്ടില് ഒരു മുത്തശ്ശിയും ഉണ്ടായിരുന്നേ. മുത്തശ്ശിനെ അവര് കൊണ്ടു പോയില്ല്യേ., അന്നു മുത്തശ്ശീടെ നൂറാം പിറന്നാളാരുന്നു. വീട്ടുകാരൊക്കെ അത് മറന്നു പോയിരുന്നു. മുത്തശ്ശിയും അതുമറന്നു പോയിരുന്നു. അങ്ങനെ നൂറാം പിറന്നാളിന്റന്ന് വീട്ടില്‍ തനിച്ചായിപ്പോയ മുത്തശ്ശീ, മുറീന്നു പുറത്തിറങ്ങാതെ കട്ടിലില്‍ ചുരുണ്ട് കൂടി കിടന്നു.

ഭക്ഷണത്തോട് നല്ലോണം ഇഷ്ടണ്ടാര്‍ന്നു മുത്തശിക്ക്. ഒറ്റ വറ്റുപോലും കളയാതെ കഴിക്ക്വാര്‍ന്നു. നൂറു വയസ്സായിട്ടും മുത്തശ്ശീടെ ഒറ്റ പല്ലുപോലും ഇളകാന്‍ തുടങ്ങിയിട്ടില്ലാര്‍ന്നു. എന്നാ ആരാ ഉള്ളേ മുത്തശ്ശിക്ക് അന്നൊരു പിറന്നാള് സദ്യ ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ ?

ഈ സമയം അടുക്കളയില്‍ ഒരു കാര്യം സംഭവിച്ചു. അടുക്കളയിലെ ഉപയോഗിക്കാതെ മാറാലപിടിച്ചുപോയ പഴയൊരു കല്ലടുപ്പ് പിറന്നാളിന്റെ കാര്യം ഓര്‍ത്തെടുത്തു. ഉറക്കത്തില്‍ നിന്നും എണീറ്റപോലെ മുഖത്ത് നിന്നും മാറാല എല്ലാം മാറ്റി, പൊടിയൊക്കെ തുടച്ച് കല്ലടുപ്പ് അടുത്തിരിക്കുന്ന ഗ്യാസടുപ്പിനോട് മെല്ലെ പറഞ്ഞു,

“ഇന്ന് നമ്മുടെ അമ്മൂമ്മേടെ നൂറാം പിറന്നാളാണ് ?”

“അതിന് ?”

“നമുക്കെന്തെലും ഉണ്ടാക്കി കൊടുത്താലോ ?”

“എന്ത് ഉണ്ടാക്കി കൊടുക്കാനാ ?”

“ഒരു പിറന്നാള് സദ്യ ഉണ്ടാക്കി കൊടുക്കാം”

“അതിനിവിടെ ആരും ഇല്ലാലോ കല്ലടുപ്പേ..”

“അതെന്ന്യാ പറഞ്ഞെ.. ആരും ഇല്ലാലോ.. അപ്പൊ ആരും അറിയാതെ നമുക്കെന്നെ ഒരു സദ്യ ഉണ്ടാക്കി കൊടുത്തൂടെ ?

“നിങ്ങളെന്ത് പ്രന്താണീ പറയണത് ?, ഈ മടിയന്‍ പാത്രങ്ങളും, പൊണ്ണത്തടിയന്‍ പ്രഷര്‍ കുക്കറും, സ്‌റ്റൈലന്‍ കത്തികളും ആരും ഇല്ലാതെ മേലനങ്ങി പണിയെടുക്കും എന്ന് തോന്നുന്നുണ്ടോ?”

“നമ്മക്ക് ചോദിച്ചു നോക്കാലോ..” കല്ലടുപ്പ് പറഞ്ഞു.

