എന്റെ കുഞ്ഞുകുടുക്കക്ക് അറിയോ രാത്രി ഇവടെ എന്തൊക്കെയാ നടക്കണേന്ന്?
ഒരിക്കെ രാത്രീല് ഭൂമിയിലെ അവസാനത്തെ കോഴിക്കുഞ്ഞും ഉറങ്ങിക്കഴിഞ്ഞപ്പോ, രാവിലെ മുഴോനും കിടന്നൊറങ്ങി തളര്‍ന്ന നക്ഷത്രകുട്ടികള്‍, എന്നത്തേം പോലെ പുതപ്പിന്റെഅടീന്ന് നാണം കുണുങ്ങിപുറത്തേക്ക് വന്നു. ഓരോ ചിമ്മലിലും അവര്‌ടെ കണ്‍പീളേടെ നിറം ഇങ്ങനെ മാറിക്കൊണ്ടിരിക്ക്യാ.
എണീറ്റ് വന്നതും ഓരോരുത്തരായി മെല്ലെ കോട്ടുവായയിടാന്‍ തുടങ്ങി. കുട്ടികള്‍ കോട്ടുവായ ഇടുന്ന മുറക്ക് പണിക്കാരായ ചെറിയ ചെറിയ ചുഴലിക്കാറ്റുകള്‍ അവരുടെ വായിലേക്ക് കയറിപ്പറ്റി. മെല്ലെ പോക്കറ്റില്‍ നിന്ന് വറുത്തു പൊടിച്ച ഇരുട്ടുപൊടി എടുത്ത് എല്ലാത്തിന്റേം ഇളം പല്ല് തേച്ച് വൃത്തിയാക്കിക്കൊടുത്തു. പല്ല് തേച്ചു കഴിഞ്ഞപ്പോനക്ഷത്ര കുട്ടികള്‍ ചുറ്റിലും നോക്കി.
എന്നും എണീറ്റയുടനെ പാല്‍നിലാവ് കുടിച്ച് ഉഷാറായി മുട്ടുകുത്തിയോടണ നക്ഷത്രകുട്ടികള്‍ അന്ന് നോക്കുമ്പോ ഉണ്ടെടാ മുക്കിലും മുറിയിലും ഒരിത്തിരി നിലാവ് പോലും ബാക്കിയില്ല. എല്ലാത്തിനും മെല്ലെ വെശക്കാന്‍ തുടങ്ങി. ആദ്യം നക്ഷത്രക്കുട്ടി ഒരെണ്ണം ഏങ്ങലടിച്ചു. ഇത് കണ്ട്വേറൊരെണ്ണം മോങ്ങി. അത് കേട്ട് മൂന്നെണ്ണം മൂക്കുചീറ്റി. ആറെണ്ണം ചീറി. പൊടുന്നനെ എല്ലാം കൂടി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി.
തടാകത്തിന്റെ മോളില്‍ നിന്ന് മൂടല്‍ മഞ്ഞെടുക്കാന്‍ കൊട്ടയുമായി പോയ മാലഖമാര് ഈ നിലവിളി കേട്ടു. എല്ലാം കൂടെ ആകാശത്തേക്ക് ഒറ്റ കുതിപ്പിന് തിരിച്ചു വന്നു. നക്ഷത്ര കുട്ടികള്‍ടെ കരച്ചില് കണ്ടു അവരാകെ വല്ലാണ്ടായി. ഇവര്‍ക്കെ വിടുന്നാ കുറച്ച് പാല് കൊടുക്ക്വാ?, അവരാലോചിച്ചു. മാലാഖമാര് നേരെ അമ്പിളി മാമീടെ അടുത്തുപോയി ഇത്തിരിയെങ്കി ഇത്തിരി പാല്‍ നിലാവ് ചോദിച്ചു. മാമി കൈ മലത്തി. വല്ലാണ്ടായ മാലാഖമാര് ഇത്തിരി പാല് കിട്ടാന്‍ നാട് മൊത്തം നടന്നു.
