കുഞ്ഞിക്കുടുക്കക്ക് അറിയ്യോ?
പണ്ട് പണ്ട് പണ്ട് ചിലങ്കമണിമാമനും ചിലങ്കമണിമാമിക്കും വയസ്സാംകാലത്ത് ഒരേപോലിരിക്കുന്ന മൂന്നു മുരട്ട കുട്ടികളുണ്ടായി. കാത്തിരുന്നു കാത്തിരുന്നു കിട്ടിയ കുഞ്ഞുങ്ങള്‍ക്ക് അവര്‍ ചിലും, ചിലുചിലും, ചിലുച്ചില്ച്ചിലും എന്നങ്ങനെ പേരിട്ടു. കുഞ്ഞുമണികള്‍ടെ കിടക്കേല് അവര് ഇളം മേഘക്കായ പൊട്ടിയുണ്ടായ മേഘങ്ങളെ നിറച്ചു, ഉരുണ്ടു താഴത്ത് വീഴാതിരിക്കാന് പൂമ്പൊടി നിറച്ച തലയിണകള്‍ അരികില്‍ വച്ചു കൊടുത്തു, ഓരോരുത്തര്ക്കും വാഴ കുടപ്പന്റെ തേന്മൊട്ടുകൊണ്ട് അരഞ്ഞാണം കെട്ടിക്കൊടുത്തു, ആകാശം കാണാത്ത കരിയില കുറുക്കിയെടുത്ത കണ്മഷി തൊട്ടു കൊടുത്തു, ചന്ദനത്തിരി പുകച്ചുരുളുകൊണ്ട് വളകള്‍ ഇട്ടു കൊടുത്തു.
ദിവസം കഴിയുംതോറും പാട്ട് കുടിച്ച് പാട്ട് കുടിച്ച് ചിലങ്കമണി കുഞ്ഞുങ്ങള് ശടെന്നു വളര്‍ന്നു തുടങ്ങി. അഞ്ചാം ദിവസമായപ്പോഴേക്കും മണിക്കുഞ്ഞുങ്ങളെ മുറിയുടെ ഉള്ളില്‍ കൊള്ളാതെയായി. ആറാം നാള്‍ മാമന്‍ മെല്ലെ മേല്ക്കൂര പൊളിച്ചു മാറ്റി. ആദ്യമായി ആകാശം കണ്ട മണികുഞ്ഞുങ്ങള്‍ സന്തോഷംകൊണ്ട് കിലുങ്ങിചിരിക്കാന്‍ തുടങ്ങി. അന്നു രാത്രി മൂന്നുപേരെയും ഉറക്കി കിടത്തി ചിലങ്കമണി മാമിയും മാമനും ഉറങ്ങാന്‍ കിടന്നു. രാത്രി വൈകി എപ്പോഴോ കണ്ണു തുറന്ന ചിലങ്കമണി കുഞ്ഞുങ്ങള്‍ നോക്കുമ്പ അതാ വെളുവെളാന്നു വെളുത്ത ഒരു അമ്പിളിമുയല്‍ ചെവിയാട്ടി കളിക്കാന്‍ വിളിക്കുന്നു.
ഓരോരുത്തരായി ശബ്ദമുണ്ടാകാതെ കട്ടിലില്‍ നിന്നും മെല്ലെ ഉരുണ്ടിറങ്ങി വീടിന്റെ പുറത്തു കടന്നു. നോക്കുമ്പോ അതാ തങ്ങളെ പറ്റിച്ച് അമ്പിളി മുയല്‍ ചാടി ചാടി എങ്ങോട്ടോ പോവാണ്. പരസ്പരം ഒന്ന് നോക്കി മൂന്നും പാടെ മുയലച്ചന്റെ പിന്നാലെ കിഴക്കൊട്ടങ്ങനെ ഉരുണ്ടുപോയി. ക്ഷീണം കൊണ്ട് വല്ലാത്ത ഉറക്കതിലാര്‍ന്ന മാമിയും മാമനും ഇതൊന്നും അറിഞ്ഞതേയില്ല.