കല്ലടുപ്പ് ഒന്ന് ചുറ്റും നോക്കി. എല്ലാവരും ഉറക്കം തൂങ്ങി കിടപ്പാണ്. പ്രഷര്‍ കുക്കര്‍ വിസിലൊക്കെ അഴിച്ചു വെച്ച് വിശ്രമത്തിലാണ്. പാത്രങ്ങള്‍ സ്റ്റാന്റില്‍ തട്ടിയും മുട്ടിയും പരദൂഷണം പറഞ്ഞു കിടക്കുന്നു. കത്തികളൊക്കെ വലിപ്പിനുള്ളില്‍ ചരിഞ്ഞു കിടപ്പാണ്. കല്ലടുപ്പ് ഒന്ന് ചുമച്ചു. ആരും ശ്രദ്ധിക്കുന്നില്ല. പഴയ ചാരമൊക്കെ മാറ്റി ഒന്നുകൂടെ ഉറക്കെ ചുമച്ചു. എല്ലാവരും മെല്ലെ ഒന്ന് എത്തി നോക്കി. കല്ലടുപ്പ് മെല്ലെ പറഞ്ഞു തുടങ്ങി.

“നമ്മടെ അമ്മൂമ്മേടെ നൂറാം പിറന്നാളാണ് ഇന്ന്. ഞാന്‍ ണ്ടായ കാലം മുതല്‍ക്കേ ഈ അടുക്കളയെ നോക്കീം മിനുക്കിയും തുടച്ചും കഥകള്‍ പറഞ്ഞും കൊണ്ട് നടന്നതാണ് അമ്മൂമ. നിങ്ങള്‍ക്കറിയോ എന്നറിയില്ല. നമ്മടെ അടുക്കളയെ ഒരുപാട് സ്നേഹിച്ച അമ്മൂമ്മക്ക് നമ്മള് എന്തേലും പിറന്നാള്‍ സമ്മാനം കൊടുക്കണം എന്ന് എനിക്കൊരു തോന്നല്‍. ഒരു കുഞ്ഞു സദ്യയുണ്ടാക്കി നമുക്ക് അമ്മൂമ്മയെ സന്തോഷിപ്പിച്ചാലോ ?” കല്ലടുപ്പ് പ്രതീക്ഷയോടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ചോദിച്ചു.

എല്ലാരും പിറുപിറുത്തുകൊണ്ട് വീണ്ടും തിരിഞ്ഞു കിടന്നു.

“ഒരു ദിവസം വെറുതെയിരിക്കാന്‍ കിട്ടിയതാ.. അപ്പഴാണ് പിറന്നാള് സദ്യ”

പൊണ്ണത്തടിയന്‍ പ്രഷര്‍ കുക്കര്‍ റബ്ബര്‍ ബുഷ് നേരെയാക്കിക്കൊണ്ട് പറഞ്ഞു. കല്ലടുപ്പിന് സങ്കടമായി, അത് ഗ്യാസടുപ്പിനെ നോക്കി.

കല്ലടുപ്പ് പറഞ്ഞു “നീയൊന്നു പറ ഗ്യാസടുപ്പേ.. പഴേ ആളായത് കൊണ്ട് ഞാന് പറഞ്ഞതൊന്നും ഇവര് വിലക്കെടുക്കും ന്നു തോന്നണില്ല”

“ഞാനല്ല ആരു പറഞ്ഞാലും കാര്യമില്ല കല്ലടുപ്പേ.. ഒക്കേം നല്ല മടിയന്മാരാ..” ഗ്യാസടുപ്പ് തലകുനിച്ചു.

അങ്ങനെ സങ്കടത്തോടെ ഇരിക്കുമ്പോ കല്ലടുപ്പിന് ഒരു ബുദ്ധി തോന്നി. അത് വയറ്റില്‍ നിന്നും തിരിഞ്ഞുതോണ്ടി ഒരു പകുതി കത്തിയ കടലാസ് കഷ്ണം എടുത്തു. കത്താത്ത ഓലയില്‍ നിന്നും ഒരു ഈര്‍ക്കിലി കഷ്ണവും ചീന്തിയെടുത്തു. ഈര്‍ക്കിലി കഷ്ണത്തെ മെല്ലെ ചാരത്തില്‍ മുക്കി പേപ്പറില്‍ കുനുകുനാകുനുകുനാ എഴുതാന്‍ തുടങ്ങി. എഴുതി കഴിഞ്ഞതും എപ്പഴോ ആരോ അടുപ്പൂതിയതില്‍ ബാക്കിയായി എടുത്തു വച്ച കുറച്ചു കാറ്റെടുത്ത് ആ പേപ്പറ് കഷ്ണത്തെ പരത്തി വിട്ടു.