അല്ലേലും മാമിടെ കൈയ്യിന്നല്ലേല്‍ ഇനി എവിടന്ന് കിട്ടാനാ പാല്?. അപ്പോഴാണ് മാനത്തൂടെ ഹല്‍വ മേഘങ്ങള് ഇങ്ങനെ മാര്‍ച്ച് ചെയ്തു പോണത് മാലാഖമാരുടെ കണ്ണില്‍പ്പെട്ടത്. അവര് നേരെ ഇളനീര്‍ ഹല്‍വ മുത്തച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു വഴി തടഞ്ഞു. എല്ലാം കേട്ട് മുത്തച്ഛന്‍ പറഞ്ഞു “സങ്കടപ്പെടാതെ കുട്ട്യോളെ, നിങ്ങള് നേരെ കടല്‍ വല്യമ്മേടെ പൊരയിലേക്ക് പോണം. എന്നിട്ട് ഉമ്മറത്ത് ഈ ഇളനീര്‍ ഹല്‍വേടെ കഷ്ണം വെക്കണം. വല്ല്യേ ഇഷ്ടാ വല്യമ്മക്ക്. ഹല്‍വേടെ മണം കിട്ടിയാല്‍ അവര് സന്തോഷം കൊണ്ട് മോണകാട്ടി ചിരിക്കാന്‍ തുടങ്ങും. അപ്പൊ ഉമ്മറത്തൂടെ കടല്‍പ്പാല് ഒഴുകി വരും. അതെടുത്ത് കുട്ടികള്ക്ക് കൊടുത്തോ”.
ഇതും പറഞ്ഞ് മുത്തച്ഛന്‍ പേരക്കിടാങ്ങളെ കൂട്ടി വീണ്ടുംയാത്ര തുടങ്ങി.മാലാഖമാര്‍ക്ക് സന്തോഷായി. അവര് നേരെ ഹല്‍വയും കൊണ്ട് കടല് വല്യെമ്മേടെ അടുത്ത് പോയി. മുത്തച്ഛന്‍ പറഞ്ഞപോലെ ചെയ്തു. കുറച്ചു നേരം ഹല്‍വ അങ്ങനെ വച്ചിട്ടും ഒരു ഒന്നും നടക്കാതെ ആയപ്പോ അവര്‍ക്ക് മെല്ലെ സംശയായി. അങ്ങനെ ഇരിക്കുമ്പോ ആരോ നീട്ടി മണം പിടിക്കണ ശബ്ദം കേട്ട് തുടങ്ങി.
പെട്ടെന്ന് അകത്തൂന്ന് ഒരു വിരല് പോലത്തെ തിരവന്ന് ഹല്‍വാ കഷ്ണം വലിച്ചെടുത്തുകൊണ്ടോയി. അത് അകത്തു പോയതും കടല്‍ വല്യമ്മ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അകത്തും ഉമ്മറത്തും തിരകള് പതഞ്ഞു പൊങ്ങി. മാലാഖമാര് നോക്കി നില്ക്കുമ്പോ അതാ ഉമ്മറത്തൂടെ വെളുവെളുത്ത കടല്‍പ്പാല്‍ ഒഴുകി വരുന്നു.
എല്ലാരും സമയം കളയാതെ ഒരു വലിയ കുപ്പിയില്‍ പാല് നെറച്ചു. മെല്ലെതിരകള് താണു. എല്ലാത്തിനും അവസാനം ഒരു മാലാഖപാലൊന്നു തൊട്ടു നാവില്‍ വച്ചതും പുറത്തേക്ക്തൂ.. ന്ന്തുപ്പിക്കളഞ്ഞു. എല്ലാവരും ആ മാലാഖയെ നോക്കി. എന്നിട്ട് മെല്ലെ പാലൊന്നു രുചിച്ചു നോക്കി. അപ്പോഴല്ലേ, പാലിനുണ്ടൊരുവല്ലാത്ത ഉപ്പുചൊയ!. ഇതെങ്ങനാ കുട്ടികള്‍ക്ക് കൊടുക്കുക?. അവര്‍ നേരെ കുപ്പിയും കൊണ്ട് ഹല്‍വാ മുത്തച്ഛന്റെ അടുത്തേക്ക് തന്നെ പറന്നു പോവാന്‍ തീരുമാനിച്ചു. അവര്‍ ആ വലിയ കുപ്പി കൈമാറി കൈമാറി പറന്നു പോയി മുത്തച്ഛനെ കണ്ടു പിടിച്ച് കാര്യം പറഞ്ഞു. മുത്തച്ഛന്‍ കുപ്പി വാങ്ങി തുറന്നു നോക്കി “ഉം!” എന്ന് മൂളിക്കൊണ്ട് തലയാട്ടി.