അങ്ങനെ ഉരുണ്ടുരുണ്ടുരുണ്ടുരുണ്ട് മൂന്നു പേരും ഒരു മൈലാഞ്ചിക്കോട്ടയുടെ മുമ്പിലെത്തി. മൈലാഞ്ചിക്കോട്ടക്ക് കറുകറുകറുത്ത ഒരു വണ്ടുമൂപ്പനായിരുന്നു കാവല്. മൂപ്പന് നോക്കുമ്പോ ഉണ്ടെടാ മൂന്നു വലിയ ചിലങ്കമണികള്‍ അങ്ങനെ ഉരുണ്ടു വരാ, നെറ്റിയില്‍ ആകാശം കാണാത്ത കരിയില കുറുക്കിയ കണ്മഷിപ്പൊട്ട്, കൈയില്‍ ചന്ദനത്തിരി പുകച്ചുരുളുകൊണ്ടുള്ള വളകല്‍, കിലുകിലെ ചിലുചിലെന്ന് ചിരിക്കണ മൂന്നു കുട്ടിമണികള്. മൂപ്പന്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു.
“എവ്ട്ന്നാ, എങ്ങട്ടാ ആരും കൂട്ടില്ല്യാതെ ഈ രാത്രീല്.”
ചിലും പറഞ്ഞു, “അമ്പിളി മുയലിന്റൊപ്പം കളിക്കാനാ മൂപ്പാ, ഇതു വഴിക്കാ അത് ചാടിച്ചാടി വന്നേ..”.
വണ്ട് മൂപ്പന് ആകാശത്തേക്ക് നോക്കികൊണ്ട് പറഞ്ഞു, ” ആ കള്ള മുയലിനെ വിശ്വസിച്ചൂട കുട്ടികളെ.. നിങ്ങള് അച്ഛന്റേം അമ്മേടേം അടുത്തേക്ക് തിരിച്ചുരുണ്ട് പൊക്കോ..”.
ചിലങ്കമണികുഞ്ഞുങ്ങള്‍ വാശി പിടിക്കാന്‍ തുടങ്ങി. ചിലുചിലും ചിലിച്ചില്ച്ചിലും മൂപ്പന്റെ മുന്നില് കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു. അവരെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് കഷ്ടത്തിലായിപ്പോയ വണ്ട് മൂപ്പന് അവരെ ഉള്ളിലേക്ക് കടത്തി വിട്ടു. മൂന്നു പേരും സന്തോഷത്തോടെ കൂടുതല്‍ വേഗത്തില്‍ ഉരുണ്ടുപോയി.
മൈലാഞ്ചിക്കൊട്ട കടന്നോപ്പോഴേക്കും ചിലങ്കമണികളാകെ ചുവന്നു തുടുത്തിരുന്നു. പക്ഷെ അവര്‍ക്ക് അമ്പിളിമുയലിനെ കണ്ടു പിടിക്കാനായില്ല. അവര് വീണ്ടും മുന്നോട്ടുരുണ്ടു. അങ്ങനെ പോകുമ്പോ അതാ ദൂരെ ഒരു മുത്തപ്പന് പ്ലാവിന്റെ ചക്കേടെ പുറകില് അമ്പിളി മുയലിങ്ങനെ ഒളിച്ചു നിക്കാ. മൂന്നു പേരും ഇതു കണ്ട് ഉത്സാഹത്തോടെ പ്ലാവിലേക്ക് ഉരുണ്ടു കയറാന് തുടങ്ങി. കുറെ നേരം കൊണ്ട് മൂന്നു പേരും മേലെയെത്തി.
പക്ഷെ ചക്കയിരിക്കണ കൊമ്പിലെത്തി നോക്കുമ്പോ അമ്പിളി മുയലുണ്ടെഡാ ഒരു കനാലിലേക്ക് എടുത്തു ചാടുന്നു. കളിയില് രസം മൂത്ത ഒരു ചിലങ്കമണിയും പിന്നാലെ അങ്ങട്ട് എടുത്ത് ചാടി. കഷ്ടം എന്നല്ലേ പറയണ്ടൂ, ചാടി നിലത്തു വീണ ചിലങ്കമണി കുഞ്ഞിന്റെ മണിനാക്കങ്ങു തെറിച്ചു പോയി. കരയാനും ഒന്നും പറയാനും പറ്റാതെ ചിലങ്കമണി, കുളത്തിന്റെ കരയില് കിടപ്പായി. ബാക്കി രണ്ട് കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ പ്ലാവില് നിന്ന് ഉരുണ്ട് ഊര്‍ന്നിറങ്ങി, ചിലങ്കമണി കുഞ്ഞിന്റെ നാവു തിരയാന് തുടങ്ങി. നാക്കുപോയ ചിലങ്കമണി ഒച്ചയില്ലാതെ തേങ്ങിക്കൊണ്ടിരിക്കാണ്. പക്ഷെ രാത്രിയല്ലേ, ഇരുട്ടല്ലേ, എവ്ട്ന്നാ കിട്ടാ നാവ്?.