ഗ്യാസടുപ്പ് ഒന്നും മനസിലാകാതെ അങ്ങനെ നോക്കിയിരുന്നു. കാറ്റ് പേപ്പറും കഷ്ണം കൊണ്ട് പുറത്തിറങ്ങി മേലേക്ക് പറന്നു പോയി. ഗ്യാസടുപ്പ് തലയാട്ടിക്കൊണ്ട് എന്താ..എന്താന്ന് ചോദിച്ചുകൊണ്ടിരുന്നു. കല്ലടുപ്പ് ഒന്ന് കാത്തിരിക്കാന്‍ ആഗ്യം കാണിച്ചു. എന്താണാവോ കല്ലടുപ്പ് പേപ്പറില് എഴുതിക്കൂട്ടിയത്?.. എങ്ങോട്ടാണാവോ കാറ്റ് അതുംകൊണ്ട് പറന്നു പോയത്?…

കുറച്ചു നേരം ഗ്യാസടുപ്പ് കല്ലടുപ്പിനെ നോക്കി അങ്ങനെ ഇരുന്നു. എന്തോ പ്രതീക്ഷിച്ചിട്ടെന്ന പോലെ കല്ലടുപ്പ് അടുക്കളവാതിക്കലേക്ക് കണ്ണും നട്ടിരിക്ക്യാണ്. കുറേ നേരം കഴിഞ്ഞു. കല്ലടുപ്പിന്റെ മുഖം മെല്ലെ നിരാശകൊണ്ട് ചാരംമൂടാന്‍ തുടങ്ങി. കല്ലടുപ്പ് സങ്കടംകൊണ്ട് കണ്ണു മുറുക്കിയടച്ചു. ഇപ്പൊ പൊട്ടിക്കരഞ്ഞേക്കും എന്ന് ഗ്യാസടുപ്പിനെ തോന്നി. അപ്പൊ ഉണ്ടെഡാ.. എവ്‌ടേ്‌ന്നോ ഒരു കലപില.. എന്താത്?.. ഒരു വല്ലാത്ത ബഹളം.. ആരാണ് വീട്ടിലാരും ഇല്ലാത്ത നേരത്ത?. വല്ല കള്ളന്മാരും ആണോ?.

കലപില ശബ്ദം കേട്ടതും കല്ലടുപ്പ് ചാരം തുടച്ച് കണ്ണു മിഴിച്ചു. സന്തോഷം കൊണ്ട് കല്ലടുപ്പ് മെല്ലെ അടുക്കളവാതിലിന്റെ ഇവടെക്ക് വിരല് ചൂണ്ടി. നോക്കുമ്പോ ഉണ്ടെഡാ… ചളുങ്ങിയതും വക്കുപൊട്ടിയതുമായ പഴയ പാത്രങ്ങളൊക്കെ ഇങ്ങനെ ഉരുണ്ടു വരാ, മൂര്‍ച്ച പോയ കത്തികളൊക്കെ ഇങ്ങനെ മുനകുത്തി ചാടി ചാടി വരാ, മേലൊക്കെ കറുത്തുപോയ ചട്ടുകവും കൈലും സ്പൂണുകളും ഒക്കെ ജാഥയായി വരാ, ചെറിയൊരു പ്രഷര്‍ കുക്കര്‍ വിസിലു പൊക്കിയും താഴ്ത്തിയും മണം പിടിച്ചു വരാ, മുത്തശ്ശിചെവികളുള്ള ഒരു ചീനച്ചട്ടി തിരിഞ്ഞു തിരിഞ്ഞു വരാ, മുനയൊടിഞ്ഞ ഒരു പപ്പടക്കോല്‍ എല്ലാര്‍ക്ും വഴികാട്ടി മുന്നിലായിനടക്കാ. ഗ്യാസടുപ്പ് അത്ഭുതം കൊണ്ട് രണ്ട് ബര്‍ണറും തള്ളി നിന്നുപോയി. കാറ്റ് കല്ലടുപ്പിന്റെ പേപ്പറ് കഷ്ണവും കൊണ്ട് നേരെ പോയത് തട്ടുമ്പുറത്തേക്കാര്‍ന്നേ, അമ്മൂമെടെ നൂറാം പിറന്നാളാ എന്ന് കേട്ടതോടെ പഴയ പാത്രങ്ങളൊക്കെ ഒന്നും ആലോചിക്കാതെ തട്ടും പുറത്തിന്നു ചാടി ഇറങ്ങി അങ്ങനെ ഓടി വരാ.

