രാത്രിയുമ്മക്കഥകള്‍-4 സ്വപ്‌നത്തില്‍ നിന്നും വീണ ഗുട്ടായി ഗുട്ടായി
Yakshye Kathakal
രാത്രിയുമ്മക്കഥകള്‍-4 സ്വപ്‌നത്തില്‍ നിന്നും വീണ ഗുട്ടായി ഗുട്ടായി
യക്ഷി
Friday, 30th March 2018, 4:39 pm

കുഞ്ഞികുടുക്ക ഉറക്കത്തില് ചിരിക്കണ കുട്ടികളെ കണ്ടിട്ടുണ്ടോ?

അവരെ ഉറക്കത്തില് ചിരിപ്പിക്കണോരാ ആമ മാലാഖകുഞ്ഞികള്. ജനിച്ചു വീണ കുട്ടികളുടെ സ്വപ്നങ്ങളിലേക്ക് മെടഞ്ഞതെങ്ങോലചിറകും കൊണ്ട് പറന്നു ചെന്ന് അവര്‍ക്ക് കഥകള് പറഞ്ഞു കൊടുക്കലാണ് അവരുടെ ജോലി. ഉറക്കത്തില് കുട്ടികളെന്തിനാ ചിരിക്കണേ എന്നറിയാതെ അവര്‌ടെ അച്ഛനമ്മമാരും അവരെ നോക്കിനോക്കിച്ചിരിക്കും.
ഇവരെയൊക്കെ കഥ പറയാന് പഠിപ്പിക്കണ ഒരു സ്വപ്നരാജ്യം ഉണ്ടായിരുന്നേ. അവിടെ വച്ച് ആമകുഞ്ഞികള്ക്ക് വലിയ ആമകള് ഒരുപാട് ഒരുപാട് കഥകള് പഠിപ്പിച്ചു കൊടുക്കും. ഒപ്പം തെങ്ങോല ചിറകു മെടഞ്ഞു കൊടുക്കും. എത്ര വേഗത്തില് കഥകള് പഠിക്കുന്നോ അത്ര വേഗത്തില് തെങ്ങോല മെടഞ്ഞു മുഴുവനാവും. അങ്ങനെ വലുതായി പായ കണക്കിനൊരു തെങ്ങോല ചിറക് ഉണ്ടായി വരുമ്പോ ആമ കുഞ്ഞികളെ സ്വപ്നരാജ്യത്ത് നിന്നും കഥകള് പറഞ്ഞു കൊടുക്കാന് അയച്ചു തുടങ്ങും. ആമകുഞ്ഞികള്ക്ക് സ്വപ്നങ്ങളില് നിന്നും സ്വപ്നങ്ങളിലേക്ക് മാത്രേ സഞ്ചരിച്ചിരിക്കാന് പറ്റുമായിരുന്നുള്ളൂ. എങ്ങാനും സ്വപ്നത്തിന്റെ പുറത്തേക്കിറങ്ങിയാല് അവരുടെ കൈയും കാലും മരവിച്ചു തുടങ്ങും. ഉടനെ വേറെ ഏതെങ്കിലും സ്വപ്നത്തിലേക്ക് പറന്നു പോകണം. അല്ലെങ്കില് സ്വപ്നരാജ്യത്തിലേക്ക് തിരിച്ചു പോകാന് പറ്റില്ല്യ.