“ഇതില് നെറയെ ഉപ്പു പൂമ്പാറ്റകള്‍ടെ മുട്ടകളാണല്ലോ. ഇത് വിരിയിച്ചാലേ ഇനി ഉപ്പു ചൊയ മാറൂ. പക്ഷേ..”.
“പക്ഷേ..?”
“മുട്ട വിരിയാന്‍ ആണേല്‍ വെയിലമ്മ അടയിരിക്കണം?
“അതിന് വെയിലമ്മ എവിടെയാ ഉണ്ടാവാ ഈ രാത്രീല്?”
ഹല്‍വ മുത്തച്ഛന്‍ കൈ മലത്തി. മാലാഖകള്‍ പരസ്പരം നോക്കി. വേറെ വഴി ഒന്നും ഇല്ല, എങ്ങെനെയെങ്കിലും വെയിലമ്മയെ കണ്ടു പിടിക്കണം. മാലാഖമാര്‍ മുത്തച്ഛനോട് യാത്ര പറഞ്ഞ് വെയിലമ്മയെ തേടി നടക്കാന്‍ തുടങ്ങി.
അങ്ങനെ കടല്‍ വലിയമ്മേടെ അടുത്ത്ന്നു കിട്ടിയ ഉപ്പു പാലും കൊണ്ട് പറന്നു പറന്ന് അവരാദ്യം തൊട്ടാവാടി പൂക്കള്‍ടെ രാജാവിന്റെ അടുത്തെത്തി. രാജാവിനോട് ചോദിച്ചു,
“രാജാവേ, രാത്രിവെയിലമ്മഎവിടെയാ ഉണ്ടാവാ?”.
ഉത്തരം അറിയാതെ വിരണ്ടു പോയ രാജാവ് ശടെ എന്ന് ഇലകള് വാട്ടി ഉറങ്ങാന്‍ കിടന്നു. തൊട്ടാവാടി നഗരം മൊത്തം നിമിഷ നേരം കൊണ്ട് തളര്‍ന്നുറങ്ങിപ്പോയി. പിന്നെയവര് നേരെ മയില്‍പ്പീലി മൂപ്പന്റെ അടുത്തെത്തി. മൂപ്പനാനെങ്കി ദേഹത്ത് നിറമുള്ള എണ്ണയൊക്കെ തേച്ച് കുളിക്കാന്‍ ഒരുങ്ങി നില്‍ക്കായിരുന്നു. ഇവരുടെ ചോദ്യം കേട്ടതോടെ മൂപ്പന്‍ എങ്ങോട്ടോസ്വൂം.. ന്ന് ഊളിയിട്ടു. പിന്നെ അവരെത്തിയത് പരുത്തിക്കായ ചെക്കന്റെ അടുത്ത്. അറിഞ്ഞൂടാന്ന് പറയാന്‍ വന്നതും ചെക്കന്റെ മുണ്ടഴിഞ്ഞ്പഞ്ഞിയൊക്കെ ശ്രൂ..ന്ന്പുറത്ത് ചാടി. നാണക്കേടില്‍ ചെക്കന്‍ മിണ്ടാതെ തിരിഞ്ഞു നിന്നു. മാലാഖമാര് വീണ്ടും സങ്കടത്തോടെ പറന്നു തുടങ്ങി. അങ്ങനെ പോകുമ്പോ അതാ, ദൂരെ, ദൂരെദൂരെ, ഒരു കുരുവിപ്പെണ്ണ് പാട്ടുകൊണ്ട് പൊടിയരിക്കഞ്ഞി വെക്കുന്നു. മാലാഖമാര് ചോദിച്ചു,
“കുരുവിപ്പെണ്ണേ, വെയിലമ്മരാത്രിഎവിടെയാഉണ്ടാവാഎന്നറിയോ?”.