എല്ലാരും അങ്ങനെ അടുക്കളയില് എത്തി. കുറെ കാലത്തിനു ശേഷം അടുക്കളയില്‍ എത്തിയ എല്ലാരും സന്തോഷം കൊണ്ട് ഉള്ളു നിറഞ്ഞു ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. ബഹളം കേട്ട് അടുക്കളയിലെ പുതിയ പാത്രങ്ങളും പൊണ്ണത്തടിയന്‍ പ്രഷര്‍ കുക്കറും എല്ലാം ഉണര്‍ന്നു. അവരും ഇതെന്താ സംഭവം എന്നറിയാതെ നിന്ന് പോയി. പപ്പടക്കോല്‍ മെല്ലെ ചാടിചാടി കല്ലടുപ്പിന്റെ അടുത്തേക്ക് ചെന്നു. തലേക്കെട്ടുഴിഞ്ഞ് കല്ലടുപ്പിനും ഗ്യാസടുപ്പിനും ഒരു സലാം കൊടുത്തു. കസ്സടുപ്പ പറഞ്ഞു
“നമുക്കൊരു നല്ല സദ്യയുണ്ടാകണം പപ്പടക്കോലങ്ങളെ”

“ആം.. ആദ്യം ഞങ്ങളൊന്നു തേച്ച് കുളിക്കണമല്ലോ കല്ലടുപ്പേ..”. കല്ലടുപ്പ് എല്ലാരേം നോക്കി. ഒക്കേം വല്ലാതെ പൊടിപിടിച്ചു അഴുക്കായി ഇരിക്ക്യാണ്. ഗ്യാസടുപ്പ് പപ്പടക്കോലിനു സിങ്ക് കാണിച്ചു കൊടുത്തു. പപ്പടക്കോല്‍ തലയാട്ടിക്കൊണ്ട്. എല്ലാരോടും അങ്ങോട്ട് നടക്കാന്‍ കല്‍പ്പിച്ചു. എല്ലാരും ബഹളമുണ്ടാക്കി അങ്ങോട്ട് നടന്നുതുടങ്ങി. അങ്ങനെ എല്ലാരും ബഹളമുണ്ടാക്കി അങ്ങോട്ട് നടന്നു തുടങ്ങി. അങ്ങനെ എല്ലാരും സിങ്കില്‍ വലിഞ്ഞു കയറി സോപ്പ് തേച്ച്, സ്‌ക്രബ്ബറുരച്ച് മേലൊക്കെ കഴുകി വൃത്തിയാക്കി. കത്തിച്ചെക്കന്മാരും പെണ്ണുങ്ങളും പുറത്തിറങ്ങി കരിങ്കല്ലില്‍ മേലൊരച്ച് മൂര്‍ച്ഛയാക്കി. കുളികഴിഞ്ഞപ്പോ അടുക്കളയില്‍ കല്ലടുപ്പിനു മുമ്പിലായി എല്ലാവരും നിരന്നു നിന്നു. രണ്ട് ചിരട്ടകള് വന്നു കല്ലടുപ്പിനെ ചാരം മാറ്റി വൃത്തിയാക്കി. വയറ്റില് ചിതല് മാറ്റിയ കുറച്ചു വിറക് നിറച്ചു.

പപ്പടക്കോല് മുകളിലേക്ക് ചാടി കയറി തലപൊക്കികൊണ്ട് ഉറക്കെ പറഞ്ഞു.