കഥകള് പറയുന്ന ആമക്കുഞ്ഞികളില് ഏറ്റവും മിടുക്കനായിരുന്നു ഗുട്ടായി ഗുട്ടായി. മിനുമിനാ പുറംതോടും, വലിയ കണ്ണുകളും, നീണ്ടുനീണ്ട തെങ്ങോലചിറകും, പരന്ന ചോറ് വറ്റിന്റെ പല്ലുകളും ഉള്ള സുന്ദരക്കുട്ടന്. എത്രയെത്ര കഥകളാ ഗുട്ടായിക്ക് അറിയാ എന്നറിയോ!. ചുണ്ണാമ്പുപാടത്ത് കിളക്കാന് പോയ വെറ്റില പെണ്ണിന്റെ കഥ, ഇരുട്ട് ഉണക്കാനിടുന്ന ഹാങ്ങറുകളുടെ കഥ, വട്ടചീര്‍പ്പ് പറക്കാന് പഠിച്ച കഥ, അങ്ങനെ അങ്ങനെ…

ഒരിക്കെ പുഴയോരത്തുള്ള ഒരു കുടിലില് ഒരു ട്യൂബ് ലൈറ്റ് വാവയെ കഥ പറഞ്ഞു ചിരിപ്പിക്കാന് പോയ ഗുട്ടായി കൊച്ചിന് ഒരു അക്കിടി പറ്റി. എന്താന്നോ?!.
ട്യൂബ് ലൈറ്റ് വാവേടെ സ്വപ്നത്തിലെത്തിയ ആമക്കുഞ്ഞി തോള് കഴച്ചതുകൊണ്ട് അവിടെയൊരു താഴ്‌വരേല് തെങ്ങോല ചിറക് അഴിച്ചു വെച്ചേ. പിന്നെ ഒരു മരത്തില് ചാരി ഇരുന്ന്, പറക്കുന്ന മലകളെ കാറ്റ് ഇക്കിളിപെടുത്തണ കഥ പറഞ്ഞുതുടങ്ങി. കഥ പകുതിയായതും ഓരോ മലകളായി അങ്ങനെ ചിരിക്കാ. ചിറകിന്റെ ഇടയിലൂടെ കെടന്ന് കാറ്റ് ഇക്കിള്യാക്കുന്നു, മലോള് കുലുങ്ങി ചിരിക്കുന്നു.

ആ ചിരികണ്ട് വാവയും മെല്ലെ ചിരിക്കാന് തുടങ്ങി. എന്നാല് പെട്ടെന്നുണ്ടെഡാ വല്ലാതെ ഇക്കിളിയായ ഒരു മല ദേഷ്യപ്പെട്ട് കാറ്റിന്റെ കഴുത്തിനു പിടിച്ച് ദൂരേക്കെറിഞ്ഞ് തൊണ്ടപൊട്ടുമാറ് അലറി വിളിക്കുന്നു. വലിയ ഒച്ചയാ. ആമ കുഞ്ഞി ഞെട്ടിപ്പോയി. ഇതെന്താണിപ്പോ ഇതുവരെ ഇല്ല്യാത്ത ഒരു സംഭവാലോ. ആമക്കുഞ്ഞി മലയെ അടക്കി നിര്‍ത്താന് വേണ്ടി കുതിച്ചു. പക്ഷെ പേടിച്ചു പോയ വാവ ഉണര്‍ന്നു. വാവേടെ വയറ്റില് വെളിച്ചം തെളിഞ്ഞു.

റ്റ്റ്റ്രൂറ്റ്റ്റ്രൂ ന്നു ഉറക്കെ ഉറക്കെ കരയാന് തുടങ്ങി. മലയുടെ അടുത്തെത്തും മുമ്പേ വാവയുടെ കണ്ണീരിലൂടെ ഒഴുകി ആമക്കുഞ്ഞി സ്വപ്നത്തില് നിന്നും പുറത്തേക്ക് വീണു.
ആമക്കുഞ്ഞി ചുറ്റും നോക്കി. എവട്യാ ഇത് ? യാതൊരു പരിചയവുമില്ലല്ലോ. ആമകുഞ്ഞിയുടെ കണ്ണിലും ഇരുട്ട് കയറി തുടങ്ങി. സ്വപ്നത്തിന്റെ പുറത്തെത്തിയിരിക്കുന്നു. അപകടമാണ്. ഇനി ഏതു നിമിഷോം കൈയും കാലും മരവിച്ചു തുടങ്ങാം. പെട്ടെന്ന് തന്നെ ആരുടെയെങ്കിലും സ്വപ്നത്തിലേക്ക് പറന്നു പോകണം. പെട്ടെന്നാണ് കുഞ്ഞി ചുമല് തപ്പി നോക്കിയത്. അയ്യോ. തെങ്ങോല ചിറക് വാവേടെ സ്വപ്നത്തില് അഴിച്ചു വെച്ചിരിക്കയല്ലേ??.