ഒരു പാട്ടിന്റെ വറ്റെടുത്ത് ഞെരടി വേവുനോക്കികൊണ്ട് കുരുവിപ്പെണ്ണ് പറഞ്ഞു,
“കണ്ണാടിമലയിലേക്ക് വൈകുന്നേരം പോകുന്നത് കാണാം. ഈയിടെയായി അതിന്റെ മുകളില്‍ എവിടെയോ ആണ് താമസം.”.
മാലാഖമാര്‍ക്ക് പേടിയായി. കണ്ണാടി മലയിലോ?. അവിടേക്ക് കേറുന്നത് അപകടമാണല്ലോ. അവിടെ കേറി കഴിഞ്ഞാ ആളുകള്‍ കുറേ പേരാവും. അതില്‍ ശരിക്കുമുള്ള ആളാരാ കണ്ണാടിയിലുള്ള ആളാരാ എന്ന് മനസിലാവില്ല. നക്ഷത്ര കുഞ്ഞുങ്ങളെ ഓര്‍ത്താടല്‍ തിരിച്ചു പോവാനും തോന്നുന്നില്ല. അപ്പോഴാണ് ഒരു മാലാഖക്ക് ബുദ്ധി തോന്നിയത്.
നമ്മളിവിടെ എന്തിനാ വന്നത് എന്ന് നമുക്ക് മാത്രല്ലേ അറിയൂ. കണ്ണാടിയില്‍ ഉള്ളതിന് അറിയില്ലാലോ. അപ്പൊ വേറെ ഏതെങ്കിലും മാലാഖയെ കണ്ടാല്‍ നമ്മള്‍ പാല്‍കുപ്പി നിലത്തിടാന്‍ ഭാവിക്കണം. അപ്പൊ ആരാണോ കണ്ണുമിഴിക്കണത് അവരാണ് ശരിക്കൂള്ള മാലാഖ. അവര്‍ക്കേ കുപ്പി കൈമാറാവൂ. അങ്ങനെ തീരുമാനിച്ചുറപ്പിച്ച് അവര്‍ മലകേറി തുടങ്ങി. കണ്ണു മിഴിക്കണോര്‍ക്ക് മാത്രം കുപ്പി കൈമാറി കൈമാറി അവര്‍ ഏകദേശം മലയുടെ മുകളില്‍ എത്താറായി.
പക്ഷെ ഈ കള്ളക്കളി ഒരു പ്രതിബിംബം കണ്ടു പിടിച്ചു. അടുത്ത തവണ പാല്‍കുപ്പി നിലത്തിടാന്‍ ഒരുങ്ങിയപ്പോ ഒരു കണ്ണാടിമാലാഖ കണ്ണു മിഴിച്ചു. ഇതറിയാതെ പാവം മാലാഖ പാല്‍കുപ്പി കൈമാറി. കുപ്പി കൈയ്യില്‍ കിട്ടിയതോടെ കണ്ണാടിമാലാഖ ആര്‍ത്തിയോടെ അത് തുറക്കാന്‍ ഒരുമ്പെട്ടു. നല്ല മാലഖമാരെല്ലാം പേടിച്ച് നിലവിളിച്ചു. തുറക്കാനുള്ള വെപ്രാളത്തില്‍ കുപ്പി കൈയ്യില്‍ നിന്നും വഴുതി താഴെപ്പോയി.
മാലഖമാര്‌ടെ നിലവിളി ഉച്ചത്തിലായി, കുപ്പിയങ്ങനെ താഴേക്ക് പോവാണ്. ഇപ്പൊ നിലം തൊടും ഇപ്പൊ നിലം തൊടും എന്നായപ്പോ അതാ..