അങ്ങനെ നോക്കുമ്പ അതാ നാവും കൊണ്ട് കനാലിലൂടെ അമ്പിളി മുയലങ്ങനെ ശരവേഗത്തില് നീന്തിപ്പോണൂ. ബാക്കി രണ്ടു മണികുട്ടികളും കൂടെ ഗു്ര്രര്ഗ്ഗില്ലേ.. ഗു്ര്രര്ഗ്ഗില്ലേ.. എന്ന് പല്ല് ഞെരിച്ചുകൊണ്ട് കനാലിന്റെ അരികത്തൂടെ പിന്നാലെ ഓടാന് തുടങ്ങി. അമ്പിളി മുയല് പക്ഷെ നിര്‍ത്താതെ നീന്ത്വാണ്. നീന്തി നീന്തി നീന്തി നീന്തി അമ്പിളിമുയലൊരു മഷിത്തണ്ട് പാലത്തിന്റെ അടിയില് ഒളിച്ചു. പാലത്തിന്റെ മുകളില് കയറിയ രണ്ട് മണികുഞ്ഞുങ്ങള് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിപ്പോയി. അവസാനം ഒരാളുടെ കയ്യില് തൂങ്ങി മറ്റേ ചിലങ്കമണി പാലത്തിന്റെ അടിയിലേക്ക് ഒന്ന് എത്തി നോക്കി. കുഞ്ഞുമണി അല്ലെ, ഭാരം താങ്ങ്വോ.. തൂങ്ങി കിടന്ന ചിലങ്കമണി ബ്ലും ന്ന് വെള്ളത്തിലേക്ക് വീണു. കിലുങ്ങിവിറച്ചു പോയ മറ്റേ മണിയും വെള്ളത്തിലേക്ക് എടുത്തു ചാടി. രണ്ടും കൂടി വെള്ളം കുടിച്ചും മുങ്ങിയും നാക്ക് കിട്ടാന് വേണ്ടി അമ്പിളി മുയലിന്റെ പിന്നാലെ ഒഴുകി നീങ്ങി. ഒഴുക്കില് പെട്ട് വാഴകുടപ്പന്റെ അരഞ്ഞാണം ഊരിപ്പോയി. ചന്ദനത്തിരി പുകവളയൊക്കെ മാഞ്ഞേമാഞ്ഞുപോയി.
പക്ഷെ കുഞ്ഞുങ്ങളല്ലേ, പ്രായത്തിനൊക്കാത്ത ആ വല്യേ ശരീരോം വച്ച് എത്ര ദൂരം ഒഴുകി പോവാന് പറ്റും?. അങ്ങനെ അങ്ങനെ ഒഴുകി ഒഴുകി വയ്യാണ്ടായി ഇപ്പൊ മുങ്ങും എന്നായി. പക്ഷെ അമ്പിളി മുയലപ്പോഴും ശരവേഗത്തില് കുതിച്ചു പോവാണ്. രണ്ട് മണിക്കുട്ടികളും നീന്താന് പറ്റാതെ മുങ്ങി പൊങ്ങാന് തുടങ്ങി. ആരുണ്ട് സഹായിക്കാന്, ആരു കേള്ക്കും രാത്രി ചിലിചിലെന്നു നിലവിളിച്ചാല്. അങ്ങനെ ഇരിക്കുമ്പോ ഉണ്ടെടാ ദൂരെ ഒരു വെളിച്ചം. എന്താദ് ?, ചിലങ്ക മണികള് കണ്ണു ചിമ്മികൊണ്ട് നോക്കി, എന്താദ് ?.
