നാഗ്പൂര്‍: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി. രാവിലെ 6.35 ന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ നല്‍കിയ രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെയാണ് രാവിലെ വധശിക്ഷ നടപ്പാക്കിയത്.
യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ദയാഹര്‍ജി സുപ്രീം കോടതി പുലര്‍ച്ചെ 5 മണിക്ക് തള്ളിയതിനു പിന്നാലെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. സുപ്രീം കോടതി അവസാനഘട്ടം വാദം നടക്കുന്ന സമയത്തു തന്നെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷാ നടപടികള്‍ തുടങ്ങിയിരുന്നു.
ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി. പന്ദ്, ജസ്റ്റിസ് അമിത്വ റോയി എ്ന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മേമന്‍ അവസാനശ്രമമെന്ന നിലയില്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
കോടതിയില്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ വ്യാഴാഴ്ച്ച പുലര്‍ച്ചെ 3.30 ന് മേമനെ ജയിലധികൃതര്‍ വിളിച്ചുണര്‍ത്തുകയും പുതിയ വസ്ത്രം നല്‍കി ചൂട് വെള്ളത്തില്‍ കുളിക്കാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് നമസ്‌കരിക്കാനനുവദിക്കുകയും ഖുറാന്‍ പാരായണത്തിന് അനുവാദം നല്‍കുകയും ചെയ്തു.
വധശിക്ഷ ജീവപര്യന്തരമായി മാറ്റണമെന്നാവശ്യപ്പെട്ട് മേമന്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ച ദയാഹര്‍ജി ബുധനാഴ്ച അദ്ദേഹം തള്ളിയിരുന്നു. വധശിക്ഷ സ്റ്റേ ചെയ്യണമെന്നും മരണ വാറണ്ട് തള്ളണമെന്നും ആവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു.
എന്നാല്‍ ദയാഹര്‍ജിയുമായി മേമന്റെ അഭിഭാഷകര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ സുപ്രീം കോടതിയിലെ സീനിയര്‍ രജിസ്റ്റാര്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ വസതിയില്‍ ചെയ്യുകയും യാക്കൂബ് മേമന്റെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തുകയും പുലര്‍ച്ചെ 3.20ന് സുപ്രീം കോടതിയില്‍ പ്രത്യേക വാദംകേള്‍ക്കല്‍ നടക്കുകയും ചെയ്തു.
വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ ശിക്ഷ നടപ്പിലാക്കാന്‍ 14 ദിവസം താമസിപ്പിക്കണമെന്ന് യാക്കൂബിനുവേണ്ടി അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ വാദിച്ചു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്യാനുള്ള അവകാശം മേമനുണ്ട്. മേമന്‍ രണ്ടാമതായി സമര്‍പ്പിച്ച ദയാഹര്‍ജി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രാഷ്ട്രപതി തള്ളി. ഇത്രയും ചെറിയ സമയത്തിനുള്ളില്‍ എങ്ങനെയാണ് രാഷ്ട്രപതി ഇത്തരമൊരു നിലപാട് സ്വീകരിക്കുകയെന്നും മേമന്റെ അഭിഭാഷകന്‍ വാദിച്ചു.
ദയാഹര്‍ജി തള്ളിയ ഉടനെ അടുത്തുള്ള നിയമവൃത്തങ്ങളില്‍ ഇക്കാര്യം അറിയിക്കണം. എന്നാല്‍ രാത്രി ഹര്‍ജി തള്ളിയതിനാല്‍ ഇതു ചെയ്തില്ല. ദയാഹര്‍ജി തള്ളിയതിന്റെ കോപ്പി കുറ്റവാളിക്കു നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ മേമന്‍ വ്യവസ്ഥിതിയെ അവഹേളിക്കാന്‍ ശ്രമിക്കുകയാണെന്ന് ദയാഹര്‍ജിയെ എതിര്‍ത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹത്ഗി അഭിപ്രായപ്പെട്ടു. പത്തുമണിക്കൂര്‍ മുമ്പ് മൂന്ന് ജഡ്ജിമാരും അംഗീകരിച്ച മരണ വാറണ്ട് തള്ളാനാവില്ലെന്നും എ.ജി അറിയിച്ചു.
മേമന്റെ വധശിക്ഷ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെല്ലാമെന്നും എ.ജി കോടതിയെ അറിയിച്ചു. മേമന്റെ ദയാഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുവാദങ്ങളും കേട്ട കോടതി മേമന്റെ അപേക്ഷ തള്ളി. ആദ്യ ദയാഹര്‍ജി തള്ളിയതിനു ശേഷം മേമന് ആവശ്യത്തിനു അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു.
ആദ്യ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനു കോടതിക്കു മുമ്പാകെ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പുലര്‍ച്ചെ 5.5 ഓടെ കോടതി നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രതി രണ്ട് തവണ ദയാഹര്‍ജി സമര്‍പ്പിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയായിരുന്നു മേമന്‍ രാഷ്ട്രപതിക്ക് ഹര്‍ജി നല്‍കിയിരുന്നത്.
രാഷ്ട്രപതിക്ക് സമര്‍പ്പിച്ച രണ്ടാം ദയാഹര്‍ജി നിലനില്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ഉപദേശം നല്‍കിയതിനെത്തുടര്‍ന്നാണ് രാഷ്ട്രപതിയുടെ നടപടിയെന്നാണ് സൂചന. ദയാഹര്‍ജി നേരത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. രാത്രി വൈകി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നാഗ്പൂര്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജയില്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേമന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്തുകയാണെങ്കില്‍ മൃതദേഹം വിട്ടുനല്‍കാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.