ചാടി എണീറ്റ ആമക്കുഞ്ഞി എന്ത് ചെയ്യണമെന്നറിയാതെ വിരണ്ടുപോയി. കുട്ടി ഞെട്ടി എണീറ്റിരിക്കുന്നു, തെങ്ങോലചിറകാണേല് ഉള്ളില് പെട്ടുപോയിരിക്കുന്നു. ഉണര്ന്നു നിലവിളിക്കുന്ന വാവയുടെ സ്വപ്നത്തിലേക്ക് എങ്ങനെ തിരിച്ചു പോവാനാണ്?. വാവയുടെ ശബ്ദം കേട്ട് അച്ഛനും അമ്മയും ഉണര്ന്നു. എല്ലാവരുടേം വയറ്റില് ചിമ്മി ചിമ്മി വെളിച്ചം തെളിഞ്ഞു. ആമക്കുഞ്ഞി മെല്ലെ കട്ടിലില് നിന്നും നിരങ്ങിയിറങ്ങി കട്ടില് കാലിന്റെ പിന്നില് ഒളിച്ചു.
കട്ടില് കാലും ചാരി ഇരുന്ന് കുഞ്ഞി ആലോചിച്ചു. വാവേടെ സ്വപ്നത്തില്‌പ്പെട്ട തെങ്ങോല ചിറക് എങ്ങനെയാ തിരിച്ചെടുക്കുക?, എങ്ങനെയാ ഇനി നാട്ടിലേക്ക് തിരികെ പറന്നു പോവുക?. തന്റെ കൈയ്യിന്നു വന്ന പിഴയാണ്. കാറ്റിനെ അടക്കി നിര്‍ത്തണമായിരുന്നു. മലയെ ഇത്രയുറക്കെ ഒച്ചയെടുക്കാന് സമ്മതിക്കരുതായിരുന്നു. ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

ഉണര്‍ന്ന ട്യൂബ് ലൈറ്റ് അമ്മ വാവേനെ കൈയ്യിലെടുത്തു. കൈയ്യിലിട്ട് ആട്ടിക്കൊണ്ട് റ്റുരുറ്റുരൂ റ്റുരുറ്റുരൂ ന്ന് ആശ്വസിപ്പിച്ചോണ്ടിരുന്നു. തടിച്ചു കൊഴുത്ത ട്യൂബ് ലൈറ്റ് അച്ഛന് ഉറക്ക ചടവോടെ അരികില് ഇതും നോക്കികൊണ്ട് നിന്നു. പക്ഷെ എന്ത് ചെയ്തിട്ടും കുട്ടി കരച്ചില് നിര്‍ത്തുന്നില്ല. ട്യൂബ് ലൈറ്റ് അച്ഛന് കുട്ടിയെ കൈയ്യിലെടുത്തു. വയറ്റിലെ വെളിച്ചം മിന്നിച്ച് മിന്നിച്ച് കുട്ടിയെ ചിരിപ്പിക്കാന് നോക്കി, സ്റ്റാര്ട്ടറുപൂത്തിരി കാണിച്ച് കാണിച്ച് കരച്ചില് നിര്‍ത്താന് നോക്കി, ഒന്നും രക്ഷയില്ല. കുട്ടി എന്തോ കണ്ട് വല്ലാതെ പേടിച്ചു പോയിട്ടുണ്ട്.