“അമ്മൂമ്മേടെ നൂറാം പിറന്നാളിനു നമ്മളിന്നൊരു ഗംഭീര സദ്യയൊരുക്കാന്‍ പോവാണ്. കത്തിക്കുട്ടന്മാര്‍ പച്ചക്കറി എടുത്ത് വേണ്ടവിധത്തില് അരിഞ്ഞു തുടങ്ങട്ടെ.. രണ്ട് പാത്രങ്ങള്‍ അരി കഴുകിയെടുക്കട്ടെ, ചോറ് ചെമ്പ് വയറില്‍ വെള്ളം നിറച്ച ഇടുപ്പത്തിരിക്കട്ടെ, പ്രഷര്‍ കുക്കര്‍…”

പപ്പടക്കോല്‍ ഗ്യാസടുപ്പിനെ ഒന്ന് നോക്കി, ഗ്യാസടുപ്പിനെ ചിരിച്ചുകൊണ്ട് തലയാട്ടി.

“പ്രഷര്‍ കുക്കര്‍ ഗ്യാസടുപ്പിലിരിക്കട്ടെ, ചിരവപലക പോയി തോങ്ങചിരകിയെടുക്കട്ടെ, തേങ്ങാപ്പാല് പിഴിയാന്‍ രണ്ടുപേര് ചിരവയുടെ അടുത്ത് തന്നെ ഇരിക്കട്ടെ, തേങ്ങ തയ്യാറായാല്‍ അമ്മിയും കുഞ്ഞും അര തുടങ്ങട്ടെ, ബാക്കി കൈലും ചട്ടുകവും സ്പൂണുകളും എല്ലാം വേണ്ട മസാലപ്പൊടികളും കടുകും ഉപ്പുമൊക്കെയായി തയ്യാറായി ഇരിക്കട്ടെ” പപ്പടക്കോല്‍ ഒരു പാത്രത്തില് തട്ടി ണിം ണിം എന്ന് ശബ്ദമുണ്ടാക്കി. എല്ലാരും പറഞ്ഞത് പോലെ ചെയ്യാന്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞോടി. കത്തിക്കുട്ടന്മാര്‍ ചറപറാന്നു പച്ചക്കറി നുറുക്കി. പാത്രങ്ങള്‍ വയറ്റില് വെള്ളം നിറച്ച് വേണ്ടതൊക്കെയും വേണ്ടപോലെ പുഴുങ്ങിയെടുത്തു. സ്പൂണുകളും ചട്ടുകവും പപ്പടക്കോലിന്റെ നിര്‍ദേശം അനുസരിച്ച കറികള് ഇളക്കികൊണ്ടിരുന്നു. പരിപ്പ് വെന്തു, തേങ്ങപിഴിഞ്ഞു, കടുക് വറവിട്ടു, ശര്‍ക്കര പാവാക്കി, ഇഞ്ചി പിഴിഞ്ഞൊഴിച്ചു, അടവേവിച്ച് നുറനുറാ നുറുക്കിയെടുത്തു, ഗ്യസടുപ്പും കല്ലടുപ്പും മുഴുവന്‍ നേരവും കത്തിയെരിഞ്ഞു, എല്ലത്തിനും മേല്‍നോട്ടക്കാരനായി പപ്പടക്കോല് അടുക്കള മുഴുവന്‍ ഓടിക്കൊണ്ടിരുന്നു. പുതിയ പാത്രങ്ങള്‍ ഇവരുടെ ഉത്സാഹം കണ്ട് അന്തം വിട്ടുകൊണ്ട് നിന്നു.

