| Friday, 25th October 2024, 11:12 pm

'ശത്രുബന്ദികളെ സംരക്ഷിക്കണം'; ഹമാസ് പോരാളികള്‍ക്ക് യഹ്‌യ സിനവാറിന്റെ കുറിപ്പ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഹമാസ് നേതാവ് യഹ്‌യ സിനവാറിന്റ ഒസ്യത്ത് പുറത്ത് വിട്ട് ഫലസ്തീന്‍ പത്രം. ഹമാസ് തടവില്‍ വെച്ച ഇസ്രഈല്‍ ബന്ദികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഉള്ളടക്കമാണ് പത്രത്തില്‍ ഉള്ളത്. സിനവാറിന്റെ കൈയെഴുത്തുള്ള മൂന്ന് കുറിപ്പാണ് പത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ ബന്ദികളെ സംരക്ഷിക്കണമെന്ന് സിനവാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗസയിലെ വിവിധഭാഗങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട ഇസ്രഈല്‍ ബന്ദികളുടെയും സൈനികരുടെയും പേര് വിവരങ്ങളും കുറുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അല്‍ അര്‍ഖാം കമ്മേഴ്ഷ്യല്‍ പ്രിന്റിംഗ് കമ്പനി എന്ന പേരിലുള്ള കമ്പനിയുടെ ഡയറിയിലാണ് സിനവാര്‍ നിര്‍ദ്ദേശങ്ങള്‍ എഴുതി വെച്ചിരിക്കുന്നത്. ഹമാസ് പോരാളികളെ അഡ്രസ്സ് ചെയ്താണ് നിര്‍ദ്ദേശം. യുദ്ധമുന്നണിയില്‍ സ്വീകരിക്കുന്ന മര്യാദകളെ സംബന്ധിക്കുന്ന ഖുര്‍ആനിലെ മുഹമ്മദ് എന്ന അധ്യായത്തിലെ സൂക്തങ്ങളാണ് ഡയറിയില്‍ ഉള്ളത്. കനത്ത നാശം വിതച്ച ശേഷം നഷ്ടപരിഹാരമോ മോചനദ്രവ്യവും വാങ്ങാതെ അവരെ വിട്ടയക്കുക അല്ലെങ്കില്‍ മോചനത്തിന് പകരം മറ്റെന്തെങ്കിലും വാങ്ങിയശേഷം വെറുതെ വിടുക എന്നുമാണ് പറയുന്നത്.

പിന്നീടാണ് ബന്ദികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സിനവാര്‍ പോരാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ജീവന്‍ കാത്തു രക്ഷിക്കണമെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഫലസ്തീനിലെ ജനങ്ങളുടെ അവസ്ഥ കാണിക്കുന്ന സമ്മര്‍ദ്ദ കാര്‍ഡുകള്‍ അവരെ കാണിക്കണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് . ബന്ദികളെ സംരക്ഷിക്കാതെ നമ്മുടെ മോചനം സാധ്യമല്ല എന്നും സിനവാര്‍ തന്നെ കുറിപ്പില്‍ പറയുന്നുണ്ട്.

സിനവാറുടെ കുറിപ്പില്‍ ഹമാസിന്റെ തടവില്‍ 60 വയസ്സിനു മുകളില്‍ അഞ്ചുപേര്‍ ഉണ്ടെന്നും 60 വയസ്സുള്ള പത്തുപേരും മൂന്നു സൈനികരും 40 വയസ്സിന് താഴെയുള്ള മൂന്ന് സ്ത്രീകള്‍ ഉണ്ടെന്നും 40തിനു മുകളിലുള്ള നാല് സ്ത്രീകളുണ്ടെന്നും പറയുന്നു.

പിന്നീട് മധ്യഗസസയിലും റാഫയിലുമുള്ള തടവുകാരുടെയും സൈനികരുടെയും വിവരം വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഈ കുറിപ്പുകള്‍ എവിടെ നിന്നാണ്‌ കിട്ടിയതെന്ന് കാര്യത്തില്‍ അല്‍ ഖുദ്‌സ് വെളിപ്പെടുത്തിയിട്ടില്ല. ഈ കുറിപ്പുകള്‍ ഒരു വര്‍ഷം മുന്‍പ് എഴുതിയതാണെന്ന തരത്തില്‍ ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Yahya Sinawar message to soldiers

We use cookies to give you the best possible experience. Learn more