അമ്മയ്ക്കും അച്ഛനും എന്ത് ചെയ്യണമെന്നു നിശ്ചയമില്ലാതെയായി. കുഞ്ഞിയും ആകെ വല്ലാണ്ടായി. വാവ എത്രയും പെട്ടെന്ന് ഉറങ്ങണം, അല്ലെങ്കില് സ്വപ്നരാജ്യത്തിലേക്ക് തിരിച്ചു പോവാനാകാതെ ഇവിടെ കിടന്ന് മരവിച്ചു ചാവും. ആരെയാണ് ഒന്ന് സഹായത്തിനു വിളിക്കുക?. ആമക്കുഞ്ഞി കട്ടിലിന്റെ അടിയില് നിന്നും നിരങ്ങി നീങ്ങി പുറത്തേക്കു കടന്നു. പുറത്താകെ ഇരുട്ടാണ്. കുഞ്ഞി ദേഹമൊന്നു കുടഞ്ഞു. മിനുമിനുത്ത പുറംതോട് പച്ച നിറത്തില് തിളങ്ങിത്തുടങ്ങി. കുഞ്ഞി മുന്നിലേക്ക് നടന്നു. ട്യൂബ് ലൈറ്റ് വാവയുടെ കരച്ചില് നല്ല ഉച്ചത്തില് ഇപ്പോഴും കേക്കുന്നുണ്ട്.

വഴിയില് ആദ്യം കണ്ടത് ഒരു ഉണക്കയില തിരിഞ്ഞു കളിക്കുന്നതാണ്. പറന്നു പറന്നു മേലേ പോകുന്നു, തിരിഞ്ഞു തിരിഞ്ഞു താഴെ വീഴുന്നു, വീണ്ടും പറന്നു പറന്നു മേലേ പോകുന്നു, തിരിഞ്ഞു തിരിഞ്ഞു താഴെ വീഴുന്നു. ആമക്കുഞ്ഞി കുറച്ചു നേരം ഇതങ്ങനെ നോക്കികൊണ്ട് നിന്നു. എന്നിട്ട് വിളിച്ചു ചോദിച്ചു ഉണക്കയിലേ, ഒരു സഹായം ചെയ്യാമോ?. ഉണക്കയില തിരിച്ചിലൊന്നു നിര്‍ത്തി. ആമ കുഞ്ഞി ഉണ്ടായത് മൊത്തം പറഞ്ഞു കേള്‍പ്പിച്ചു. “ഞാനൊന്ന് പോയി നോക്കട്ടെ” എന്നും പറഞ്ഞ് ഉണക്കയില വാവേടെ വീട് നോക്കി തിരഞ്ഞു പറന്നു പോയി. ആമക്കുഞ്ഞി വീണ്ടും മുന്നിലേക്ക് നടന്നു. അപ്പൊ ഉണ്ടെടാ അതാ മുമ്പിലൊരു ആല്‍മരം. അത് താഴേക്ക് നീണ്ടു വളര്‍ന്ന വള്ളികളില് കുറെ പുഴമീനുകളെ ഇരുത്തി കറക്കി അമ്യൂസ്‌മെന്റ് പാര്‍ക്ക് കളിക്കാ.