അവസാനം അങ്ങനെ അങ്ങനെ അങ്ങനെ മുത്തശ്ശീടെ പിറന്നാള് സദ്യ റെഡിയായി. പപ്പടക്കോല്‍ അവസാനമായി ചീനച്ചട്ടിയില് ഒരു പപ്പടം കാച്ചിയെടുത്തു. എല്ലാവരും നിരന്നു നിന്ന് കൈയ്യടിച്ചു. മെല്ലേ പാത്രങ്ങളോരോന്നായി വയറ്റില്‍ കറികളുമെടുത്ത് മേശക്ക് മുകളില്‍ നിരന്നു. ഇനി മുത്തശ്ശിയെ വിളിച്ചു ഉണര്‍ത്തണമല്ലോ…

പാത്രങ്ങളെല്ലാം മുത്തശ്ശിയുടെ മുറിയുടെ പുറത്തു വന്നു വലിയ ബഹളമുണ്ടാക്കാന്‍ തുടങ്ങി. ബഹളം കൂടി കൂടി വന്നപ്പൊ മുത്തശ്ശി ഞെട്ടി എണീറ്റു. മുത്തശ്ശി എണീറ്റതും പാത്രങ്ങളും സ്പൂണുകളും ഓടിപ്പോയി അടുക്കളവാതിലിനു പിന്നിലൊളിച്ചു. മുത്തശ്ശി ക്ഷീണത്തോടെ കൂനികൂനി മെല്ലെ മുറിക്കു പുറത്തു വന്നു. കണ്ണട എടുത്ത് വച്ച് ആരാണ് ശബ്ദമുണ്ടാകുന്നതെന്ന് പരതി നോക്കി. ആരെയും കാണുന്നില്ലല്ലോ. മുത്തശി തിരികെ മുറിയിലേക്ക് പോവാന്‍ തുടങ്ങുമ്പോഴാണ് അടപ്രഥമന്റെ മണം ഇങ്ങനെ വന്ന് മൂക്കില് കേറണത്. ഇതെവിടുന്നാപ്പത് ഒരു അടപ്രഥമന്റെ മണം.?.മുത്തശി മുന്നോട്ടു നടന്നു.

നോക്കുമ്പോ ഉണ്ടെഡാ മേശപ്പുറത്തൊരു വല്യേ സദ്യ, അവിയലും കാളനും എലിശ്ശേരിയും പുളിശ്ശേരിയും ഓലനും കിച്ചടീം പച്ചടീം തോരനും ഉപ്പേരീം പുളിയെഞ്ചീം ഒക്കെ നിരന്നങ്ങനെ ഇരിക്ക്യാണ്. അമ്മൂമക്ക് ഏറ്റോം ഇഷ്ടം ണ്ടാര്‍ന്ന പൂക്കളുള്ള സ്റ്റീല്‍ പ്ലേറ്റതാ മേശപ്പുറത്തിരിക്കുന്നു. മുത്തശ്ശി മെല്ലെ മെല്ലെ മേശയ്ക്ക് അടുത്തേക്ക് പോയി. അത്ഭുതത്തോടെ ചുറ്റും ഒന്ന് നോക്കി. പിന്നെ കസേരയിലേക്ക് കേറിയിരുന്ന് പൂക്കളുള്ള സ്റ്റീല്‍ പ്ലേറ്റിലേക്ക് കുറച്ചു ചോറും കളികളും പുളിയെഞ്ചീം ഒക്കെയെടുത്ത് വിളമ്പി. ഒരു ചോറുരുള ഉണ്ടാക്കി എല്ലാ കറികളിലും തൊട്ട് അമ്മൂമ്മ ഒന്ന് വായില്‍വെച്ചു. കണ്ണില്‍ നിന്നും കുടുകുടാ വെള്ളം വന്ന് അമ്മൂമ്മക്ക് കണ്ണുകാണാതെയായി. കണ്ണീരുതുടച്ചുകൊണ്ട് അമ്മൂമ ഓരോ വറ്റും നുണഞ്ഞുകൊണ്ട് സദ്യയുണ്ണാന്‍ തുടങ്ങി.

അടുക്കള വാതിലിനു പിറകിലിരുന്ന് പാത്രങ്ങളും സ്പൂണുകളും ദൂരെയൊരു മൂലയിലിരുന്ന് ഗ്യാസടുപ്പും കല്ലടുപ്പും പുതിയ പാത്രങ്ങളും എല്ലാം അമ്മൂമ്മ ഉള്ളു നിറഞ്ഞു സദ്യയുണ്ണുന്നത് ചിരിച്ചുകൊണ്ട് നോക്കി നിന്നു.