ദൂരേന്ന്ചാട്ടുളി പോലൊരു ശബ്ദം.. നിമിഷ നേരം കൊണ്ട് നിലം തൊടാന്‍ പോയ പാല്‍കുപ്പിയെ ഒരുവള്ളി വന്നങ്ങ്ചുറ്റി എടുത്തു. ആരാ..? മഞ്ഞ തലമുടി, കയ്യിന്റെ സ്ഥാനത്ത് വെയില്‍വള്ളികള്‍, നിഴലുകൊണ്ട് വേരുകള്‍.. ഒരു മരം പോലത്തെ അമ്മ.. വെയിലമ്മ!
വെയിലമ്മ കള്ളമാലാഖയെ ഒന്ന് തുറിച്ചു നോക്കി. കണ്ണാടി മല മൊത്തം ഒന്ന് വെട്ടി തിളങ്ങി. പ്രതിബിംബ മാലാഖമാര് വെളിച്ചത്തിലേക്ക് ഘൂം..ന്ന് അലിഞ്ഞുപോയി. എല്ലാം തീര്‍ന്നതും വെയിലമ്മ ശാന്തയായി. ചോദിച്ചു,”എന്താകുട്ട്യോളെഈരാത്രീല്?”. മാലാഖമാര്‍ പറഞ്ഞു,
“നക്ഷത്രകുഞ്ഞുങ്ങള്‍ക്ക് രാത്രിവെശന്നു, പാല്‍ നിലാവ് കിട്ടിയില്ല, കുറച്ചു കടല്‍പ്പാല് കിട്ടി, പക്ഷെ അതിലാണെങ്കില്‍ നിറയെ ഉപ്പു പൂമ്പാറ്റകള്‌ടെ മുട്ടകളാണ്. അതൊന്നു വിരിയിച്ചു തരണം, കുട്ടികള് കരച്ചിലാണ്”. വെയിലമ്മഉറക്കച്ചടവോടെ അവരെ ഒന്ന് നോക്കി.
അതാ ഒരു മാലഖേടെ ഉടുപ്പിന്റെ കൈനക്ഷത്രകുഞ്ഞുങ്ങള്‍ടെ തിളങ്ങണ നക്ഷത്ര കണ്ണീരുകൊണ്ട് നനഞ്ഞിരിക്കുന്നു. പാവം തോന്നിയ വെയിലമ്മ മെല്ലെ പാല്‍ക്കുപ്പിയെടുത്ത് തുറന്നു. ഉള്ളിലേക്ക്ചൂടുകാറ്റ് ഊതിക്കൊണ്ട് പുറത്തൊന്നുഴിഞ്ഞു. ഒന്ന് കണ്ണടച്ചു.
അങ്ങനെ എല്ലാരുംനോക്കി നില്ക്കുമ്പോ അതാ.. കുപ്പിയുടെ ഉള്ളില്‍ നിന്നും, മെല്ലെ മെല്ലെ- വെളുത്ത് വെളുത്ത് വെളുത്ത്, നേര്‍ത്ത് നേര്‍ത്ത് നേര്‍ത്ത്, മൂടല്‍ മഞ്ഞിന്റെ മേല്‍ച്ചിറകുള്ള, ഉപ്പുതരികള്‍ടെ കീഴ്ച്ചിറകുള്ള പൂമ്പാറ്റകള് തത്തി തത്തി പറക്കാന്‍ പഠിക്കുന്നവര്, അങ്ങനെപുറത്തേക്കു വരാ. പുറത്തെത്തിയതോടെ കണ്ണാടി മലയില് അവര് പതിനായിരം എണ്ണമായി മാറി. പതിനായിരം പിന്നെ കുഴിയാനത്തൊള്ളായിരമായി. കണ്ണാടി മല വെണ്ണ പോലെ വെളുത്തു.