ആമക്കുഞ്ഞി അവരുടെ അടുത്തെത്തി ചോദിച്ചു. ആല്‍മരമൂപ്പരെ, ഒരു സഹായം ചെയ്യോ. എന്നിട്ട് സംഭവിച്ചതെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ആല്‍മരമൂപ്പരും പുഴമീനുകളും തലയാട്ടിക്കൊണ്ട് വാവേടെ വീടും തിരഞ്ഞു നടന്നു തുടങ്ങി. ഇവര്‍ക്കും വാവേനെ ഉറക്കാന് പറ്റിയില്ലെങ്കിലോ?. കുഞ്ഞിക്ക് പേടിയായി. കുറച്ചു കൂടി മുന്നോട്ടു പോകാന് തീരുമാനിച്ചു. പക്ഷെ വലത്തേകാല് മരവിച്ചു തുടങ്ങിയിരിക്കുന്നു. ആമക്കുഞ്ഞി ആവുന്നത്ര വേഗത്തില്‍ മുന്നോട്ടു നടന്നു. അങ്ങനെ പോകുമ്പോ അതാ മരത്തിലും വള്ളികളിലും ഒക്കെ നിറം തേച്ച് പിടിപ്പിച്ചിരിക്കുന്നു. പുഴയോക്കെ നിറം തേച്ച് ഒഴുകാ, ഇലകളൊക്കെ മഞ്ഞള് തേച്ച് നില്‍ക്കുന്നു.

നോക്കുമ്പോ ഉണ്ടെടാ കുറെ പൂമ്പാറ്റകള് അങ്ങനെ വരാ. അവര്‍ ഹോളി കളിക്കാണേ. ചിറകില് നിന്നും നിറങ്ങള് തോണ്ടിയെടുത്ത് കണ്ണില് കാണുന്നതിലെല്ലാം തേക്കാ. ആമക്കുഞ്ഞിയെ കണ്ട് നിറം തേക്കാന് അവരെല്ലാരും കൂടെ ഓടിയടുത്തു. പക്ഷെ സങ്കടപ്പെട്ടു നില്‍ക്കുന്ന ആമക്കുഞ്ഞിയെ കണ്ടപ്പോള് അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്നു മനസിലായി. അവര് എല്ലാം ചോദിച്ചു മനസിലാക്കി, ഒന്നും പേടിക്കണ്ട എന്നും പറഞ്ഞ് വാവേടെ വീടിരിക്കുന്ന ദിക്കിലേക്ക് പറന്നു പോയി.
അപ്പോഴേക്കും കുഞ്ഞിയുടെ രണ്ട് കാലുകളും തളര്‍ന്നു പോയിരുന്നു. കുഞ്ഞി തിരിച്ചു പോകാന് തീരുമാനിച്ചു. എന്താണുണ്ടാവുക. സ്വപ്നരാജ്യത്തേക്ക് തിരിച്ചു പോകാനാവാതെ ഇവിടെ കിടന്ന് മരിച്ചു പോകുമോ. ആമ കുഞ്ഞി കൈകുത്തി നിരങ്ങി നിരങ്ങി വാവേടെ വീട്ടിലേക്കങ്ങനെ പോവാ.

അങ്ങനെ ഗുട്ടായി ഗുട്ടായി ട്യൂബ് ലൈറ്റ് വാവേടെ വീട്ടിനു മുന്നിലെത്തി. ഒന്ന് ചെവിയോര്‍ത്തു. വാവേടെ കരച്ചിലോന്നും കേള്ക്കാനില്ല. ഉറങ്ങിക്കാണുമോ?. മെല്ലെ ഉള്ളിലേക്ക് നിരങ്ങി കയറി. കയറിയപ്പോഴുണ്ടെടാ.. ഗുട്ടായി ആകെ കണ്ണു തള്ളി നിന്ന് പോയി. പൂമ്പാറ്റകള് വീടാകെ നിറം പൂശിയിരിക്ക്യാ. ചുമരിലും നിലത്തും ട്യൂബ് ലൈറ്റ് അച്ഛന്റേം അമ്മേടേം വയറ്റിലും എല്ലാം. ആല്‍മര മൂപ്പര്‍ വള്ളികള് കൊണ്ട് ഒരു തൊട്ടിലുണ്ടാക്കി വാവേനെ അതിലിട്ട് ആട്ടിക്കൊണ്ടിരിക്കുന്നു. പുഴമീനുകള് ചിറകിട്ടടിച്ചു താരാട്ട് പാടുന്നു, ഉണക്കയില തൊട്ടിലിന്റെ മേലെ പറന്നും കറങ്ങിയും വാവയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു.

