| Tuesday, 23rd April 2013, 12:30 am

പൊന്‍കുരിശും സ്വര്‍ണക്കൊടിമരവും നിരോധിക്കണം : യാക്കോബായ സഭയുടെ ഇടയലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: പള്ളികളില്‍ നിന്നു പൊന്‍വെള്ളിക്കുരിശുകളും സ്വര്‍ണക്കൊടിമരവും ഒഴിവാക്കണമെന്നും ലാളിത്യത്തിന്റെ പ്രതീകമായ തടിക്കുരിശ് ഉപയോഗിക്കണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ ഇടയലേഖനം.

സ്വര്‍ണക്കൊടിമരങ്ങള്‍ കര്‍ശനമായും നിരോധിക്കണം. പൊന്‍, വെള്ളിക്കുരിശുകള്‍ നിര്‍ത്തലാക്കി സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ലേഖനത്തില്‍ പറയുന്നു. []

ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ കൂറിലോസ് തയാറാക്കിയ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചു. െ്രെകസ്തവര്‍ക്കിടയിലെ ആര്‍ഭാടവും ആഡംബരവും മദ്യപാനശീലവും നിശിതമായി വിമര്‍ശിക്കുന്നതാണ് ലേഖനം.

ആര്‍ഭാടസംസ്‌കാരം ചെറുക്കാന്‍ പള്ളികളില്‍ അനാവശ്യവും ധൂര്‍ത്ത് നിറഞ്ഞതുമായ കരിമരുന്ന് പ്രയോഗങ്ങള്‍, ദീപാലങ്കാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം.

ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ദീര്‍ഘമായ റാസകള്‍ ഒഴിവാക്കണം. പുതിയ ദേവാലയങ്ങള്‍ പണിയുമ്പോള്‍ ഇടവകാംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വലുപ്പം മതി.

കുരിശടികളുടെ നിര്‍മാണത്തില്‍ ലാളിത്യം പാലിക്കണം. മദ്യപിക്കുന്നവര്‍ ഇനിമുതല്‍ ഇടവക ഭരണസമിതിയംഗങ്ങളായോ താക്കോല്‍ സ്ഥാനികളായോ തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരായിരിക്കും.

ഇതിനു വിരുദ്ധമായി ആരെങ്കിലും അത്തരം സ്ഥാനങ്ങളിലേക്ക് വന്നാല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇടയലേഖനത്തില്‍ മെത്രാപ്പോലീത്ത തുടര്‍ന്നു പറയുന്നു.

We use cookies to give you the best possible experience. Learn more