അവരെല്ലാം കൂടി ഒരു ഉപ്പുകാറ്റു പോലെ കണ്ണാടി മലയില്‍ നിന്നും കിഴക്കോട്ടു പറന്നു പോയി. മാലാഖമാര് അത്ഭുതംകൊണ്ട് നോക്കി നിന്നു. വെയിലമ്മ ഉപ്പുമാറിയ പാലിന്റെ കുപ്പി തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു “ഞാന്‍ ഇവിടെയാ കിടന്നുറങ്ങണെ എന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കര്ത്”. എല്ലാവരും തലയാട്ടി. കൂട്ടത്തില്‍ ഒരു മാലാഖ വന്ന് മഞ്ഞെടുക്കുന്ന ആന്റിനകൊണ്ട് വെയിലമ്മക്ക് ഒരു ഉമ്മ കൊടുത്തു. വെയിലമ്മ ചിരിച്ചുകൊണ്ട് കണ്ണാടി മലയുടെ അപ്പുറത്തേക്ക് മെല്ലെ ഇറങ്ങിപ്പോയി. എല്ലാടവും വീണ്ടും ഇരുട്ടുമൂടി. മാലാഖമാരെല്ലാം നക്ഷത്ര കുഞ്ഞുങ്ങള്‌ടെ അടുത്തേക്ക് തിരിച്ചു പറന്നു.
പോകും വഴി അവരു മുണ്ട് കെട്ടി വച്ച പരുത്തിക്കായ ചെക്കനെ കണ്ടു, കുളിച്ചു വന്നു മുടി ചീകുന്ന മയില്‍പ്പീലി മൂപ്പനെ കണ്ടു, കള്ളയുറക്കം കഴിഞ്ഞ് എണീറ്റ തൊട്ടാവാടി രാജാവിനെ കണ്ടു. എല്ലാരും ചോദിച്ചു,”എവിട്ന്നാ എവിട്ന്നാ വെയിലമ്മയെ കണ്ടേ?”.
മാലാഖമാര് കേട്ടഭാവം നടിക്കാതെ മുന്നോട്ടുപറന്നുപോയി. അങ്ങനെപോയിപ്പോയി നക്ഷത്രകുഞ്ഞുങ്ങള്‌ടെ അടുത്തെത്തി. നക്ഷത്ര കുഞ്ഞുങ്ങള്‍ അപ്പോഴേക്കും വിശന്നു തളര്‍ന്ന് വീണു കിടക്കാരുന്നു. മാലഖമാര് ഓരോരുത്തരായി ആകാശത്തിന്റെ കഷണം പൊട്ടിച്ചെടുത്ത് കുമ്പിള് കുത്തി, കുപ്പിയില്‍ നിന്നും അതിലേക്ക് പാല് പകര്‍ന്ന് കുഞ്ഞുങ്ങള്ക്ക് കുടിക്കാന്‍ കൊടുത്തു. കുട്ടികള്‍ ആവേശത്തോടെ വയറു നിറയെ പാല് കുടിച്ചു. മാലാഖമാര്‍ ചിരിച്ചുകൊണ്ട് പാല്‍മീശയില്‍ ഒരു ഉമ്മ കൊടുത്തു. മെല്ലെ നെറ്റിയില്‍ തലോടി കൊടുത്തു. വാല്‍ നക്ഷത്രത്തിന്റെ തലമുടിയിലൊന്നു വിരലോടിച്ചു.
വയറു നിറഞ്ഞ എല്ലാരും പുറത്തേക്ക് മുട്ടുകുത്തി ഓടാന്‍ തുടങ്ങി. തുരുതുരാ ശ്വാസം വിട്ട്, കുനുകുനാ കണ്ണ് ചിമ്മി നടന്നു പോണ കുട്ടികളെ നോക്കി മാലാഖമാര് മൂടല്‍ മഞ്ഞു നിറച്ചകൊട്ടകളിലേക്ക് നടന്നു.പറന്നു പറന്നു വയ്യാണ്ടായ എല്ലാവരുംകുട്ടികളുടെ പോക്കും നോക്കികൊട്ടയില്‍ കിടന്ന് സാവധാനം ഉറങ്ങിപ്പോയി.