അച്ഛനും അമ്മയും പൊട്ടിച്ചിരിച്ച് ഇതെല്ലാം നോക്കി നില്ക്കുന്നു. ഇതൊക്കെ കണ്ട് ഗുട്ടായിടെ കണ്ണില് നിന്നും കുടുകുടാ കണ്ണീരൊഴുകാന് തുടങ്ങി. യാതൊരു പരിചയവും ഇല്ലാത്ത ഗുട്ടായിയെ സഹായിക്കാന് വേണ്ടിയാണല്ലോ ഇവരെല്ലാം ഇങ്ങനെ.. ആമക്കുഞ്ഞിയെ കണ്ടതും പൂമ്പാറ്റ കൂട്ടം പറന്നിറങ്ങി പുറത്തും മുഖത്തും എല്ലാം നിറങ്ങള് തേച്ചു. പിന്നെ പൊക്കിയെടുത്ത് ആല്‍മരമൂപര്‌ടെ വള്ളിതൊട്ടിലിന്റെ മുകളിലെത്തിച്ചു. ആമക്കുഞ്ഞി വാവയെ ഒന്ന് കണ്ടു. കുഞ്ഞു കുഞ്ഞു ടൂബ് ലൈറ്റ് വാവ. ഈര്‍ക്കില്‍ പോലത്തെ ചെവികളാണേ, തലേല് വെള്ളീടെ തലേക്കെട്ടും കാലില് കിലുകിലാ പാദസരോം ഉണ്ടേ. വെളിച്ചമൊക്കെ മങ്ങി അങ്ങനെ അങ്ങനെ ഉറങ്ങിതുടങ്ങാ പാവം.

ആമക്കുഞ്ഞി സന്തോഷത്തോടെ എല്ലാവരെയും ഒന്ന് നോക്കി. മെല്ലെ ആല്‍മര മൂപ്പരേയും എല്ലാവരോടും യാത്ര പറഞ്ഞ് ഗുട്ടായി ഗുട്ടായി ഒരു കടുകുമണിയോളം ചെറുതായി വാവേടെ നുണകുഴി വഴി സ്വപ്നത്തിലേക്ക് നടന്നു. അവിടെ എത്തി ചുറ്റും ഒന്ന് പരത്തി. അതാ തെങ്ങോലചിറക് കേടൊന്നും പറ്റാതെ അവിടെ തന്നെ ഇരിക്കുന്നുണ്ട്. കുറച്ചു കണ്ണീരു നനഞ്ഞിട്ടുണ്ടെന്നു മാത്രം.ആമക്കുഞ്ഞി അതെടുത്തണിഞ്ഞു. ദൂരെ കാറ്റും മലകളും എല്ലാം സങ്കടപ്പെട്ടു നില്ക്കാണ്. അവര്‍ കാരണമല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്.

ഗുട്ടായിയെ കണ്ടതും അവരൊക്കെയും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഗുട്ടായി അവരെപ്പോയി കെട്ടിപിടിച്ചു. പിന്നെ എല്ലാവരും കൂടെ വട്ടത്തില് കൈപിടിച്ച് നിന്ന് കറങ്ങി ഡാന്‍സു കളിച്ചു. ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്. ഇതുകണ്ട് വാവയും ഉറക്കത്തില് മെല്ലെയങ്ങനെ ചിരിക്കാന് തുടങ്ങി. വയറ്റില് ഒരു കുഞ്ഞുകുഞ്ഞ്യേ വെളിച്ചം മിന്നി. ഉണക്കയിലയും മീനുകളും പൂമ്പാറ്റകളും ട്യൂബ്ലൈറ്റ് അച്ഛനും അമ്മയും വാവ ചിരിക്കുന്നതും നോക്കി സന്തോഷത്തോടെ നിന്നു.