ദൂരെ ദൂരെ അതാ തൊട്ടാവാടി മുള്ളോണ്ട് അമ്പുണ്ടാക്കി ഒരു മിന്നാമിന്നിപ്പട, ചുണ്ട് കൂര്‍പ്പിച്ച് ഒരു തേനീച്ചപ്പട, ചൊവചോവാന്നു തുടുത്ത ഒരു മൈലാഞ്ചിരഥത്തില്‍ മൈലാഞ്ചിക്കോട്ടയിലെ വേട്ടാളന്‍ രാജാവ് പടച്ചട്ട ഒക്കെ അണിഞ്ഞ് അങ്ങനെ വരാ, അരികില് നാക്ക് പോയ മണിക്കുഞ്ഞിനെ പൊക്കിയെടുത്ത് മുരിക്കും കുന്തം കൊണ്ട് കുറെ വണ്ട് ഭടന്മാര് . അവരുടെ ഒക്കെ മുന്നിലായി നമ്മടെ കറുകറുകറുത്ത വണ്ട് മൂപ്പന്.
വണ്ട് മൂപ്പന് കനാലില് മുങ്ങി താഴണ ചിലങ്കമണി കുഞ്ഞുങ്ങളെയും മുന്നില് നീന്തുന്ന അമ്പില് മുയലിനെയും കാണിച്ചു കൊടുത്തു. വേട്ടാളന് രാജാവ് അമ്പിളിമുയലിനെ നോക്കി മുള്ളെറിയാന് മിന്നാമിന്നിപ്പടയോട് ആജ്ഞാപിച്ചു. പിന്നാലെ പോയി കുത്താന് തേനീച്ചപ്പടയോട് പറഞ്ഞു. അവരെല്ലാം കൂടി മുയലിന്റെ പിന്നാലെ കാറ്റുപോലെ പായാന് തുടങ്ങി. അമ്പിളി മുയല് മേലാകെ മുറിഞ്ഞ്, വേറെ വഴിയില്ലാതെ ചിലങ്കമണിയുടെ ഉരുണ്ട നാക്ക് കരക്ക് ഉപേക്ഷിച്ച് ഒരു കാര്‍മുകില്‍മലയിലേക്ക് പേടിച്ചോടിപ്പോയി.
വണ്ട് ഭടന്മാരോട് കുഞ്ഞുങ്ങള്‍ക്ക് വാഴനാര് കൊണ്ടുണ്ടാക്കിയ വടം എറിഞ്ഞു കൊടുക്കാന് രാജാവ് പറഞ്ഞു. അവര് മണിക്കുട്ടികളെ വടത്തില് കുരുക്കി മുകളില് എത്തിച്ചു. വണ്ട് മൂപ്പന് താഴെ ഇറങ്ങി വന്ന് മണിനാക്കെടുത്ത് ചിലങ്കകുഞ്ഞിന്റെ വായില് വെച്ചുകൊടുത്തു. മൂന്നു കുഞ്ഞുങ്ങളും കൂടെ സന്തോഷം കൊണ്ട് പൊട്ടി കരയാന്‍ തുടങ്ങി. വേട്ടാളന്‍ രാജാവ് വണ്ട് മൂപ്പനെ നോക്കിയൊന്നു ചിരിച്ചു. പിന്നെ എല്ലാവരും കൂടി ചിലങ്കമണികളെ വാഴനാരില് തൂക്കിയെടുത്ത് തിരികെ പറന്നു.
വീട്ടിലെത്തി, പൊളിഞ്ഞ മേല്ക്കൂരയിലൂടെ കട്ടിലിലേക്ക് തിരിച്ചു കിടത്തി.
ഒന്നുമറിയാതെ ഉറങ്ങുന്ന മാമനെയും മാമിയേയും നോക്കി കണ്ണിറുക്കിക്കൊണ്ട് വേട്ടാളന്‍ രാജാവും വണ്ട് ഭടന്മാരും മിന്നമിന്നിപ്പടയും പറന്നു പോയി. ചിലും ചില്ച്ചിലും ചിലുച്ചില്ച്ചിലും വീണ്ടും ഉറങ്ങി തുടങ്ങി. കുറച്ചു നേരം ആ ഉറക്കം കണ്ടു നിന്ന് വണ്ട് മൂപ്പനും തിരികെയങ്ങനെ മൈലാഞ്ചി കോട്ടയിലേക്ക് പറന്നു പറന്നു പോയി.